| Thursday, 15th May 2025, 5:31 pm

ഉറുഗ്വേയെ സമ്പന്നമാക്കിയ 'ദരിദ്രനായ' രാഷ്ട്രപതി; ജോസേ മുഹിക്ക

ജിൻസി വി ഡേവിഡ്

ലോകത്തിലെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ് എന്ന പേരിലാണ് കഴിഞ്ഞ ദിവസം അന്തരിച്ച ജോസേ മുഹിക്ക അറിയപ്പെടുന്നത്. എന്നാൽ അദ്ദേഹം ആ പേരിൽ മാത്രമല്ല അറിയപ്പെടേണ്ടത്.

1972ലെ ഒരു ശരത്കാല സായാഹ്നം. ഉറുഗ്വേയുടെ തലസ്ഥാനമായ മൊണ്ടെവിഡിയോ നഗരം പതിയെ ഇരുളിലേക്ക് വഴുതി വീഴുകയായിരുന്നു. തെരുവുകളിൽ ആളൊഴിഞ്ഞു. പെട്ടെന്ന്, നഗരത്തിന്റെ ഹൃദയഭാഗത്ത് വെടിയൊച്ചകൾ മുഴങ്ങി. ഒരു കാറിനെ വളഞ്ഞിട്ട് ഒരു സംഘം പൊലീസുകാർ വെടിയുതിർക്കുകയായിരുന്നു. ആ വാഹനത്തിൽ ഉണ്ടായിരുന്നത് ടുപമാരോസ് എന്ന സംഘടനയിലെ പ്രധാനിയായിരുന്ന ഒരു വിപ്ലവകാരിയായിരുന്നു. ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്നു അയാൾ.

പ്രതിപക്ഷം വരെ അദ്ദേഹത്തെ ആദരവോടെ സമ്പന്ന രാജ്യത്തെ ദരിദ്രനായ രാഷ്ട്രപതി എന്ന് വിളിച്ചു

വെടിയേറ്റു വീണ ആ മനുഷ്യനെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോയി. അദ്ദേഹത്തിന്റെ ശരീരത്തിൽ ആറ് വെടിയുണ്ടകൾ തുളഞ്ഞു കയറിയിരുന്നു. ചോരയിൽ കുളിച്ചുകിടന്ന അയാളെ അവർ ഇരുട്ടുമുറിയിൽ തള്ളി. മാസങ്ങളോളം അദ്ദേഹം വേദന സഹിച്ചു, ഒറ്റയ്ക്ക്, പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, ജയിലിൽ കഴിച്ചുകൂട്ടി. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ ആയിരുന്നു അത്.

ഒരു ദിവസം, സെല്ലിന്റെ വാതിൽ തുറന്നു. ഒരു കാവൽക്കാരൻ അകത്തേക്ക് വന്നു. അവശനായ ആ മനുഷ്യനെ നോക്കി അയാൾ പരിഹാസത്തോടെ ചിരിച്ചു. ‘നിന്റെ പോരാട്ടം കഴിഞ്ഞു, വിപ്ലവകാരി. ഇനി നിനക്ക് ഇവിടെ ജീവച്ഛവം പോലെ കിടക്കാം’

അവശത മറന്ന ആ കണ്ണുകളിൽ അഗ്നി ആളിക്കത്തി. ‘എന്റെ പോരാട്ടം അവസാനിച്ചിട്ടില്ല. ഓരോ ശ്വാസത്തിലും ഞാൻ പോരാടുകയാണ്’ അദ്ദേഹം പ്രതികരിച്ചു.

