| Tuesday, 13th October 2026, 5:30 pm

Interview: ഡോ. എസ്. ഫെയ്‌സി |: 'ഒരു ജനതയാണ് സര്‍ക്കാരിനെ തെരഞ്ഞെടുക്കേണ്ടത്; സര്‍ക്കാര്‍ ഒരു ജനതയെ തെരഞ്ഞെടുക്കുന്ന സാഹചര്യമാണിപ്പോള്‍'

ആര്യ. പി, അസോസിയേറ്റ് എഡിറ്റര്‍

ജനാധിപത്യവും നീതിയുക്തമായ തെരഞ്ഞെടുപ്പും സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്റ്റോക്ക്‌ഹോം ആസ്ഥാനമായുള്ള അന്താരാഷ്ട്ര സംഘടനയാണ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്‍ഡ് ഇലക്ടറല്‍ അസിസ്റ്റന്‍സ് (ഇന്റര്‍നാഷണല്‍ ഐഡിയ). സംഘടനയുടെ കൗണ്‍സില്‍ ഓഫ് മെമ്പര്‍ സ്റ്റേറ്റ്‌സ് അധ്യക്ഷസ്ഥാനത്തുനിന്ന് ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. എസ്. ഫെയ്‌സി സംഘടനയ്ക്ക് തുറന്ന കത്തെഴുതിയിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലും ആഗോളതലത്തിലും പരിസ്ഥിതി നീതിക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര പരിസ്ഥിതി നയവിദഗ്ധനും മുന്‍ യു.എന്‍ പരിസ്ഥിതി കൂടിയാലോചകനുമാണ് അദ്ദേഹം.

വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ എസ്.ഐ.ആര്‍ (SIR), വോട്ടര്‍പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര പ്രവര്‍ത്തനം, കമ്മീഷണര്‍മാരുടെ നിയമനത്തിലെ കേന്ദ്രസര്‍ക്കാര്‍ സ്വാധീനം എന്നിവയെല്ലാം കത്തില്‍ അദ്ദേഹം ഉന്നയിക്കുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വതന്ത്രമായി വിലയിരുത്താന്‍ അന്താരാഷ്ട്ര നിരീക്ഷണ സംവിധാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കത്തിന്റെ പശ്ചാത്തലവും അതില്‍ ഉന്നയിക്കുന്ന ആശങ്കകളും ഡൂള്‍ന്യൂസ് അസോ. എഡിറ്റര്‍ ആര്യ.പിയുമായി നടത്തിയ അഭിമുഖത്തില്‍ ഡോ. എസ്. ഫെയ്‌സി വിശദീകരിക്കുന്നു.

ചോദ്യം: വോട്ടവകാശം ഒരു പൗരന്റെ അടിസ്ഥാന അവകാശമാണ്. എന്നാല്‍, എസ്.ഐ.ആര്‍ നടപടികളിലൂടെ 13 കോടിയലധികം ആളുകളെ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വലിയൊരു ഭീഷണിയായി ഇതിനെ കാണേണ്ടതല്ലേ? ഇത്തരമൊരു കത്തെഴുതാനുള്ള തീരുമാനത്തെ കുറിച്ച് വിശദീകരിക്കാമോ?

ഡോ. എസ്. ഫെയ്‌സി: സാധാരണഗതിയില്‍ ഒരു രാജ്യത്തെ ജനങ്ങളാണ് തങ്ങളുടെ സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍, ഇപ്പോള്‍ സര്‍ക്കാര്‍, ആരൊക്കെ പൗരന്മാരായിരിക്കണം ആര്‍ക്കൊക്കെ വോട്ട് ചെയ്യാന്‍ കഴിയണം എന്ന് തീരുമാനിക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെയും ഭരണഘടനയെയും തകിടം മറിക്കുന്ന പ്രക്രിയയാണ്.

2018-ല്‍ സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തി, രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു. അന്ന് അവര്‍ ചൂണ്ടിക്കാട്ടിയ ആശങ്കകളുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെ ഞാന്‍ കാണുന്നത്. ഇതിനായി കൃത്യമായ തന്ത്രങ്ങളും ആസൂത്രണവും നടന്നിട്ടുണ്ട്. ഇതിന് പിന്നില്‍ നാം പുറത്തുകാണുന്ന ഉദ്യോഗസ്ഥര്‍ മാത്രമല്ല, വലിയൊരു സംഘമുണ്ടാകാമെന്ന് കരുതേണ്ടതുണ്ട്.

