| Sunday, 14th September 2025, 6:09 pm

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ ഘട്ടത്തിൽ എന്നെ താങ്ങിനിർത്തിയ ആൾ; ഇന്നസെന്റിനെ ഓർത്ത് രൺജി പണിക്കർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ മികച്ച തിരക്കഥാകൃത്തുകളിൽ ഒരാളാണ് രൺജി പണിക്കർ. ഒട്ടനവധി മാസ് നായകന്മാരെയും അവരുടെ തീപ്പൊരി ഡയലോഗുകളും രൺജി പണിക്കർ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട് . കിംഗ്, കമ്മീഷണർ, പത്രം, ലേലം, പ്രജ തുടങ്ങിയ ചിത്രങ്ങൾ ഇന്നും പലർക്കും പ്രിയപ്പെട്ടവയാണ്.

സുരേഷ് ഗോപി നായകനായി അഭിനയിച്ച സൂപ്പർഹിറ്റ് സിനിമ ഭരത് ചന്ദ്രൻ ഐ.പി.എസ്, മമ്മൂട്ടി പൊലീസ് ഓഫീസറായി അഭിനയിച്ച രൗദ്രം എന്നീ സിനിമകളുടെ തിരക്കഥ എഴുതിയതും നിർമാണം, സംവിധാനം എന്നിവ നിർവഹിച്ചതും രൺജി പണിക്കരാണ്. ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ് പ്രധാനകഥാപാത്രത്തിലെത്തിയ ഡോ. പശുപതി എന്ന സിനിമയ്ക്ക് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രൺജി പണിക്കരായിരുന്നു. ഇപ്പോൾ ഇന്നസെന്റിനെക്കുറിച്ചുള്ള ഓർമ പങ്കുവെക്കുകയാണ് രൺജി പണിക്കർ.

‘‍‍ഡോ. പശുപതി, നർമത്തിൽ ചാലിച്ചെഴുതിയ ആ തിരക്കഥയിലൂടെയായിരുന്നു സിനിമയിലേക്കുള്ള എന്റെ കടന്നുവരവ്. തമാശ നിറച്ച ചലച്ചിത്ര തിരക്കഥ എഴുതുമെന്ന പ്രതീക്ഷ എനിക്ക് ഒരിക്കൽപ്പോലും ഉണ്ടായിട്ടില്ല. അങ്ങനെയൊരു ഭാഷ എനിക്ക് വഴങ്ങുന്നതായിരുന്നില്ല. അത്തരമൊരവസരത്തിൽ അപ്രതീക്ഷിതമായി ഞാൻ ഡോ. പശുപതിയുടെ തിരക്കഥാ രചനയിലേക്ക് കടക്കുന്നത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ ഘട്ടത്തിൽ എന്നെ താങ്ങിനിർത്തിയ ആളാണ് ഇന്നസെന്റ്. ഒരർഥത്തിൽ, അതിലെ നായകനും പ്രതിനായകനും ഇന്നസെന്റായിരുന്നു,’ രൺജി പണിക്കർ പറയുന്നു.

ആ സിനിമയുടെ വിജയം ഇന്നസെന്റിന്റെ നർമത്തിന്റെ വിജയമാണ്. അതിലെ പശുപതി എന്ന കഥാപാത്രത്തെ നാം ഇന്നുകാണുന്ന രൂപത്തിലേക്കെത്തിച്ചത് ഇന്നസെന്റാണ്. തന്റെ തിരക്കഥയിൽ അടിസ്ഥാനപരമായ കാര്യങ്ങളുണ്ടായിരുന്നെങ്കിലും അതിനപ്പുറത്ത്, പശുപതി എന്ന കഥാപാത്രത്തിനായി ഇന്നസെന്റ് സ്വന്തം കൈയിൽ നിന്നിട്ട സംഭാഷണങ്ങളാണ് ചിത്രത്തിന് ഇന്നുകാണുന്ന പൂർണത സംഭാവന ചെയ്തതെന്ന് താനിന്നും വിശ്വസിക്കുന്നുവെന്നും രൺജി പണിക്കർ പറഞ്ഞു.

തിയേറ്ററിൽ വലിയ കൈയടിയും കൂട്ടച്ചിരിയും ആ സിനിമയുണ്ടാക്കിയെന്നും ഇന്നസെന്റ് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ആ സിനിമയ്ക്ക് ഇങ്ങനെയൊരു സ്വീകാര്യത ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ച‍ർത്തു. അങ്ങനെയൊന്നു സംഭവിച്ചില്ലായിരുന്നെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് തന്റെ ആദ്യസംരംഭം വൻപരാജയമായിപ്പോയേനെയെന്നും രൺജി പണിക്കർ ഓർക്കുന്നു.

Content Highlight: The person who supported me at the most important stage of my life; Renji Panicker remembers Innocent

We use cookies to give you the best possible experience. Learn more