വർഷങ്ങൾ കടന്നുപോയി. ജയിലിന്റെ ഇരുണ്ട ഇടനാഴികളിൽ ഏകാന്തതയുടെ വേദന അനുഭവിച്ച് അദ്ദേഹം കഴിഞ്ഞു. പലപ്പോഴും അദ്ദേഹത്തെ മറ്റൊരു തടവുകാരന്റെ സെല്ലിലേക്ക് മാറ്റും, എങ്കിലും അവിടെ അവർക്ക് സംസാരിക്കാൻ അനുവാദമുണ്ടായിരുന്നില്ല. പക്ഷെ ചുമരുകളിൽ അവർ രഹസ്യമായി സന്ദേശങ്ങൾ കുറിച്ചിട്ടു. പ്രതീക്ഷയുടെയും ചെറുത്തുനിൽപ്പിന്റെയും വാക്കുകൾ ആയിരുന്നു അവ.

‘നമ്മുടെ സ്വപ്നങ്ങൾ മരിക്കില്ല. ഈ ഇരുട്ടിന് ഒരു അന്ത്യമുണ്ടാകും’ അവർ പ്രത്യാശയോടെ കുറിച്ചു.

1985ലെ ഒരു തണുത്ത പ്രഭാതം. ഉറുഗ്വേയിലെ മൊണ്ടെവിഡിയോ നഗരം പതിയെ ഉണർന്നു തുടങ്ങുകയായിരുന്നു. എന്നാൽ, ആ ദിവസത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. നീണ്ട പതിമൂന്ന് വർഷത്തെ ജയിൽവാസത്തിന് ശേഷം ഒരു മനുഷ്യൻ മൊണ്ടെവിഡിയോ നഗരത്തിലേക്ക് തിരിച്ചെത്തി. കരിങ്കല്ലുകൾ നിറഞ്ഞ തറയിൽ നഗ്നപാദങ്ങളോടെ അദ്ദേഹം നടന്നു.

അയാളുടെ മനസിൽ ഒരേയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ, ‘ഞാൻ ജീവിച്ചിരിക്കുന്നു’ പതിമൂന്ന് വർഷം, ഇരുണ്ട സെല്ലുകളിൽ, ഏകാന്തതയുടെയും വേദനയുടെയും നീണ്ട നാളുകൾ. ടുപമാരോസ് എന്ന വിപ്ലവ പ്രസ്ഥാനത്തിലെ അംഗമായിരുന്ന ആ മനുഷ്യൻ ഭരണകൂടത്തിനെതിരെ പോരാടിയതിനാണ് ജയിലിലടയ്ക്കപ്പെട്ടത്. വെടിയുണ്ടകൾ ശരീരത്തിൽ തുളച്ചുകയറി, എല്ലുകൾ തകർന്നു. എന്നിട്ടും, അയാൾ ജീവനോടെ തിരിച്ചെത്തി.

പുറത്ത് കാത്തുനിന്നവർ അയാളെ പൂമാലകളണിയിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ കണ്ണുകൾ തിരഞ്ഞത് പൂക്കളെയല്ല, മറിച്ച് ജീവിതത്തിന്റെ ലളിതമായ സൗന്ദര്യത്തെയായിരുന്നു.

എനിക്ക് വേണ്ടത് വലിയ കൊട്ടാരങ്ങളോ വിലകൂടിയ കാറുകളോ അല്ല. എനിക്ക് വേണ്ടത് ഈ മണ്ണിന്റെ ഗന്ധമാണ്, ഈ കാറ്റിന്റെ സ്പർശനമാണ്,” അദ്ദേഹം ഉറക്കെ പറഞ്ഞു.

അത് മറ്റാരുമായിരുന്നില്ല, തെക്കൻ അമേരിക്കൻ രാജ്യമായ ഉറുഗ്വേയുടെ പ്രസിഡന്റായിരുന്ന, ടുപമാരോസിന്റെ ഗറില്ല വിപ്ലവകാരിയായിരുന്ന, ലോകത്തിലെ ഏറ്റവും ദരിദ്രനായ രാഷ്ട്രത്തലവന്‍ എന്നറിയപ്പെട്ട ജോസേ ആൽബെർട്ടോ മുഹിക്ക കോർഡാനോ ആയിരുന്നു. ഉറുഗ്വേയെ ദാരിദ്ര്യത്തിൽ നിന്നുമുയർത്തിയ ആ രാഷ്‌ട്രപതി മെയ് 14 ന് തന്റെ 89-ാം വയസിൽ വിട വാങ്ങിയിരിക്കുകയാണ്.