ഇത് ഒരു ഭരണനടപടിയിലെ പിഴവ് മാത്രമല്ല. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ജനാധിപത്യ അടിത്തറയ്‌ക്കെതിരായ ആക്രമണമായാണ് ഞാന്‍ ഇതിനെ കാണുന്നത്. ഭാഗ്യവശാല്‍, ഇപ്പോഴെങ്കിലും ജനങ്ങള്‍ ഉണരുകയും പ്രതിഷേധവുമായി മുന്നോട്ടുവരികയും ചെയ്യുന്നുണ്ട്.

ഇന്ത്യ സ്ഥാപക അംഗമായിട്ടുള്ള, ജനാധിപത്യവും നീതിയുക്തമായ തെരഞ്ഞെടുപ്പും സംരക്ഷിക്കാനായി പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയുടെ അധ്യക്ഷസ്ഥാനത്ത് ഇത്തരം നടപടികളുമായി ബന്ധപ്പെട്ട് വിമര്‍ശനം നേരിടുന്ന ഒരാള്‍ തുടരുന്നത് ആ സ്ഥാപനത്തിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും ഒരുപോലെ അപമാനകരമാണ്. ഈ സാഹചര്യത്തിലാണ് ഗ്യാനേഷ് കുമാറിനെ ഇന്റര്‍നാഷണല്‍ ഐഡിയയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ കത്തയച്ചത്.

ചോദ്യം: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വതന്ത്രമായി വിലയിരുത്താന്‍ അന്താരാഷ്ട്ര നിരീക്ഷണ സംവിധാനം വേണമെന്ന് താങ്കള്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. വോട്ടര്‍പട്ടിക തയ്യാറാക്കുന്നത് മുതല്‍ വോട്ടെണ്ണലും പരാതികളുടെ തീര്‍പ്പാക്കലും വരെയുള്ള ഏത് ഘട്ടങ്ങളാണ് ഈ നിരീക്ഷണത്തിന് വിധേയമാക്കേണ്ടത്?

ഡോ. എസ്. ഫെയ്‌സി: തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ പ്രക്രിയയിലും സുതാര്യവും ജനാധിപത്യപരവുമായ അന്താരാഷ്ട്ര നിരീക്ഷണം ആവശ്യമാണ്. അന്താരാഷ്ട്ര തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പബ്ലിസിറ്റിക്ക് വേണ്ടി അവകാശപ്പെടാറുണ്ട്. എന്നാല്‍, നിലവില്‍ നടക്കുന്ന കാര്യങ്ങളെ യഥാര്‍ഥ തെരഞ്ഞെടുപ്പ് നിരീക്ഷണമായി കാണാനാകില്ലെന്നാണ് എന്റെ നിലപാട്. അതൊരു തെറ്റിദ്ധരിപ്പിക്കലാണ്.

വിദേശത്തുനിന്നുള്ളവര്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് മനസ്സിലാക്കാനും ഇവിടുത്തെ അനുഭവങ്ങളില്‍നിന്ന് അവരുടെ രാജ്യങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ പഠിക്കാനുമായി എത്തുന്നുണ്ട്. അതൊരു പഠന-പരിശീലന സന്ദര്‍ശനമാണ്. എന്നാല്‍, യഥാര്‍ഥ തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് അതിനേക്കാള്‍ വിപുലമായ അധികാരങ്ങളും സ്വാതന്ത്ര്യവും ആവശ്യമാണ്.

അന്താരാഷ്ട്ര നിരീക്ഷകര്‍ക്ക് ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും പ്രതിനിധികളെ കേള്‍ക്കാനും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അഭിമുഖം ചെയ്യാനും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങള്‍ പരിശോധിക്കാനും കഴിയും. നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി അത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും.

വോട്ടര്‍പട്ടിക പുതുക്കുന്നത് മുതല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവയുടെ ക്രമീകരണം, പോളിങ് നടപടികള്‍, വോട്ടെണ്ണല്‍, തെരഞ്ഞെടുപ്പ് ഫലങ്ങളുമായി ബന്ധപ്പെട്ട പരാതികളുടെ പരിഹാരം എന്നിവയെല്ലാം നിരീക്ഷണത്തിന്റെ പരിധിയില്‍ വരും.

