ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായാണ് റൊണാള്‍ഡോ 23 വര്‍ഷം നീണ്ട സ്വപ്നതുല്യമായ കരിയര്‍ അവസാനിപ്പിക്കുന്നത്. താരത്തിന്റെ വിരമിക്കലില്‍ ഫുട്‌ബോള്‍ ലോകത്തെ മുന്‍നിര താരങ്ങളടക്കം ആശംസ അറിയിച്ച് സംസാരിച്ചിരുന്നു.
ഇപ്പോള്‍ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷനും താരത്തെക്കുറിച്ച് സംസാരിച്ചതാണ് ചര്‍ച്ചയാകുന്നത്. പോര്‍ച്ചുഗല്‍ ജേഴ്‌സിയോടുള്ള റൊണാള്‍ഡോയുടെ സ്‌നേഹം നിസ്വാര്‍ത്ഥമാണെന്ന് ഫെഡറേഷന്‍ പറഞ്ഞു. തങ്ങളില്‍ പലര്‍ക്കും അദ്ദേഹം ഏറ്റവും മികച്ച താരമാണെന്ന് ഫെഡറേഷന്‍ പറഞ്ഞു.
‘ഓരോ തുള്ളി വിയര്‍പ്പിലും, നിര്‍ണായകമായ ഓരോ ഗോളിലും, കളിക്കളത്തില്‍ അഭിമാനത്തോടെ അണിഞ്ഞ ഓരോ ക്യാപ്റ്റന്റെ ആംബാന്‍ഡിലും നമ്മുടെ ജേഴ്സിയോടുള്ള അദ്ദേഹത്തിന്റെ നിസ്വാര്‍ഥമായ സ്‌നേഹമാണ് പ്രതിഫലിച്ചിരുന്നത്. കളിക്കളത്തിലെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്കും അദ്ദേഹത്തിന്റെ സമര്‍പ്പണവും പൈതൃകവും വ്യാപിച്ചുകിടക്കുന്നു.
റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ആഗോള പ്രശസ്തി ഉയര്‍ത്തുകയും അദ്ദേഹത്തിന്റെ പാത പിന്തുടരാന്‍ സ്വപ്നം കാണുന്ന പുതുതലമുറയ്ക്ക് പ്രചോദനമാവുകയും ചെയ്തു. ഞങ്ങളില്‍ പലര്‍ക്കും എക്കാലത്തെയും മികച്ച താരമാണ് അദ്ദേഹം!,’ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പറഞ്ഞു.
അടുത്തിടെയായി പോര്‍ച്ചുഗല്‍ നാഷണല്‍ ടീം പരിശീലകനും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തമ്മിലുള്ള അസ്വാരസ്വങ്ങള്‍ ഫുട്‌ബോള്‍ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പോര്‍ച്ചുഗീസ് ദേശീയ ടീം പരിശീലകന്‍ ജോര്‍ജ് ജീസസുമായി ഉണ്ടായ കടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ക്യാമ്പ് വിട്ടതും ആരാധകര്‍ക്കിടയില്‍ ഏറെ നിരാശ ഉണ്ടാക്കിയതാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo: fan/x.com
യുവേഫ നേഷന്‍സ് ലീഗില്‍ നോര്‍വേയ്‌ക്കെതിരായ മത്സരത്തില്‍ പോര്‍ച്ചുഗല്‍ 2-1 ന് ജയിച്ചെങ്കിലും 41കാരനായ റൊണാള്‍ഡോയെ പകരക്കാരുടെ നിരയിലുണ്ടായിട്ടും കളത്തിലിറക്കിയിരുന്നില്ല. 2008ന് ശേഷം ആദ്യമായി റൊണാള്‍ഡോ സ്‌ക്വാഡിലുണ്ടായിട്ടും ബെഞ്ചില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു.
ഡെന്‍മാര്‍ക്കിനെതിരായ അടുത്ത മത്സരത്തിലും റൊണാള്‍ഡോ ആദ്യ ഇലവനില്‍ ഉണ്ടാകില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ പരിശീലകന്‍ ജോര്‍ജ് ജീസസ് വ്യക്തമാക്കിയതോടെയാണ് കാര്യങ്ങള്‍ വഷളായത്.
പ്ലെയിങ് ടൈമുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന ധാരണ പരിശീലകന്‍ ലംഘിച്ചു എന്ന അമര്‍ഷത്തിലാണ് റൊണാള്‍ഡോ പരിശീലന ക്യാമ്പ് ഉപേക്ഷിച്ചതും പ്രൈവറ്റ് ജെറ്റില്‍ മാഡ്രിഡിലേക്ക് മടങ്ങിയതും. എന്നാല്‍ പിന്നീട് റൊണാള്‍ഡോയും പോര്‍ച്ചുഗല്‍ ക്യാമ്പും തമ്മില്‍ തകര്‍ക്കങ്ങള്‍ ഇല്ലെന്ന് ജോര്‍ജ് ജീസസ് പറഞ്ഞുരുന്നു. പക്ഷെ റൊണാള്‍ഡോ ഇക്കാര്യം റൊണാള്‍ഡോ സ്തിരീകരിച്ചിരുന്നില്ല.
ദേശീയ ടീമും റോണോയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നില നില്‍ക്കുമ്പോഴാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. പോര്‍ച്ചുഗലിനായി 234 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 146 ഗോളുകള്‍ നേടി റെക്കോഡിട്ട താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിലവില്‍ കളിക്കുന്ന ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ നസറും ആശംസയറിയിച്ചിരുന്നു. പോര്‍ച്ചുഗലിന് മാത്രമല്ല മുഴുവന്‍ ലോകത്തിനും റൊണാള്‍ഡോ ഒരു ഇതിഹാസമാണെന്ന് ക്ലബ്ബ് പറഞ്ഞു.
‘ഇതൊരു അധ്യായം മാത്രമല്ല, നിങ്ങള്‍ സ്വന്തം കൈകളാല്‍ രചിച്ച ചരിത്രമാണ്. പോര്‍ച്ചുഗലിന് മാത്രമല്ല, ലോകത്തിന് മുഴുവന്‍ നിങ്ങളൊരു ഇതിഹാസമാണ്. പോര്‍ച്ചുഗല്‍ നിങ്ങളുടെ ഹൃദയത്തിലുണ്ട്, ലോകത്തിന്റെ ഹൃദയങ്ങളില്‍ നിങ്ങളുമുണ്ട്. ഒരു പേജ് മറിഞ്ഞുകഴിഞ്ഞു, എന്നാല്‍ നിങ്ങളുടെ സ്വന്തം തട്ടകമായ അല്‍ നസ്‌റിനൊപ്പം നമുക്ക് ഇനിയും ഒരുപാട് ചരിത്രം രചിക്കാനുണ്ട്,’ അല്‍ നസര്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു.
Content Highlight: The Portugal national team and Al-Nassr respond to Cristiano Ronaldo’s retirement