അദ്ദേഹത്തിന്റെ വിയോഗത്തോടെ ലാറ്റിൻ അമേരിക്കയ്ക്ക് നഷ്ടമാകുന്നത് ഒരു മുൻ രാഷ്ട്രത്തലവനെ മാത്രമല്ല, സാമൂഹിക നീതി, പരിസ്ഥിതി സുസ്ഥിരത, പൗരസ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്ത് ഉറുഗ്വേയുടെ അതിർത്തികൾക്കപ്പുറത്ത് ലോക പ്രശംസ പിടിച്ചുപറ്റിയ ഒരു വിപ്ലവകാരിയെ കൂടിയാണ്.

1935 മെയ് 20ന് മോണ്ടെവീഡിയോയിലെ പാസോ ഡി ലാ അരീനയിൽ ഡെമെട്രിയോ മുഹിക്ക ടെറയുടെയും ലൂസി കോർഡാനോ ജിയോറെല്ലോയുടെയും മകനായി ജോസ് ആൽബെർട്ടോ മുഹിക്ക കോർഡാനോ ജനിച്ചു. അദ്ദേഹത്തിന് 10 വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. പൂക്കൾ കൃഷി ചെയ്തും കന്നുകാലികളെ വളർത്തിയും ഒരു ചെറു ഫാമിൽ അമ്മ അദ്ദേഹത്തെ വളർത്തി.

പ്രൈമറി, സെക്കൻഡറി പഠനം പൂർത്തിയാക്കിയ ശേഷം മുഹിക്ക ബിരുദ പഠനത്തിനായി ആൽഫ്രെഡോ വാസ്‌ക്വസ് അസെവെഡോ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. പക്ഷേ പൂർത്തിയാക്കിയില്ല.

മുഹിക്കയുടെ മാതൃസഹോദരനായ ഏഞ്ചൽ കോർഡാനോ നാഷണൽ പാർട്ടി അംഗമായിരുന്നു, മുഹിക്കയുടെ രാഷ്ട്രീയ രൂപീകരണത്തിൽ അദ്ദേഹത്തിന് ഒരു പ്രധാന സ്വാധീനമുണ്ടായിരുന്നു. 1956ൽ, മുഹിക്ക തന്റെ അമ്മ വഴി രാഷ്ട്രീയക്കാരനായ എൻറിക് എറോയെ കണ്ടുമുട്ടി. അന്നുമുതൽ, മുഹിക്ക നാഷണൽ പാർട്ടിയെ സജീവമായി പിന്തുണയ്ക്കാൻ തുടങ്ങി. ഒടുവിൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി.

1958ലെ പൊതുതെരഞ്ഞെടുപ്പിൽ നാഷണൽ പാർട്ടി സെനറ്റിലെ ഭൂരിഭാഗം സീറ്റുകളും നേടി. എറോ 1959 മുതൽ 1960 വരെ തൊഴിൽ മന്ത്രിയായി നിയമിതനായി . മുഹിക്ക പക്ഷെ മന്ത്രി സ്ഥാനം ഒന്നും വഹിച്ചിരുന്നില്ല. 1962ൽ, എറോയും മുഹിക്കയും നാഷണൽ പാർട്ടി വിട്ട് സോഷ്യലിസ്റ്റ് പാർട്ടിയുമായി സഹകരിച്ച് യൂണിയൻ പോപ്പുലർ എന്ന ഇടതുപക്ഷ പാർട്ടി രൂപീകരിച്ചു. 1962ലെ തെരഞ്ഞെടുപ്പിൽ, അവർ എമിലിയോ ഫ്രുഗോണിയെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തു, പക്ഷേ പരാജയപ്പെട്ടു, മൊത്തം വോട്ടുകളുടെ 2.3% മാത്രമായിരുന്നു അവരുടെ പാർട്ടി നേടിയത്.

