| Tuesday, 21st April 2026, 11:45 am

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ കേരളത്തിന് വീഴ്ചയില്ലെന്ന് പൊലീസ്; ഡി.ജി.പി നേരിട്ട് എസ്.സി-എസ്.ടി കമ്മീഷന് മുമ്പില്‍ ഹാജരാകും

ആദർശ് എം.കെ.

തിരുവനന്തപുരം: കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് കേരളത്തിന് വീഴ്ച പറ്റിയിട്ടില്ലെന്ന നിലപാടിലുറച്ച് പൊലീസ്. നാളെ ദേശീയ പട്ടിക ജാതി, പട്ടിക വര്‍ഗ കമ്മിഷന് മുന്നില്‍ ഡി.ജി.പി റാവാഡ ചന്ദ്രശേഖര്‍ നേരിട്ട് ഹാജരായി ഇക്കാര്യം അറിയിക്കും.

വിവാഹം നടന്ന സമയത്ത് പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരുന്നുവെന്നും വിവാഹത്തില്‍ നിയമപരമായ യാതൊരുവിധ വീഴ്ചകളും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പെണ്‍കുട്ടി പ്രായപൂര്‍ത്തിയായെന്ന് തെളിയിച്ചുകൊണ്ട് പൊലീസിലും തദ്ദേശവകുപ്പിലും ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് വിവാഹം നടത്തിയതെന്നാണ് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പെണ്‍കുട്ടി കേരളത്തില്‍ തന്നെയുണ്ടെന്നും ആവശ്യപ്പെട്ടാല്‍ സംരക്ഷണം നല്‍കാന്‍ തയാറാണെന്നും ഡി.ജി.പി കമ്മിഷനെ അറിയിക്കും. ഒപ്പം കേസിന്റെ നിലവിലെ അവസ്ഥയും രേഖകളുടെ നിജസ്ഥിതിയും അദ്ദേഹം കമ്മീഷനെ ബോധിപ്പിക്കും.

തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമാണെന്നും തന്റെ വിവാഹം നിയമപരമാണെന്നും കാണിച്ച് പെണ്‍കുട്ടി നേരത്തെ അധികൃതരെ സമീപിച്ചിരുന്നു. തന്റെ ഭര്‍ത്താവിനെതിരെ നടപടിയെടുക്കരുതെന്ന പെണ്‍കുട്ടിയുടെ അഭ്യര്‍ഥന കൂടി പരിഗണിച്ചാണ് ഡി.ജി.പിയുടെ ഈ സുപ്രധാന വെളിപ്പെടുത്തല്‍.

നേരത്തെ, പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി ഇത് സംബന്ധിച്ച നിര്‍ദേശം ഇതിനോടകം നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് 11നാണ് തിരുവനന്തപുരം പൂവാറിലെ ക്ഷേത്രത്തില്‍വച്ച് പെണ്‍കുട്ടിയും ഫര്‍മാന്‍ ഖാനും വിവാഹിതരായത്. പിതാവ് തന്നെ ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്നുവെന്നും തനിക്ക് കാമുകനൊപ്പം പോകണമെന്നുമുള്ള പെണ്‍കുട്ടിയുടെ ആവശ്യപ്രകാരമാണ് പൊലീസ് കുട്ടിയെ സ്വന്തം താത്പര്യപ്രകാരം വിട്ടയച്ചത്.

Content Highlight: The police have maintained that Kerala has not failed in any way in the marriage of the Kumbh Mela girl

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more