ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്റ്റിം കാര്‍ഡ് ഇറക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. നീറ്റ് പേപ്പര്‍ ചോര്‍ച്ച, രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്, 2016ലെ നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി രാജ്യത്തോട് തീര്‍ച്ചയായും മാപ്പ് പറയണമെന്നും ജയറാം രമേശ് പറഞ്ഞു.
തന്നെ അധിക്ഷേപിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കുന്നുവെന്ന് പറഞ്ഞ് കൊണ്ട് മോദി പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെയായിരുന്നു ഓരോ വിഷയവും എണ്ണി പറഞ്ഞ് കൊണ്ടുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം.
‘സ്വയം പ്രഖ്യാപിത നോണ്‍ ബയോളജിക്കല്‍ പ്രധാനമന്ത്രി വിക്ടിം കാര്‍ഡ് കളിക്കുന്നത് തുടരുകയാണ്. തന്റെ മുന്‍ഗാമികള്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കുമെതിരെ അദ്ദേഹം അധിക്ഷേപങ്ങള്‍ അഴിച്ചുവിടുന്നു. പൊതുയോഗങ്ങളിലെ പ്രസംഗങ്ങളില്‍ മാത്രമല്ല, പാര്‍ലമെന്റില്‍ പോലും അവരെ അപമാനിക്കാന്‍ അദ്ദേഹം അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നു. പാര്‍ലമെന്റിനകത്തും പുറത്തും മോശം വാക്കുകള്‍ ഉപയോഗിക്കുന്ന ഒരു കൂട്ടം അധിക്ഷേപകരെ തുറന്നുവിട്ട് അവര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുകയാണ് മോദി ചെയ്യുന്നത്,’ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ച കാരണവും ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയ പൊലീസ് അതിക്രമങ്ങള്‍ മൂലവും ലക്ഷക്കണക്കിന് യുവാക്കള്‍ അനുഭവിച്ച മാനസിക വിഷമങ്ങള്‍ക്ക് പ്രധാനമന്ത്രി രാജ്യത്തോട് മാപ്പുപറയണമെന്ന് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
2020 ഫെബ്രുവരി 5 ന് ലോക്സഭയില്‍ അദ്ദേഹം തന്നെ പ്രഖ്യാപിച്ച രാമക്ഷേത്ര ട്രസ്റ്റിന്റെ സംഭാവന തട്ടിപ്പില്‍ പ്രധാനമന്ത്രി മാപ്പുപറയുന്നതിനായി രാജ്യം കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കോടിക്കണക്കിന് ആളുകളുടെ ജീവന ഉപാധികള്‍ തകര്‍ക്കുകയും ലക്ഷക്കണക്കിന് എം.എസ്.എം.ഇ സ്ഥാപനങ്ങള്‍ പൂട്ടിക്കുകയും ചെയ്ത 2016 നവംബര്‍ 8-ലെ ‘തുഗ്ലക് പരിഷ്‌കാരമായ’ നോട്ടുനിരോധനത്തിന് പ്രധാനമന്ത്രിയുടെ മാപ്പപേക്ഷ രാജ്യം ഇപ്പോഴും പ്രതീക്ഷിക്കുന്നു. ഈ പട്ടിക അവസാനിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.
ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ തനിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചെന്ന് ആരോപിക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പുനല്‍കിയെന്നും ശിക്ഷിക്കുന്നതിന് പകരം അവരെ നേര്‍വഴിക്ക് നയിക്കുകയാണ് വേണ്ടതെന്നും പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് ജയറാം രമേശിന്റെ പ്രസ്താവന.
‘യുവാക്കള്‍ക്ക് മാപ്പുനല്‍കി എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിന്റെ ഭരണത്തിന് കീഴില്‍ ദുരിതമനുഭവിക്കുകയും അദ്ദേഹത്തോട് മാപ്പപേക്ഷ ആവശ്യപ്പെടുകയും ചെയ്യുന്ന ഈ രാജ്യത്തോടും യുവാക്കളോടുമുള്ള അപമാനമാണിത്. പ്രധാനമന്ത്രിയുടെ ഇന്‍സ്റ്റാഗ്രാം സഭകള്‍ക്ക് ആരെയും വഞ്ചിക്കാന്‍ കഴിയില്ല,’ എന്ന് വ്യക്തമാക്കി.
Content Highlight: The Prime Minister is playing the victim card; his Instagram sessions cannot fool anyone: Jairam Ramesh.