1960 കളുടെ മധ്യത്തിൽ, ക്യൂബൻ വിപ്ലവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊളോണിയലിസത്തിനും, അസമത്വത്തിനും, സ്വേച്ഛാധിപത്യത്തിനും എതിരായി പുതുതായി രൂപീകരിച്ച മൊവിമിയന്റോ ഡി ലിബെറാസിയോൺ നാഷണൽ-ടുപാമാരോസ് പ്രസ്ഥാനത്തിൽ മുഹിക്ക ചേർന്നു. രണ്ടാം ലോക മഹായുദ്ധത്തിന് പിന്നാലെ ഉണ്ടായ സാമ്പത്തിക മാന്ദ്യവും രാഷ്ട്രീയ പീഡനവുമാണ് ഈ ഗ്രൂപ്പിന്റെ ഉദയത്തിന് ഇടയാക്കിയത്. ടുപാമാരോസുകളുടെ ലക്ഷ്യം ഉറുഗ്വേയിൽ ഒരു വിപ്ലവ സാമൂഹ്യവാദ ഭരണം ഉണ്ടാക്കുക എന്നതായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അതായത്, 1950കളിൽ ഉറുഗ്വേയിൽ വളരെ ഗുരുതരമായ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികൾ ഉണ്ടായി. മാംസം, കന്നുകാലികൾ തുടങ്ങിയ കയറ്റുമതിയിലായിരുന്നു ഉറുഗ്വേയുടെ സമ്പദ്‌വ്യവസ്ഥ ആശ്രയിച്ചിരുന്നത്. രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷം ഈ മേഖലകളിൽ മാന്ദ്യം ബാധിച്ചു. അതിന്റെ ഫലമായി വിലക്കയറ്റം, തൊഴിലില്ലായ്മ, തുടങ്ങിയവ വ്യാപിച്ചു. 1960കളിൽ വിദ്യാഭ്യാസ-തൊഴിലാളി സമരങ്ങളും പ്രതിഷേധങ്ങളും വ്യാപകമായി.

തന്‍റെ അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് അദ്ദേഹം രാജ്യത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ കൊണ്ടുവന്നു. തൊഴിലവസരങ്ങളും കൃഷിയും വര്‍ധിച്ചു. വ്യവസായങ്ങള്‍ അഭിവൃദ്ധി നേടി. അഭ്യസ്തവിദ്യരായവരുടെ എണ്ണം കൂടി. ശാസ്ത്ര സാങ്കേതിക രംഗത്തും വന്‍ മുന്നേറ്റമുണ്ടായി.

1967 മുതൽ 1972 വരെ ഭരണത്തിൽ നിന്നിരുന്ന പ്രസിഡൻറ് ജോർജ് പാച്ചെകോ ആരീക്കോ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ശ്രമിച്ചു. പീഡനങ്ങളും അന്യായ തടങ്കലുകളും വ്യാപിച്ചതോടെ , ടുപാമാരോസുകൾ പോലുള്ള സംഘടനകൾ വളർന്നുവന്നു.

1969ൽ മോണ്ടെവീഡിയോയ്ക്ക് സമീപമുള്ള ഒരു പട്ടണമായ പാൻഡോയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന ടുപാമാരോസിന്റെ പ്രതിഷേധത്തിൽ അദ്ദേഹം പങ്കെടുത്തു. നഗരത്തിലെ തന്ത്രപ്രധാനമായ സ്ഥലങ്ങൾ ആക്രമിച്ച ആറ് സ്ക്വാഡുകളിൽ ഒന്നിന് അദ്ദേഹം നേതൃത്വം നൽകി. പാൻഡോ ആക്രമണത്തിൽ ടെലിഫോൺ എക്‌സ്‌ചേഞ്ച് പിടിച്ചെടുക്കുന്നതിനുള്ള സ്‌ക്വാഡിനാണ് അദ്ദേഹം നേതൃത്വം നൽകിയത്. ഈ ദൗത്യത്തെ വിജയകരമായി പൂർത്തിയാക്കിയതോടെ അദ്ദേഹം ഗ്രൂപ്പിനുള്ളിൽ വിശ്വാസവും ജനപ്രിയതയും നേടി.

