| Wednesday, 20th August 2014, 6:03 pm

നില്‍പ്പ് സമരത്തിന്റെ പ്രൊഫൈല്‍ ചിത്രം ഫേസ്ബുക്കില്‍ വൈറലാവുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗോത്രമഹാ സഭയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ആദിവാസികള്‍ നടത്തിവരുന്ന ##നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രൊഫൈല്‍ ചിത്രം ഫേസ്ബുക്കില്‍ വൈറലാവുന്നു. സമരത്തെ സോഷ്യല്‍ മീഡിയ ശക്തമായി പിന്തുണയ്ക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്.

ഇന്നലെ രാത്രിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ചിത്രം ഇതിനോടകം ഫേസ്ബുക്കിലെ മലയാളികള്‍ തങ്ങളുടേതാക്കി മാറ്റിയിരിക്കുന്നു. ഇപ്പോള്‍ പ്രോഫൈല്‍ ഫോട്ടോ നോക്കി ആരെന്ന് വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം ചിത്രം വ്യാപിച്ചിരിക്കുകയാണ്.

സമരത്തോട് യു.ഡി.എഫ് സര്‍ക്കാര്‍ മൗനം പാലിക്കുന്നതിനെതിരെ ഫേസ്ബുക്കില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ചിത്രം വൈറലായിരിക്കുന്നത്.

[]ഗോത്രമഹാസഭ സമരം ആരംഭിച്ചിട്ട് 44 ദിവസമായിരിക്കുന്നു. 2001ല്‍ ആദിവാസികള്‍ നടത്തിയ കുടില്‍ കെട്ടി നടത്തിയ സമരത്തിന്റെ ഒത്തുതീര്‍പ്പില്‍ ആന്റണി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനാണ് യു.ഡി.എഫ് സര്‍ക്കാരിനോട് സമരക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതുവരെയും ഔദ്യോഗികമായി സര്‍ക്കാര്‍ സമരത്തോട് പ്രതികരിച്ചിട്ടില്ല.

ഈ പശ്ചാത്തലത്തിലാണ് ഫേസ്ബുക്കുള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് വാളിലും പ്രതിഷേധക്കാര്‍ വിമര്‍ശനശരങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. കല്‍പ്പറ്റയില്‍ ആദിവാസികള്‍ക്കായി നിര്‍മ്മിച്ച ഫ്‌ളാറ്റ് ഉദ്ഘാടനം ചെയ്തവാര്‍ത്ത ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ വിമര്‍ശനം ശക്തമായി. ഫ്ളാറ്റ് നിര്‍മ്മിച്ചു നല്‍കുന്നതിനും മുന്നോടിയായി ആദിവാസികള്‍ക്ക് ഭൂമി നല്‍കു എന്നാണ് പോസ്റ്റില്‍ വന്ന കമെന്റുകളെല്ലാം ആവശ്യപ്പെട്ടത്.

ഇപ്പോള്‍ ഫേസ്ബുക്കിന്റെ ചുവരുകള്‍ നിറയെ നില്‍പ്പ് സമരത്തിന്റെ അനുകൂല പ്രൊഫൈല്‍ ചിത്രത്തിന്റെ ചുവപ്പും കറുപ്പു നിറങ്ങള്‍ മാത്രമേയുള്ളു.

We use cookies to give you the best possible experience. Learn more