| Friday, 6th June 2025, 10:38 pm

ഗസയില്‍ പാര്‍ലെജിയുടെ വില 2342 രൂപ, എന്നിരുന്നാലും അവള്‍ക്കിഷ്ടപ്പെട്ട ട്രീറ്റ് നിഷേധിക്കാനായില്ല; മകള്‍ക്കൊപ്പമുള്ള ഫലസ്തീന്‍ യുവാവിന്റെ പോസ്റ്റ് ചര്‍ച്ചയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയിലെ ഭക്ഷ്യക്ഷാമം തുറന്നുപറഞ്ഞ ഫലസ്തീന്‍ യുവാവാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയിലുള്ളത്. ഏറെ നാളുകള്‍ക്ക് ശേഷം തന്റെ മകള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പാര്‍ലെജി ബിസ്‌ക്കറ്റ് വാങ്ങി നല്‍കിയതിന്റെ സന്തോഷമാണ് മുഹമ്മദ് ജവാദ് എന്ന യുവാവ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

എന്നാല്‍ ഗസയില്‍ ഒരു പാര്‍ലെജിയുടെ പാക്കറ്റിന് 2342 രൂപയാണെന്നാണ് ജവാദ് പറയുന്നത്. പക്ഷെ വില കൂടിയെങ്കിലും തന്റെ മക്കള്‍ക്കുള്ള ഈ ട്രീറ്റ് നിഷേധിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

‘നീണ്ട കാത്തിരിപ്പിന് ശേഷം റാഫിഫിന് അവളുടെ പ്രിയപ്പെട്ട ബിസ്‌ക്കറ്റ് ലഭിച്ചു. ബിസ്‌ക്കറ്റിന്റെ പൈസ 146 രൂപയില്‍ നിന്ന് 2342 രൂപയായി ഉയര്‍ന്നു. പക്ഷെ റാഫിഫിന് ഇഷ്ടപ്പെട്ട ട്രീറ്റ് നിഷേധിക്കാന്‍ എനിക്ക് സാധിച്ചില്ല,’ ജവാദിന്റെ കുറിപ്പ്. റാഫിഫിനെ മടിയിലിരുത്തിക്കൊണ്ടുള്ള വീഡിയോയും ഫോട്ടോയും ഉള്‍പ്പെടെ പങ്കുവെച്ചായിരുന്നു ജവാദിന്റെ പോസ്റ്റ്.

യുവാവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെട്ടതോടെ ഇന്ത്യന്‍ ഉപയോക്താക്കള്‍ അടക്കം നിരവധി ആളുകളാണ് ഫലസ്തീനികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. മാനുഷിക സഹായമായി ഇന്ത്യന്‍ സര്‍ക്കാര്‍ സൗജന്യമായി അയച്ച പാര്‍ലെജി ബിസ്‌കറ്റുകളാണിത്. സൗജന്യമായി ലഭിച്ച ബിസ്‌ക്കറ്റുകള്‍ എന്തുകൊണ്ടാണ് ഗസയില്‍ 2342 രൂപയ്ക്ക് വില്‍ക്കുന്നതെന്ന് ഒരാള്‍ ചോദിച്ചു.

ഫലസ്തീനിലേക്ക് ഇന്ത്യ കുറച്ചുകൂടി ഭക്ഷണവും മരുന്നുകളും അയക്കണമെന്നും അടിസ്ഥാന സൗകര്യങ്ങളാണ് ജനങ്ങള്‍ക്ക് പ്രധാനമായും ആവശ്യമുള്ളതെന്നും മറ്റൊരു ഉപയോക്താവ് പറഞ്ഞു.

ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് ഫലസ്തീനികളെ ചൂഷണം ചെയ്യുകയാണെന്ന വിധത്തിലും പ്രതികരണങ്ങളുണ്ട്. ജവാദിന്റെ കുടുംബം സുരക്ഷിതരായിരിക്കട്ടേയെന്നും റാഫിഫിന് ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ ലഭ്യമാകട്ടെയെന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്.

ഇതിനുപിന്നാലെ ഗസയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് ജവാദ് വീണ്ടും പ്രതികരിക്കുകയുണ്ടായി. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഒരു ഡോളറിന് താഴെ വിലയുണ്ടായിരുന്ന ബാഗ് മാവിനിപ്പോള്‍ ഇപ്പോള്‍ 500 യൂറോയാണെന്നും ജവാദ് പറഞ്ഞു.

അതിര്‍ത്തി അടച്ചതും ഉപരോധവും ഗസയില്‍ വിലക്കയറ്റത്തിന് കാരണമായെന്നും വിലക്കയറ്റത്തെ കുറിച്ച് സംസാരിക്കുന്നതിന് പകരം അതിര്‍ത്തികള്‍ തുറക്കാന്‍ ഇസ്രഈലിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ജവാദ് പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ഗസയിലെ ഉപരോധങ്ങളില്‍ ഇസ്രഈല്‍ ചെറിയ തോതില്‍ ഇളവുകള്‍ വരുത്തിയിരുന്നു. യു.എസ് പിന്തുണയോടെയുള്ള സഹായപദ്ധതിക്കും മാനുഷിക സഹായങ്ങളുടെ പ്രവേശനത്തിനും ഇസ്രഈല്‍ അനുമതി നല്‍കുകയായിരുന്നു.

എന്നാല്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ എത്തിയ ഫലസ്തീനികള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ നിരവധി ആളുകളാണ് ഗസയില്‍ കൊല്ലപ്പെട്ടത്. ഇതിനിടെയാണ് ജവാദിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

Content Highlight: The price of Parle-G in Gaza is Rs 2342; The post of a Palestinian young man with his daughter is under discussion

We use cookies to give you the best possible experience. Learn more