എന്നാൽ ടുപാമാരോസിന്റെ പ്രതിഷേധങ്ങൾ പ്രസിഡൻറ് ജോർജ് പാച്ചെകോ ആരീക്കോ അടിച്ചമർത്താൻ തുടങ്ങി. 1970ൽ മൊണ്ടെവിഡിയോയിലൊരു ബാറിൽ നടന്ന വെടിവെയ്പ്പിൽ മുഹിക്കക്ക് ആറുതവണ വെടിയേറ്റു. വെടിയേറ്റ മുഹിക്കയെ പൊലീസുകാർ പൂണ്ട കരേറ്റാസ് ജയിലിലേക്ക് വലിച്ചിഴച്ചു.

എങ്കിലും 1971 സെപ്റ്റംബറിൽ അദ്ദേഹം ജയിലിൽ ഒരു തുരങ്കം കുഴിച്ച് രക്ഷപ്പെട്ടു. രക്ഷപ്പെട്ട് ഒരു മാസത്തിനുള്ളിൽ മുഹിക്കയെ വീണ്ടും പിടികൂടി, പക്ഷേ 1972 ഏപ്രിലിൽ അദ്ദേഹം വീണ്ടും കരേറ്റാസിൽ നിന്ന് രക്ഷപ്പെട്ടു. എന്നാൽ 1972 ൽ അദ്ദേഹത്തെ സൈന്യം അവസാനമായി വീണ്ടും പിടികൂടി. ഇത്തവണ രക്ഷപ്പെടൽ അസാധ്യമായിരുന്നു.

മുഹിക്കയും മറ്റ് എട്ട് ടുപമാരോകളും ക്രൂരമായ സൈനിക ആക്രമങ്ങളിലൂടെ കടന്നുപോയി. അദ്ദേഹം 13 വർഷം തടവിൽ കഴിഞ്ഞു. നിരവധി തവണ ഏകാന്ത തടവിൽ കഴിയേണ്ടി വന്നു.

1985ൽ, ഉറുഗ്വേയിൽ ജനാധിപത്യം പുനസ്ഥാപിച്ചപ്പോൾ, 1962 മുതൽ നടന്ന രാഷ്ട്രീയവും അനുബന്ധവുമായ സൈനിക കുറ്റകൃത്യങ്ങൾക്ക് ജയിലിൽ കഴിയുന്നവർക്ക് ഭരണകൂടം പൊതുമാപ്പ് നൽകി. മുഹിക്കയെ മോചിപ്പിച്ചു. ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടതിന് നിരവധി വർഷങ്ങൾക്ക് ശേഷം, മുഹിക്കയും നിരവധി ടുപമാരോകളും മറ്റ് ഇടതുപക്ഷ സംഘടനകളുമായി ചേർന്ന് മൂവ്‌മെന്റ് ഓഫ് പോപ്പുലർ പാർട്ടിസിപ്പേഷൻ സ്ഥാപിച്ചു.

തുടർന്ന് 1994ലെ പൊതുതെരഞ്ഞെടുപ്പിൽ മുഹിക്ക ഡെപ്യൂട്ടി ആയി തിരഞ്ഞെടുക്കപ്പെട്ടു, 1999ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. മുഹിക്കയുടെ വ്യക്തിപ്രഭാവം കാരണം, മൂവ്‌മെന്റ് ഓഫ് പോപ്പുലർ പാർട്ടിസിപ്പേഷന്റെ ജനപ്രീതിയും വോട്ടുകളും വർധിച്ചുകൊണ്ടിരുന്നു.

