| Sunday, 14th December 2025, 9:57 am

ആ സാഹചര്യത്തില്‍ പറഞ്ഞുപോയത്; ക്ഷേമ പെന്‍ഷന്‍ ഔദാര്യമല്ലെന്ന പാര്‍ട്ടി നിലപാട് തന്നെയാണ് എന്റേതും: എം.എം. മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ പരാമര്‍ശം വിവാദമായതോടെ തിരുത്തലുമായി എം.എം. മണി എം.എല്‍.എ. ക്ഷേമ പെന്‍ഷന്‍ ഔദാര്യമല്ല അവകാശമാണെന്ന സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി എം.എ ബേബി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാടെന്നും അതുതന്നെയാണ് തന്റെ നിലപാടെന്നും എം.എം. മണി പറഞ്ഞു.

‘ഇന്നലത്തെ ആ സാഹചര്യത്തില്‍ അങ്ങനെ പറഞ്ഞുപോയതാണ്. പറഞ്ഞത് ശരിയായില്ലെന്ന പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് എന്റെയും നിലപാട്. അതില്‍ നിന്നും വ്യത്യസ്തമായ നിലപാടല്ല ഉള്ളത്.

ജില്ലയിലടക്കം വികസന കാര്യങ്ങള്‍ ഒരുപാട് ചെയ്തു. സംസ്ഥാനത്ത് തന്നെ ഒരുപാട് ക്ഷേമപദ്ധതികള്‍ നടപ്പാക്കി. എന്നിട്ടും അങ്ങനെയൊരു ജനവിധി വന്നപ്പോള്‍ പ്രതികരിച്ച് പോയതാണ്. അങ്ങനെ പ്രതികരിക്കേണ്ടിയിരുന്നില്ലെന്ന് ജനറല്‍ സെക്രട്ടറിയടക്കം പറഞ്ഞു. ആ നിലപാട് തന്നെയാണ് എനിക്കും. പറഞ്ഞത് തെറ്റായി പോയി,’ എം.എം. മണി പറഞ്ഞു.

ജനങ്ങളുടെ അവകാശമാണ് വികസനവും ക്ഷേമ പെന്‍ഷനുമെങ്കില്‍ പ്രതിപക്ഷം ഒരു വികസന പ്രവര്‍ത്തനവും ചെയ്യാതിരുന്നതും അവരുടെ അവകാശമല്ലേയെന്നും എം.എം. മണി ചോദിച്ചു.

ഉമ്മന്‍ചാണ്ടിയും കെ. കരുണാകരനും എ.കെ. ആന്റണിയുമൊക്കെ ഭരിച്ചപ്പോഴും ജനങ്ങളുണ്ടായിരുന്നു. അവകാശങ്ങളുമുണ്ടായിരുന്നു. അന്നൊന്നും അവരുടെ അവകാശങ്ങള്‍ നടന്നില്ലല്ലോ. ഇടതുപക്ഷ സര്‍ക്കാരുകള്‍ ചെയ്ത ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുമ്പത്തെ ഏതെങ്കിലും സര്‍ക്കാര്‍ ചെയ്തിട്ടുണ്ടോയെന്നും എം.എം. മണി ചോദിച്ചു.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് സര്‍ക്കാരിന്റെ വീക്ഷണമനുസരിച്ചാണ്. ജനകീയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷം നടത്തുന്നത് ഇത്തരം വീക്ഷണങ്ങളുള്ളതുകൊണ്ടാണ് മുമ്പത്തെ യു.ഡി.എഫ് സര്‍ക്കാരുകള്‍ ചെയ്യാത്തതും അക്കാരണത്താലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങള്‍ എല്‍.ഡി.എഫ് ചെയ്യുകയും യുഡി.എഫ് അത് ചെയ്യാതിരിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് കിറ്റ് നല്‍കിയും പെന്‍ഷന്‍ വാങ്ങിയും വോട്ട് വാങ്ങുകയാണ് എന്ന വാദം ഉന്നയിച്ച് പിടിച്ചുനില്‍ക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതെന്നും എം.എം. മണി വിമര്‍ശിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ എം.എം. മണി നടത്തിയ പരാമര്‍ശം വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു.

ക്ഷേമ പെന്‍ഷനുള്‍പ്പെടെ വാങ്ങി ശാപ്പാട് കഴിച്ച ആളുകള്‍ നൈമിഷിക വികാരത്തില്‍ തങ്ങള്‍ക്കെതിരെ വോട്ട് ചെയ്‌തെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

പിന്നാലെ തന്നെ ഈ പരാമര്‍ശം അനുചിതമാണെന്ന് തിരുത്തിക്കൊണ്ട് എം.എ. ബേബി രംഗത്തെത്തിയിരുന്നു.
ക്ഷേമ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും അദ്ദേഹം വിശദീരിച്ചിരുന്നു.

ഇടതുപക്ഷം എന്നും ഈ നിലപാടാണ് സ്വീകരിക്കുന്നത്. അതിന് നിരക്കാത്ത അഭിപ്രായ പ്രകടനമാണ് എം.എം. മണിയുടെ ഭാഗത്ത് നിന്നുണ്ടായത്. അദ്ദേഹമത് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എം.എ ബേബി പറഞ്ഞിരുന്നു.

Content Highlight: The party’s stance is the same as mine: M.M. Mani

We use cookies to give you the best possible experience. Learn more