| Tuesday, 9th December 2025, 7:48 pm

ആവേശം കൊണ്ട് ആരാധകര്‍; ജിത്തു മാധവന്‍ ചിത്രം 'സൂര്യ 47'ന്റെ പൂജ വീഡിയോ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ ജിത്തു മാധവന്‍ സൂര്യയുമായി ഒന്നിക്കുന്നുവെന്ന വാര്‍ത്ത ഏറെ ആകാംക്ഷയോടെയാണ് മലയാളികള്‍ കേട്ടത്. ആവേശം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്രിയയാണ് നായിക.

സൂര്യ 47ന് എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ചായിരുന്നു സിനിമയുടെ പൂജ നടന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമ സൂര്യയുടെ ഉടമസ്ഥതയിലുള്ള ‘ഴഗരം സ്റ്റുഡിയോസാണ് നിര്‍മിക്കുന്നത്. വീഡിയോയില്‍ സൂര്യയെയും നസ്രിയെയും ജിത്തു മാധവിനെയും, ജോതികയെയും മറ്റ് അണിയറപ്രവര്‍ത്തകരെയും കാണാം.

സൂര്യ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയ നടന്‍ നസ്‌ലെനും ഉണ്ട്. ജിത്തു മാധവന്റെ ആദ്യ തമിഴ് സിനിമയായാണ് സൂര്യ 47 എത്തുന്നതെങ്കിലും സൂര്യയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റമായാണ് ഈ പ്രൊജക്ടിനെ ആരാധകര്‍ കാണുന്നത്.

തമിഴ്നാട്ടില്‍ നിന്നും ട്രാന്‍സ്ഫര്‍ ലഭിച്ചു വരുന്ന പൊലീസ് കഥാപാത്രത്തെയായിരിക്കും സൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുകയെന്നാണ് പല സിനിമാ പേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

നസ്രിയയും നസ്ലെനും തുടങ്ങി മുന്‍നിര മലയാള താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നതും, മലയാളത്തിലെ ലീഡിങ് സംഗീത സംവിധായകനായ സുഷിന്‍ ശ്യാം ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നുവെന്നതും സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുകയാണ്.

Content Highlight: The pooja video of Suriya 47, the film starring Suriya and Jithu Madhavan, is out

We use cookies to give you the best possible experience. Learn more