2004 ആയപ്പോഴേക്കും അവർ വലിയ പാർട്ടിയായി ഉയർന്നു. ആ വർഷത്തെ തെരഞ്ഞെടുപ്പിൽ മുഹിക്ക സെനറ്റിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു, എം.പി.പി 3,00,000ത്തിലധികം വോട്ടുകൾ നേടി.

2005 മാർച്ച് ഒന്നിന് മുഹിക്ക കന്നുകാലി, കൃഷി, മത്സ്യബന്ധന മന്ത്രിയായി. മന്ത്രിയായതോടെ മുഹിക്ക തന്റെ സെനറ്റർ സ്ഥാനം രാജിവെച്ചു. 2008ൽ മന്ത്രിസഭാ മാറ്റം വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു. തുടർന്ന് അദ്ദേഹം രാജിവച്ച് ഏണസ്റ്റോ അഗാസി പകരം ചുമതലയേറ്റു . തുടർന്ന് മുഹിക്ക സെനറ്റിലെ തന്റെ സ്ഥാനത്തേക്ക് മടങ്ങി.

2010ൽ 74-ാം വയസിൽ ഉറുഗ്വേയുടെ 40-ാമത് പ്രസിഡന്റായി മുഹിക്ക ചുമതലയേറ്റു. ദേശീയ വോട്ടിന്റെ 52 ശതമാനം നേടിയാണ് അദ്ദേഹം വിജയിച്ചത്.

മാർബിൾ പടിക്കെട്ടും ലിഫ്റ്റും അത്യാധുനിക സൗകര്യങ്ങളുമുള്ള ഉറുഗ്വേയുടെ മൂന്ന് നില പ്രസിഡൻഷ്യൽ വസതിക്ക് മുന്നിൽ നിന്നുകൊണ്ട് അദ്ദേഹം ചോദിച്ചു. എന്തിനാണ് ഇത്? ഇത്രയധികം ആഡംബരം ആർക്കുവേണ്ടിയാണ്? ഇതൊരു ഹൈ സ്കൂൾ ആക്കി മാറ്റണം.

മുഹിക്കയുടെ വീട്

ഇവിടെ താമസിക്കുന്നില്ല അദ്ദേഹം തീരുമാനിച്ചു. തനിക്കും ഭാര്യക്കും ജീവിക്കാൻ തന്റെ സ്റ്റുഡിയോ അപ്പാർട്ട്മെന്റ് ധാരാളമെന്ന് പറഞ്ഞ അദ്ദേഹം മോണ്ടെവീഡിയോയ്ക്ക് പുറത്തുള്ള തന്റെ വീട്ടിൽ താമസം തുടർന്നു. അവിടെ അദ്ദേഹം ഭാര്യയും രാഷ്ട്രീയ പങ്കാളിയുമായ ലൂസിയ ടോപോളാൻസ്കിയോടൊപ്പം പച്ചക്കറികളും പൂക്കളും വളർത്തുന്നത് തുടർന്നു.

13,300 ഡോളര്‍ എന്ന രാഷ്ട്രപതിയുടെ ശമ്പളം കേട്ട് ഞെട്ടിയ അദ്ദേഹം തനിക്കു ജീവിക്കാന്‍ ഇത്രയും തുക ആവശ്യമില്ലെന്നു പ്രഖ്യാപിച്ചു. അദ്ദേഹം അതില്‍ 12000 ഡോളര്‍ നിര്‍ധനര്‍ക്ക് നേരിട്ട് വിതരണം ചെയ്തു. ബാക്കി 1300 ഡോളറില്‍ 775 ഡോളര്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന അനാഥാലയത്തിന് നല്‍കി. ബാക്കി തുകകൊണ്ടാണ് അദ്ദേഹം ജീവിച്ചത്. രാഷ്ട്രപതിയായ ജോസേ മുഹിക്ക തന്‍റെ പഴയ ഫോക്സ് വാഗണ്‍ ബീട്ടല്‍ കാര്‍ സ്വയം ഡ്രൈവ് ചെയ്താണ് ഓഫീസില്‍ പോയിരുന്നത്.

