തിരുവനന്തപുരം: അയിഷാ പോറ്റിയെ പാര്‍ട്ടി അവഗണിച്ചു എന്ന് പറയുന്നത് അടിസ്ഥാന രഹിതമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ ബേബി.
സി.പി.ഐ.എം മുന്‍ എം.എല്‍.എ അയിഷാ പോറ്റിയുടെ യു.ഡി.എഫി ലേക്കുള്ള കൂറുമാറ്റതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അയിഷാ പോറ്റിക്ക് മൂന്ന് തവണ എം.എല്‍.എ ആവാനുളള അവസരം പാര്‍ട്ടി കൊടുത്തിട്ടുണ്ടെന്നും പാര്‍ട്ടി അവഗണിച്ചു എന്ന് പറയുന്നതില്‍ ഒരടിസ്ഥാനവുമില്ലെന്നും എം.എ.ബേബി പറഞ്ഞു.
അയിഷാ പോറ്റി തനിക്ക് വ്യക്തിപരമായി അറിയാവുന്ന അടുപ്പമുള്ള വ്യക്തിയാണെന്നും അവര്‍ ഇപ്പോഴെടുത്ത തീരുമാനം തനിക്ക് വളരെ വേദനയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്കും എല്‍.ഡി.എഫിനും അയിഷാ പോറ്റി ചില സംഭാവനകള്‍ നല്‍കിയിട്ടുണ്ട്, അത് താന്‍ കാണാതിരിക്കുന്നില്ലെന്നും എന്നാല്‍ അതിനെക്കാളേറെ പാര്‍ട്ടിയും എല്‍.ഡി.എഫും അങ്ങോട്ട് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്ക് വേണ്ടി തല്ലുകൊള്ളുകയും ജയിലില്‍ കിടക്കുകയും കഷ്ടപ്പെടുകയുമൊക്കെ ചെയ്ത നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുണ്ട്. അവരില്‍ എത്ര പേര്‍ക്ക് എം.എല്‍.എ ആവുകയെന്നതിനപ്പുറം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എങ്കിലും പറ്റുന്നുണ്ടോ. ഇവയെല്ലാം പാര്‍ട്ടി പല ഘടകങ്ങളും പരിഗണിച്ച് ഏതാനും പേര്‍ക്ക് മാത്രം കിട്ടുന്ന അവസരമാണ്. എന്നാല്‍ അയ്ഷാ പോറ്റിക്ക് പാര്‍ട്ടി പല മേഖലകളില്‍ അവസരം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ഒരുപാട് പ്രശസ്തിയും അംഗീകാരവും അവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അത് കൊണ്ടാണ് അയിഷാ പോറ്റി കോണ്‍ഗ്രസിലേക്ക് പോവുന്നു എന്നത് വലിയ വാര്‍ത്തയാവുന്നതെന്നും എം.എ ബേബി പറഞ്ഞു.
ഇതൊക്കെ മറന്ന് അഡ്വക്കേറ്റ് അയിഷാ പോറ്റി പാര്‍ട്ടി വിട്ട് പോാവാന്‍ പാടില്ലായിരുന്നുവെന്നും ഇത് നാട്ടില്‍ അവര്‍ക്ക് മതിപ്പുണ്ടാക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അയിഷാ പോറ്റിയുടെ പാര്‍ട്ടി മാറ്റം കൊട്ടാരക്കരയിലെ തെരഞ്ഞെടുപ്പിനെയോ കൊല്ലം ജില്ലയിലേയോ കേരളത്തിലേയോ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെയോ ബാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ജനങ്ങള്‍ക്ക് വസ്തുതകള്‍ പരിശോധിക്കാനുള്ള അവസരമുണ്ട്. ജനങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് തീരുമാനമെടുക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പ്രവര്‍ത്തകരെ കുറിച്ച് ജനങ്ങള്‍ക്ക് മതിപ്പുണ്ടാവുന്ന തീരുമാനമല്ല അഡ്വക്കേറ്റ് അയ്ഷാ പോറ്റിയുടേതെന്നും പാര്‍ട്ടിയില്‍ പറയാനുള്ളത് പറയാതെ എതിര്‍പാളയത്തിലേക്ക് പോവുന്നത് അത്ര നല്ല തീരുമാനമല്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞു.
Content Highlight: The party gave a lot of opportunities and recognition to Ayesha Potty; there is no basis to say that she was ignored: M.A. Baby