മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘L368’ന്റെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ മോഹൻലാൽ, മുകേഷ്, ആന്റണി പെരുമ്പാവൂർ, സംഗീത് പ്രതാപ്, ടൊവിനോ തോമസ്, ആന്റണി വർഗീസ് പെപ്പെ തുടങ്ങിയവരാണ് പങ്കെടുത്തത്.
‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിത്രത്തിൽ മോഹൻലാലും മുകേഷും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇരുവരുടെയും കോമഡി കെമിസ്ട്രി വീണ്ടും കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
L368. Phot. Screen Grab/ Youtube
ആക്ഷൻ കോമഡി എന്റർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. അനൂപ് സത്യൻ തന്നെയാണ് തിരക്കഥയും സംവിധാനവും എഡിറ്റിങ്ങും നിർവഹിക്കുന്നത്. ജേക്സ് ബിജോയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ബ്രഹ്മയുഗം സിനിമയുടെ ഛായാഗ്രാഹനായ ഷെഹ്നാദ് ജലാലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് നവംബർ ആദ്യവാരം ആരംഭിക്കുമെന്നാണ് വിവരം. തൊടുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലായിരിക്കും ആദ്യ ഷെഡ്യൂൾ ചിത്രീകരിക്കുക എന്നാണ് റിപ്പോർട്ടുകൾ. 2027ലെ വിഷു റിലീസായാണ് ചിത്രം ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്.
നിലവിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിട്ടുണ്ട്. ‘തുടരും’ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന സിനിമയിൽ ടി.എസ്. ലൗലജൻ എന്ന എസ്.ഐ. കഥാപാത്രമായാണ് താരം എത്തുന്നത്. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന് രതീഷ് രവിയാണ് തിരക്കഥ ഒരുക്കുന്നത്. ജേക്സ് ബിജോയ് സംഗീതം നിർവഹിക്കുന്ന ചിത്രം ഈ ക്രിസ്മസിന് തിയേറ്ററുകളിലെത്തും.
ഇതിന് പിന്നാലെ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കുക. ഗോകുലം ഗോപാലൻ നിർമിക്കുന്ന ഈ സിനിമയുടെ ആദ്യഘട്ട ചിത്രീകരണം ജോർജിയയിൽ ആരംഭിച്ചിട്ടുണ്ട്. ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിഷ്ണു മോഹൻ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്.
L368. Phot. Screen Grab/ Youtube
ഇതിനുപുറമെ ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ‘നെടുങ്കണ്ടം മിറാക്കിൾ’, സത്യൻ അന്തിക്കാടിനൊപ്പമുള്ള പുതിയ ചിത്രം, ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ, ജീത്തു ജോസഫിനൊപ്പമുള്ള പുതിയ പ്രോജക്ട് എന്നിവയും മോഹൻലാലിന്റേതായി അണിയറയിലുണ്ട്. ദിലീഷ് പോത്തൻ, ജൂഡ് ആന്തണി എന്നിവർ ആദ്യമായാണ് മോഹൻലാലുമായി ഒന്നിക്കുന്നത്. ജീത്തു ജോസഫിനൊപ്പമുള്ള ചിത്രം ‘ദൃശ്യം 3’ന് ശേഷമുള്ള കൂട്ടുകെട്ടാണ്. ഈ മലയാള സിനിമകൾക്ക് പുറമെ ഒരു ബിഗ് ബജറ്റ് തെലുങ്ക് ചിത്രത്തിലും മോഹൻലാൽ കരാർ ഒപ്പിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ‘വൃഷഭ’യ്ക്ക് ശേഷമുള്ള താരത്തിന്റെ തെലുങ്ക് ചിത്രമായിരിക്കും ഇത്.
Content Highlight: The pooja ceremony for ‘L368’—a new film directed by Anoop Sathyan and starring Mohanlal—was held in Kochi.