പ്രതിപക്ഷം വരെ അദ്ദേഹത്തെ ആദരവോടെ സമ്പന്ന രാജ്യത്തെ ദരിദ്രനായ രാഷ്ട്രപതി എന്ന് വിളിച്ചു.

2010 മുതൽ 2015 വരെ മുഹിക്കയുടെ നേതൃത്വത്തിൽ, ലാറ്റിൻ അമേരിക്കയിലെ ഏറ്റവും പുരോഗമനപരമായ പല സാമൂഹിക പരിഷ്കാരങ്ങൾക്കും ഉറുഗ്വേ സാക്ഷിയായി.

മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം

അദ്ദേഹത്തിന്റെ ഭരണകൂടം സ്വവർഗ വിവാഹം നിയമവിധേയമാക്കി, ആദ്യ മൂന്ന് മാസത്തേക്ക് ഗർഭഛിദ്ര അവകാശങ്ങൾ നടപ്പിലാക്കി.

സംസ്ഥാന നിയന്ത്രണത്തിന് കീഴിൽ മരിജുവാനയുടെ ഉത്പാദനം, വിൽപ്പന, ഉപഭോഗം എന്നിവ പൂർണമായും നിയമവിധേയമാക്കിയ ആദ്യ രാജ്യമായി ഉറുഗ്വേ മാറി.

മുഹിക്കയുടെ സർക്കാർ ഹരിത ഊർജ്ജ പരിവർത്തനത്തിന് നേതൃത്വം നൽകി. അദ്ദേഹത്തിന്റെ ഭരണ കാലാവധി അവസാനിച്ചപ്പോഴേക്കും, ഉറുഗ്വേ രാജ്യത്തിൻറെ വൈദ്യുതിയുടെ 98 ശതമാനവും സൗരോർജ്ജം, കാറ്റ്, ബയോമാസ് എന്നിവയുൾപ്പെടെയുള്ള പുനരുപയോഗിക്കാവുന്ന സ്രോതസുകളിൽ നിന്ന് ഉത്പാദിപ്പിക്കാൻ തുടങ്ങി. ഇത് ആഗോളതലത്തിൽ ഏറ്റവും പരിസ്ഥിതി സൗഹൃദപരമായ പുരോഗതിയുള്ള രാജ്യങ്ങളിൽ ഒന്നാക്കി ഉറുഗ്വേയെ മാറ്റി.

തന്‍റെ അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് അദ്ദേഹം രാജ്യത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ കൊണ്ടുവന്നു. തൊഴിലവസരങ്ങളും കൃഷിയും വര്‍ധിച്ചു. വ്യവസായങ്ങള്‍ അഭിവൃദ്ധി നേടി. അഭ്യസ്തവിദ്യരായവരുടെ എണ്ണം കൂടി. ശാസ്ത്ര സാങ്കേതിക രംഗത്തും വന്‍ മുന്നേറ്റമുണ്ടായി.

മുഹിക്കയുടെ വിയോഗത്തിന് പിന്നാലെ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ അദ്ദേഹത്തെ ‘മഹാനായ വിപ്ലവകാരി’ എന്നായിരുന്നു വിശേഷിപ്പിച്ചത്. മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം അദ്ദേഹം ലാറ്റിൻ അമേരിക്കയ്ക്കും മുഴുവൻ ലോകത്തിനും ഒരു മാതൃകയായിരുന്നെന്നും വിശേഷിപ്പിച്ചു.

Content Highlight: The ‘poor’ president who made Uruguay rich; Jose Mujica

ജിൻസി വി ഡേവിഡ്

ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more