| Tuesday, 20th May 2025, 9:20 am

നിറം വെച്ചോ ജാതി വെച്ചോ കുറ്റക്കാരനെന്ന് വിളിക്കുന്ന വൃത്തികെട്ട ഫ്യൂഡലിസത്തില്‍ നിന്ന് പൊലീസ് മോചിതരായിട്ടില്ല: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വ്യാജ മോഷണപരാതിയില്‍ പേരൂര്‍ക്കട പൊലീസില്‍ നിന്ന് ദളിത് യുവതി ക്രൂര മാനസിക പീഡനം നേരിട്ട സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിന്ദുവിനെതിരായ അതിക്രമം പൊലീസിന്റെയും സര്‍ക്കാറിന്റെയും ഗുരുതരമായ വീഴ്ചയാണെന്നും ഈ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഖേദം പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മനുഷ്യന് നീതി നിഷേധിക്കപ്പെടുമ്പോള്‍ കരുണയോടുള്ള സമീപനമാണ്‌ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ടതെന്നും അല്ലാതെ ആട്ടിപ്പായിക്കുകയല്ല വേണ്ടതെന്നും മുന്‍ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ഈ സംഭവത്തോടെ സര്‍ക്കാറിന്റെ ദലിത് വിരുദ്ധ മുഖമാണ് വെളിപ്പെട്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

‘ഇത് തികഞ്ഞ മനുഷ്യാവകാശലംഘനവും ദലിത് അധിക്ഷേപവുമാണ്‌. ഒരാളുടെ നിറം വെച്ചോ ജാതി വെച്ചോ കുറ്റക്കാരനെന്ന് വിളിക്കുന്ന വൃത്തികെട്ട ഫ്യൂഡലിസത്തില്‍ നിന്ന് പൊലീസ് സേന മോചിതരായിട്ടില്ല,’ രമേശ് ചെന്നിത്തല പറഞ്ഞു.

പരാതി നല്‍കാനെത്തിയ ബിന്ദുവിനോട് മോശമായി പെരുമാറിയതിന് മുഖ്യമന്ത്രിയുടെ ഓഫീസ് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിക്രമം നേരിട്ട ബിന്ദു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നതായും എന്നാല്‍ ഇത് ഗൗരവകരമായി പരിഗണിച്ചില്ലെന്നും ഇന്നലെ (തിങ്കളാഴ്ച്ച) മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം ബിന്ദുവിനെ മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനില്‍ തടഞ്ഞ് വെച്ച സംഭവത്തില്‍ പേരൂര്‍ക്കട എസ്.ഐ പ്രസാദിനെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തത്. വീഴ്ച്ചയുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. എസ്.ഐക്കെതിരായ നടപടിയില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ച ബിന്ദു എന്നാല്‍ മറ്റ് രണ്ട് പൊലീസുകാര്‍കൂടി സംഭവത്തില്‍ കുറ്റക്കാരാണെന്നും അവര്‍ക്കെതിരേയും നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞിരുന്നു.

സംഭവത്തില്‍ അന്വേഷണച്ചുമതലയുള്ള എ.എസ്.ഐ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിന് ശേഷം കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കതെിരെ നടപടിയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

500 രൂപ ദിവസക്കൂലിക്ക് വീട്ടുജോലി ചെയ്തിരുന്ന വീട്ടിലെ മാല കാണാനില്ല എന്ന പരാതിയെത്തുടര്‍ന്നാണ് ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയത്. ഏപ്രില്‍ 23ന് മൂന്ന് മണിയോടെ സ്റ്റേഷനിലെത്തിച്ച ബിന്ദു തന്റെ നിരപരാധിത്വം പൊലീസുകാരോട് പലകുറി പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല.

ഒരു രാത്രി മുഴുവന്‍ ബിന്ദുവിനെ സ്‌റ്റേഷനില്‍വെച്ച്‌ പൊലീസ്, അവരെ ജാതി വിളിച്ച് അധിക്ഷേപിക്കുകയും തെറി വിളിക്കുകയും ചെയ്തതായാണ് പരാതി. കുടിക്കാന്‍ വെള്ളം പോലും നല്‍കിയിരുന്നില്ലെന്നും ബിന്ദും പറഞ്ഞിരുന്നു. ഒടുവില്‍ മാല അവര്‍ ജോലി ചെയ്തിരുന്ന വീട്ടി
ല്‍ നിന്ന് തന്നെ കണ്ടെത്തി.

Content Highlight: The police have not been freed from the inhuman feudalism of calling people guilty based on their color or caste: Ramesh Chennithala

We use cookies to give you the best possible experience. Learn more