| Wednesday, 28th October 2026, 10:05 pm

തേനിയില്‍ ജയില്‍ ചാടിയ 17 പ്രതികളേയും പിടികൂടി; വാച്ച് ടവറിലെ ഉദ്യോഗസ്ഥര്‍ക്ക് വെടിവെക്കാന്‍ ഉത്തരവ്!

ശ്രീരാഗ് പാറക്കല്‍

തേനി: തമിഴ്‌നാട്ടിലെ തേനി ജയിലില്‍ നിന്ന് തടവുചാടിയ 17 വിചാരണത്തടവുകാരെയും പൊലീസ് പിടികൂടി. ഒളിവില്‍ കഴിഞ്ഞിരുന്ന അവസാന രണ്ട് പ്രതികളെ ചിന്നമണ്ണൂരില്‍ നിന്ന് ഉത്തംപാളയത്തേക്കുള്ള വഴിയില്‍ വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനായി എത്തുന്നതിനിടെയാണ് തിരുപ്പതിയും മീനാക്ഷി സുന്ദരവും പിടിയിലായത്. വനമേഖലയില്‍ തുടരുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കാരണമാണ് ഇവര്‍ കീഴടങ്ങാന്‍ തീരുമാനിച്ചതെന്നാണ് വിവരം.

ഇന്ന് ഉച്ചയോടെ (ബുധന്‍) മറ്റ് രണ്ട് പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ നടത്തിയ ഡ്രോണ്‍ നിരീക്ഷണത്തിലൂടെ എട്ട് പേരെയും ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ അഞ്ച് പേരെയും കണ്ടെത്തിയിരുന്നു. പിടിയിലായ എല്ലാ പ്രതികളെയും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. തേനി ജയില്‍ച്ചാട്ടം വലിയ രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലായിരുന്നു പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയത്.

ജയില്‍ചാടിയ എന്‍. സോളൈ മുഗിലേശ്വരന്‍, കെ. മീനാക്ഷി സുന്ദരം, എം. കറുപ്പസ്വാമി, പി. ശബരീനാഥന്‍, പി. പൊന്‍മുത്തു സെല്‍വന്‍, ജി. നിഷാന്ത്, എം. മുത്തുഇളംഗോവന്‍, ആര്‍. റെജിന്‍, സി. ധരുണ്‍ കുമാര്‍, കെ. തിരുപ്പതി, പി. പാണ്ഡിസെല്‍വം, എന്‍. കാര്‍ത്തിക് രാജ, ടി. പ്രവീണ്‍ കുമാര്‍, എസ്. സിലംബരശന്‍, എ. രാജാ സിക്കന്‍ധര്‍, കെ. രാജ്കുമാര്‍, ജെ. ലിംഗപ്രസാദ് എന്നിവരെയാണ് പൊലീസ് വീണ്ടും പിടികൂടിയത്.

തിങ്കളാഴ്ചയാണ് ഒരേ സെല്ലില്‍ കഴിഞ്ഞിരുന്ന 17 വിചാരണത്തടവുകാര്‍ ജയില്‍ വാര്‍ഡനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ടത്. തടവുകാരില്‍ ഒരാള്‍ക്ക് അപസ്മാരം ഉണ്ടായെന്ന് വ്യാജേനയാണ് ഇവര്‍ വാര്‍ഡന്റെ സഹായം തേടിയത്. ഇതേത്തുടര്‍ന്ന് സെല്‍ തുറന്ന് അകത്തേക്ക് കയറിയ വാര്‍ഡനെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെയും ആക്രമിച്ച ശേഷമാണ് ഇവര്‍ ജയില്‍ചാടിയത്. പ്രതികളുടെ ആക്രമണത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്.

തേനിയില്‍ 17 പ്രതികളുടെ ജയില്‍ ചാട്ടത്തിന് പിന്നാലെ സംസ്ഥാനത്ത് ജയിലുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ തമിഴ്‌നാട് പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. ജില്ലാ ജയിലുകളിലെ എല്ലാ വാച്ച്ടവറുകളില്‍ ഡ്യൂട്ടിയിലുള്ള പ്രിസണ്‍ ഗാര്‍ഡുമാരായ ഉദ്യോഗസ്ഥര്‍ക്ക് വെടിവെയ്ക്കാനുള്ള അധികാരം നല്‍കിയതായി ജയില്‍ ഡി.ജി.പി സന്ദീപ് റായ് റാത്തോര്‍ അറിയിച്ചു.

ആക്രമണങ്ങള്‍ നേരിടാനും ജയിച്ചാട്ടങ്ങള്‍ പ്രതിരോധിക്കാനും ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

Content Highlight: The police have apprehended all 17 undertrial prisoners who escaped from the Theni jail in Tamil Nadu

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more