ഇന്ത്യയുടെ പരമാധികാരത്തെ മാനിച്ചുകൊണ്ടുതന്നെ ഇത്തരമൊരു സംവിധാനം നടപ്പാക്കാനാകും. കുറഞ്ഞത് അടുത്ത രണ്ട് തെരഞ്ഞെടുപ്പുകളിലെങ്കിലും ഈ രീതിയിലുള്ള അന്താരാഷ്ട്ര ജനാധിപത്യ നിരീക്ഷണം വേണമെന്നാണ് എന്റെ അഭിപ്രായം. ഇത്രയേറെ നശിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള ശ്രമത്തെ ഇത് സഹായിക്കും.

ചോദ്യം: വോട്ടര്‍പട്ടികയില്‍നിന്നുള്ള കൂട്ടമായ പേരൊഴിവാക്കല്‍ മുസ്‌ലിങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ വോട്ടവകാശത്തെ ബാധിക്കുന്നുവെന്ന ആശങ്കയുണ്ട്. ഈ നടപടികള്‍ ന്യൂനപക്ഷങ്ങളെയും മറ്റ് ദുര്‍ബല വിഭാഗങ്ങളെയും എങ്ങനെയാണ് ബാധിക്കുന്നത്? അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം എന്തായിരിക്കും?

ഡോ. എസ്. ഫെയ്‌സി: ന്യൂനപക്ഷങ്ങളെ പ്രത്യേകമായി ലക്ഷ്യമിടുന്ന നടപടികളാണിവയെന്നാണ് എന്റെ വിലയിരുത്തല്‍. അതോടൊപ്പം, നിയമപരമായ പോരാട്ടങ്ങള്‍ നടത്താന്‍ സാമ്പത്തികശേഷിയോ സമയമോ സൗകര്യമോ ഇല്ലാത്ത സാധാരണക്കാരും മറ്റ് ദുര്‍ബല വിഭാഗങ്ങളും ഇതിന്റെ പ്രത്യാഘാതം നേരിടുന്നു.

മുസ്‌ലിം ന്യൂനപക്ഷങ്ങളില്‍നിന്ന് വലിയ തോതില്‍ ആളുകളെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കുന്നുവെന്ന ആശങ്കയുണ്ട്. ഇത് ഭരണപരമായ നടപടിയെന്നതിലുപരി ഒരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായി നടക്കുന്നതാണെന്നാണ് ഞാന്‍ കരുതുന്നത്. അതാണ് ഏറ്റവും വലിയ അപകടം.

ഇതിനെ കേവലം സാങ്കേതിക പിഴവുകളായി കാണാനാകില്ല. വോട്ടര്‍പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്യപ്പെടുമ്പോള്‍, ആ വ്യക്തികള്‍ക്ക് തെരഞ്ഞെടുപ്പില്‍ പങ്കാളികളാകാനുള്ള അവകാശമാണ് നഷ്ടപ്പെടുന്നത്. പ്രത്യേകിച്ച്, തങ്ങളുടെ പേര് ഒഴിവാക്കിയതിനെതിരെ അപ്പീല്‍ നല്‍കാന്‍ പോലും കഴിയാത്തവരുടെ കാര്യത്തില്‍ പ്രത്യാഘാതം കൂടുതല്‍ ഗുരുതരമാണ്.

ചോദ്യം: പശ്ചിമ ബംഗാളില്‍ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെ അപ്പീലുകളില്‍ വലിയൊരു ശതമാനവും വോട്ടര്‍മാര്‍ക്ക് അനുകൂലമായി തീര്‍പ്പാക്കിയതായി കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇത്രയധികം പേരുകള്‍ തെറ്റായി ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റെടുക്കേണ്ടതല്ലേ?

ഡോ. എസ്. ഫെയ്‌സി: തീര്‍ച്ചയായും. ഇതിനകം അവിടെ വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടക്കുകയും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു. ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെ എണ്ണം പുതിയ സര്‍ക്കാരിന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണെന്നതാണ് ഈ വിഷയത്തിലെ മറ്റൊരു ഗൗരവമായ കാര്യം. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പിന്റെ ജനാധിപത്യപരമായ സാധുതയെക്കുറിച്ച് തന്നെ ചോദ്യങ്ങള്‍ ഉയരും.

