ന്യൂദല്‍ഹി: നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട് പോവുന്ന സാഹചര്യത്തില്‍ ഭാവിയില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്ന് ആംആദ്മി പാര്‍ട്ടി മേധാവി അരവിന്ദ് കെജ്‌രിവാള്‍.
ഗോവയില്‍ നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദഹത്തിന്റെ പരാമര്‍ശം. രാഘവ് ഛദ്ദയുള്‍പ്പെടെയുള്ള ആറ് രാജ്യസഭാ എം.പിമാര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
രാഘവ് ഛദ്ദയുടേയും മറ്റ് എം.പിമാരുടെയും ഈ നീക്കം പാര്‍ട്ടിയോടുള്ള വഞ്ചനയാണെന്നായിരുന്നു അദ്ദേഹം അന്ന് പ്രതികരിച്ചത്. എം.പിമാരുടെ പ്രവൃത്തി നിര്‍ഭാഗ്യകരമാണെന്നും ജനങ്ങളല്ല, പാര്‍ട്ടിയാണ് ഇവരെ രാജ്യസഭയിലേക്കയച്ചതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
എന്നാല്‍ പാര്‍ട്ടി അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിച്ചത് കൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നായിരുന്നു രാഘവ് ഛദ്ദയുടെ പ്രതികരണം. ഇത്തരത്തില്‍ എം.പിമാര്‍ കൂറുമാറിയത് പാര്‍ട്ടിക്ക് വലിയ ആഘാതം തന്നെയായിരുന്നു ഉണ്ടാക്കിയത്. ഇത് പാര്‍ട്ടിയുടെ അംഗബലത്തേയും സ്വാധീനത്തെയും വലിയ രീതിയില്‍ ദുര്‍ബലപ്പെടുത്തി.
ഗോവ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി സഖ്യം പ്രഖ്യാപിച്ച് കരുക്കള്‍ നീക്കുന്നതിനിടെയാണ് ഭാവിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജാഗ്രത പുലര്‍ത്തുമെന്ന കെജ്‌രിവാളിന്റെ പുതിയ പ്രഖ്യാപനം.
Content Highlight: The party will exercise greater vigilance from now on: Kejriwal on the mass defection of MPs to the BJP.