ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്ത ഭണ്ഡാര കൊള്ളയുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വേട്ടയാടുന്നതായി പരാതി. അഴിമതിയും ഭണ്ഡാര കൊള്ളയും സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത യൂട്യൂബ് ചാനല്‍ ഉടമ അഭിഷേക് ഉപാധ്യായയാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്.
സര്‍ക്കാരിനെതിരായ റിപ്പോര്‍ട്ടുകള്‍ നല്‍കിയതിന് പിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തനിക്കെതിരെ പുതിയ കേസുകള്‍ ചുമത്തി വേട്ടയാടുകയാണെന്ന് അഭിഷേക് പറഞ്ഞു. എക്‌സ്‌പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം താന്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വിവരിച്ചത്.
റോഡപകടവുമായി ബന്ധപ്പെട്ട കേസില്‍ തനിക്കെതിരയുള്ള സര്‍ക്കാര്‍ ആരോപണങ്ങള്‍ കെട്ടിചമച്ചതാണെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഗാസിയാബാദില്‍ അഭിഷേകിന്റെ കാറില്‍ ബൈക്ക് വന്നിടിക്കുകയും ഇതില്‍ അദ്ദേഹത്തിനെതിരെ തന്നെ കേസെടുക്കുകയുമായിരുന്നു. ഈ കേസിലാണ് അദ്ദേഹം ഹരജി നല്‍കിയത്.
തനിക്ക് എഫ്.ഐ.ആറിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒന്നുകില്‍ തനിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും അല്ലെങ്കില്‍ ഉത്തര്‍പ്രദേശ് പൊലീസിന് പുറമേയുള്ള സ്വതന്ത്ര്യ എജന്‍സിക്ക് കേസ് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, രാമക്ഷേത്രത്തിലെ കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെയും സംഭാവനകളെയും സംരക്ഷിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ആര്‍ജെഡി തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. സംഭാവന തട്ടിപ്പില്‍ കൃത്യമായ വിജിലന്‍സ് അന്വേഷണം വേണമെന്നും അഭിഷേക് ഉപാധ്യായക്ക് സംരക്ഷണം നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Content Highlight: The police are deliberately hounding him; a complaint alleges that the UP government is targeting the journalist who exposed the Ayodhya *Bhandara* (temple treasury) heist.