വോട്ടവകാശം നഷ്ടപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം, ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ച നടപടികളുടെ ഉത്തരവാദിത്തവും നിര്‍ണയിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന് നിയമപരമായ പരിരക്ഷ നല്‍കുന്ന വ്യവസ്ഥകളും ഈ പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടേണ്ടതാണ്. വോട്ടവകാശം നഷ്ടപ്പെട്ട പൗരന്മാര്‍ക്ക് നീതി ലഭിക്കാനുള്ള വഴികള്‍ അടയുന്ന സാഹചര്യമുണ്ടാകരുത്.

ചോദ്യം: വോട്ടര്‍ രജിസ്‌ട്രേഷനുള്ള ഫോം 6-ല്‍ വരുത്തിയ മാറ്റങ്ങളും അതിന്റെ നിയമസാധുതയെക്കുറിച്ചുയര്‍ന്ന ചോദ്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ബാധിക്കുന്നതല്ലേ? നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ ഫോമില്‍ മാറ്റം വരുത്തുന്നതിന്റെ ഗൗരവം എത്രത്തോളമാണ്?

ഡോ. എസ്. ഫെയ്‌സി: ഫോം 6 നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് തയ്യാറാക്കിയിട്ടുള്ളതാണ്. അതില്‍ മാറ്റം വരുത്തണമെങ്കില്‍ നിശ്ചിത നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അത്തരം നടപടിക്രമങ്ങള്‍ പാലിക്കാതെ ഫോമില്‍ മാറ്റം വരുത്താന്‍ കഴിയില്ല.

എന്നാല്‍, നടപടിക്രമങ്ങള്‍ പാലിക്കാതെ മാറ്റം വരുത്തിയെന്ന ആരോപണം മാത്രമല്ല ഇവിടെയുള്ള പ്രശ്‌നം. സുപ്രീം കോടതിയുടെ അംഗീകാരത്തോടെയാണ് മാറ്റം വരുത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചതായും പിന്നീട് കോടതി അത്തരമൊരു അംഗീകാരം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇത് ശരിയാണെങ്കില്‍, അതീവ ഗൗരവമുള്ള വിഷയമാണത്. സുപ്രീം കോടതിയുടെ നിലപാടിനെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുകയും കോടതിയെ തന്നെ സംശയത്തിന്റെ നിഴലിലാക്കുകയും ചെയ്യുന്ന നടപടിയായി അതിനെ കാണേണ്ടിവരും. തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലുള്ള ഭരണഘടനാ സ്ഥാപനത്തില്‍നിന്ന് ഇത്തരം കാര്യങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാനാവില്ല. അതൊക്കെ വലിയ കുറ്റകൃത്യങ്ങളാണ്.

ചോദ്യം: എസ്.ഐ.ആര്‍ നടപടികളിലും വോട്ടര്‍ ഡാറ്റ കൈകാര്യം ചെയ്യുന്നതിലും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ആവര്‍ത്തിച്ച് എതിര്‍പ്പുകള്‍ ഉന്നയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കമ്മീഷനുള്ളില്‍ത്തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മുന്നോട്ടുപോയത് ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണാധികാരത്തെയും സുതാര്യതയെയും ചോദ്യം ചെയ്യുന്നതല്ലേ? 

ഡോ. എസ്. ഫെയ്‌സി: രാജ്യത്തിന്റെ ഭരണസംവിധാനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുര്‍ബലപ്പെടുത്തുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്ന ആശങ്കയാണ് ഇത് ശക്തിപ്പെടുത്തുന്നത്. മറ്റ് രണ്ട് കമ്മീഷണര്‍മാര്‍ക്ക് ഈ നടപടികളോട് പൂര്‍ണമായി യോജിപ്പില്ലായിരുന്നുവെങ്കില്‍ പോലും, അവര്‍ എത്രത്തോളം എതിര്‍പ്പ് രേഖപ്പെടുത്തി, ആ എതിര്‍പ്പുകള്‍ക്ക് എന്ത് പരിഗണന ലഭിച്ചു തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാകേണ്ടതുണ്ട്.

ഇത്തരം കാര്യങ്ങള്‍ പൊതുജനങ്ങള്‍ അറിയുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാത്രമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലൊരു സുപ്രധാന സ്ഥാപനത്തിന്റെ തീരുമാനങ്ങള്‍ എങ്ങനെയാണ് കൈക്കൊള്ളുന്നതെന്നും അതില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാല്‍ അവ എങ്ങനെ പരിഗണിക്കുന്നുവെന്നും ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്.

ചോദ്യം: തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമന സമിതിയില്‍നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്രസര്‍ക്കാരിന്റെ സ്വാധീനം വര്‍ധിപ്പിച്ചുവെന്ന വിമര്‍ശനമുണ്ട്. നിയമനത്തില്‍ സര്‍ക്കാരിന് നിര്‍ണായക സ്വാധീനമുള്ളപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര പ്രവര്‍ത്തനം എങ്ങനെ ഉറപ്പാക്കാനാകും?

ഡോ. എസ്. ഫെയ്‌സി: നിലവിലെ നിയമനരീതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. ഒരു വകുപ്പിന്റെ സെക്രട്ടറിയെ നിയമിക്കുന്നതുപോലെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സംവിധാനമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറാനുള്ള സാഹചര്യമാണിത് സൃഷ്ടിക്കുന്നത്.

പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ കൂടുതല്‍ സന്തുലിതമായ തീരുമാനമെടുക്കല്‍ സാധ്യമാകുമായിരുന്നു. എന്നാല്‍, നിലവിലെ സംവിധാനത്തില്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ണായക സ്വാധീനമുണ്ട്. അവരുടെ സ്വന്തം ആളുകളെ വെച്ചു, അതോടൊപ്പം, കമ്മീഷണര്‍മാര്‍ക്ക് ഔദ്യോഗിക നടപടികളുടെ പേരില്‍ നിയമപരമായ പരിരക്ഷ നല്‍കുന്ന വ്യവസ്ഥകളും ഉള്‍പ്പെടുത്തി. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശം എന്നത് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിവാകാനുള്ള അവകാശമല്ല. പൗരന്മാരുടെ വോട്ടവകാശത്തെ ബാധിക്കുന്ന തെറ്റായ തീരുമാനങ്ങള്‍ ഉണ്ടായാല്‍ അതിന് ഉത്തരവാദിത്തം നിശ്ചയിക്കാനുള്ള സംവിധാനവും വേണം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ എന്ത് പരിഹാരമാണ് സാധ്യമാകുക എന്നത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്.

ചോദ്യം: തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ പ്രത്യേക കോടതി രൂപീകരിച്ച് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണോ താങ്കളുടെ നിലപാട്? കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ പോലും പുനഃപരിശോധിക്കേണ്ട സാഹചര്യമുണ്ടെന്ന് കരുതുന്നുണ്ടോ?

ഡോ. എസ്. ഫെയ്‌സി: ഉത്തരവാദിത്തം ഉറപ്പാക്കാന്‍ ഫലപ്രദമായ നിയമനടപടികള്‍ ആവശ്യമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അവ അന്വേഷിക്കുകയും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുകയും വേണം. അതിനായി പ്രത്യേക നിയമസംവിധാനം ആവശ്യമാണെങ്കില്‍ അതും പരിഗണിക്കണം.

വോട്ടവകാശം നിഷേധിക്കപ്പെട്ടത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടുണ്ടെങ്കില്‍ അതിന് പരിഹാരം കാണേണ്ടതുണ്ട്. ഗുരുതരമായ ക്രമക്കേടുകള്‍ തെളിയിക്കപ്പെടുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കുകയും സര്‍ക്കാരിനെ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിക്കണം. മുന്‍കാല തെരഞ്ഞെടുപ്പുകളിലും ഇത്തരം ക്രമക്കേടുകള്‍ നടന്നിട്ടുണ്ടാകാമെന്ന ആശങ്കയുമുണ്ട്.

ഇത്തരത്തില്‍ അധികാരത്തിലെത്തുന്ന സര്‍ക്കാരുകള്‍ പിന്നീട് നടപ്പാക്കുന്ന രാഷ്ട്രീയ അജണ്ടകളും ഗൗരവത്തോടെ കാണണം. ആള്‍ക്കൂട്ടക്കൊലകള്‍ നടക്കുന്നു, ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു, ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്നു. അനധികൃതമായി അധികാരത്തിലെത്തിയ സര്‍ക്കാരുകള്‍ അവരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ഇത്തരം നടപടികള്‍ തുടരുകയാണ്.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകരുന്നത് ഒരു തെരഞ്ഞെടുപ്പില്‍ മാത്രം ഒതുങ്ങുന്ന പ്രശ്‌നമല്ല. അത് ജനാധിപത്യ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസത്തെത്തന്നെ ബാധിക്കും. അതുകൊണ്ടുതന്നെ ഇത്തരം ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കുകയും ഉത്തരവാദിത്തം ഉറപ്പാക്കുകയും വോട്ടവകാശം നിഷേധിക്കപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കുകയും വേണം.

ചോദ്യം: വോട്ടര്‍പട്ടികയില്‍നിന്ന് തെറ്റായി ഒഴിവാക്കപ്പെട്ടവരുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയാണ്?

ഡോ. എസ്. ഫെയ്‌സി: ഇപ്പോള്‍ നടത്തിയിരിക്കുന്ന ഈ എസ്.ഐ.ആര്‍ പൂര്‍ണമായി റദ്ദ് ചെയ്യുകയാണ് വേണ്ടത്. അതിന് ശേഷം വേണ്ടത്ര അവധാനതയോടെ വോട്ടര്‍ പട്ടിക സമഗ്രമായി പുതുക്കുക. നിയമവിരുദ്ധമായും തെറ്റായും നടന്നിരിക്കുന്ന എല്ലാ ഒഴിവാക്കലുകളും തിരുത്തണം. എല്ലാ പൗരന്മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും ഒഴിവാക്കപ്പെട്ട പേരുകള്‍ പുനഃസ്ഥാപിക്കാനും മതിയായ സമയം നല്‍കണം.

വോട്ടര്‍പട്ടിക തയ്യാറാക്കുന്ന പ്രക്രിയയില്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യമായ സമയം ലഭിക്കണം. കേരളത്തില്‍പ്പോലും സമയപരിമിതി കാരണം ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടതായുള്ള കാര്യങ്ങള്‍ നമ്മള്‍ കണ്ടല്ലോ. എന്നിട്ടും ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന പരാതികളുണ്ട്.

ഇത്രയും പ്രധാനപ്പെട്ട ഒരു പ്രക്രിയ ധൃതിപിടിച്ച് നടത്താന്‍ കഴിയില്ല. ഓരോ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം. തെറ്റായി ഒഴിവാക്കപ്പെട്ടവരെ കണ്ടെത്തി അവരുടെ പേരുകള്‍ പുനഃസ്ഥാപിക്കുകയും ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സുതാര്യമായ സംവിധാനം ഒരുക്കുകയും വേണം.

ചോദ്യം: ദല്‍ഹിയില്‍ കോക്ക്രോച്ച് ജനത പാര്‍ട്ടി, ഇടതുപാര്‍ട്ടികള്‍, ഇന്ത്യ മുന്നണിയിലെ മറ്റു ഘടകക്ഷികള്‍, മറ്റ് സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

ഡോ. എസ്. ഫെയ്‌സി: ഈ പ്രതിഷേധങ്ങള്‍ നേരത്തേ ആരംഭിക്കേണ്ടതായിരുന്നു. ഇപ്പോള്‍ യുവജനങ്ങളും കര്‍ഷകരും തൊഴിലാളികളുമെല്ലാം പ്രതിഷേധങ്ങളില്‍ പങ്കാളികളാകുന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ജനാധിപത്യത്തെ തിരിച്ചുപിടിക്കാനാകുമെന്ന പ്രത്യാശയാണ് ഈ മുന്നേറ്റം നല്‍കുന്നത്. ജനാധിപത്യത്തിന്റെ പുനരുജ്ജീവനത്തിനുള്ള ഒരു പ്രക്രിയയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഈ മുന്നേറ്റത്തെ സ്വാതന്ത്ര്യസമരത്തിന്റെ തുടര്‍ച്ചയായാണ് ഞാന്‍ കാണുന്നത്. അക്രമത്തിന്റെ പാത സ്വീകരിക്കാതെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള ശേഷി നമ്മുടെ ജനാധിപത്യത്തിനുണ്ട്. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളും അതിന്റെ തുടര്‍ച്ചയാണ്. അല്ലാത്തപക്ഷം, ശ്രീലങ്കയിലും ബംഗ്ലാദേശിലും നേപ്പാളിലും കണ്ടതുപോലെ അക്രമാസക്തവും വിനാശകരവുമായ വഴികളിലേക്ക് പ്രതിഷേധങ്ങള്‍ നീങ്ങാമായിരുന്നു.

എന്നാല്‍, അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ നമുക്ക് കഴിയുന്നത് സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യം ഇന്നും നമ്മുടെ മനസ്സില്‍ സൂക്ഷിക്കുന്നതുകൊണ്ടാണ്. ആ പാരമ്പര്യത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട്, നിശ്ചയദാര്‍ഢ്യത്തോടെ ഇത്തരം നീക്കങ്ങളെ ചെറുക്കാന്‍ നമ്മുടെ ജനാധിപത്യത്തിന് കഴിയും. പ്രതിസന്ധികളെ അതിജീവിച്ച് തിരിച്ചുവരാനുള്ള ഈ ശേഷി നമ്മുടെ ജനാധിപത്യത്തിനും സമൂഹത്തിനുമുണ്ട്.

ചോദ്യം: പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി എത്രകാലം സര്‍ക്കാരിന് മുന്നോട്ടുപോകാനാകും? ഇത്തരം സാഹചര്യങ്ങളില്‍ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുന്നോട്ടുള്ള വഴി എന്താണ്?

ഡോ. എസ്. ഫെയ്‌സി: പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദയമായ നടപടികളാണ് സ്വീകരിക്കുന്നതെന്നാണ് എന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ എം.പിമാര്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നടന്ന ആക്രമണങ്ങള്‍ നീചവും നികൃഷ്ടവുമാണ്. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുകയും ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയും ചെയ്യുക എന്നതായിരിക്കാം അവരുടെ ലക്ഷ്യം. എന്നാല്‍, ജനങ്ങള്‍ ഭയത്തില്‍നിന്ന് മുക്തരായി മുന്നോട്ടുവരുന്ന സാഹചര്യം ഇപ്പോള്‍ കാണുന്നുണ്ട്. ഈ മുന്നേറ്റത്തെ ഇനി അധികകാലം തടഞ്ഞുനിര്‍ത്താന്‍ അവര്‍ക്ക് കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല.

ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ അക്രമത്തിന്റെ പാത ഒരിക്കലും സ്വീകരിക്കാതെ ഒരുമിച്ചുനില്‍ക്കണം. അങ്ങനെ മുന്നോട്ടുപോയാല്‍ വിജയം ജനങ്ങള്‍ക്കായിരിക്കും. പ്രതിഷേധക്കാരെ പ്രകോപിപ്പിച്ച് അക്രമത്തിന്റെ വഴിയിലേക്ക് നയിക്കുക എന്നതും അവരുടെ താല്‍പര്യമായിരിക്കാം. അതുകൊണ്ടുതന്നെ അത്തരം പ്രകോപനങ്ങളില്‍ വീഴാതെ സമാധാനപരമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകണം.

ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ജനാധിപത്യ വിശ്വാസം ഉയര്‍ത്തിപ്പിടിക്കുന്നവരാണ് ബഹു ഭൂരിപക്ഷം ജനങ്ങളും. അവര്‍ ഒരുമിച്ച് സംഘടിച്ച് മുന്നോട്ടുവന്നാല്‍ ഇത്തരം നീക്കങ്ങളെ ചെറുക്കാന്‍ നമുക്ക് കഴിയും. സമാധാനപരമായ പ്രതിഷേധങ്ങളിലൂടെയും ജനാധിപത്യപരമായ ഇടപെടലുകളിലൂടെയും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടം തുടരുകതന്നെ വേണം.

Content Highlight: The people should choose the government; now, the government is choosing the people

ആര്യ. പി, അസോസിയേറ്റ് എഡിറ്റര്‍

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more