| Monday, 9th February 2026, 10:50 am

ഇന്ത്യയ്‌ക്കെതിരെ കളിക്കാന്‍ ഐ.സി.സിക്ക് മുമ്പില്‍ പാകിസ്ഥാന്റെ മൂന്ന് നിബന്ധനകള്‍; പരമ്പരയും ഹാന്‍ഡ് ഷേക്കും തിരികെയെത്തിക്കാന്‍ നീക്കം

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കളത്തിലിറങ്ങാന്‍ ഐ.സി.സിക്ക് മുമ്പില്‍ നിബന്ധനകളുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. കഴിഞ്ഞ ദിവസം ഐ.സി.സി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് പാകിസ്ഥാന്‍ തങ്ങളുടെ ആവശ്യങ്ങള്‍ മുമ്പോട്ട് വെച്ചത്.

ഐ.സി.സി ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖവാജ, ഐ.സി.സി അസോസിയേറ്റ് മെമ്പര്‍മാരുടെ പ്രതിനിധി മുബഷീര്‍ ഉസ്മാനി എന്നിവര്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മൊഹ്‌സീന്‍ നഖ്‌വിയുമായി നടത്തിയ ചര്‍ച്ചയിലാണ് പി.സി.ബി തങ്ങളുടെ ആവശ്യം മുമ്പോട്ട് വെച്ചത്.

മൊഹ്‌സീന്‍ നഖ്‌വി

ഫെബ്രുവരി 15ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കാനിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിലെ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്നത്.

മത്സരം ബഹിഷ്‌കരിക്കാതിരിക്കാന്‍ മൂന്ന് പ്രധാന നിബന്ധനകളാണ് പാകിസ്ഥാന്‍ മുമ്പോട്ട് വെച്ചതെന്നാണ് ടെലികോം ഏഷ്യ സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐ.സി.സിയില്‍ നിന്നുള്ള ഉയര്‍ന്ന റവന്യൂ ഷെയറാണ് പാകിസ്ഥാന്‍ ആദ്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ ബൈലാറ്ററല്‍ പരമ്പരകള്‍ പുനസ്ഥാപിക്കണമെന്നും മത്സരങ്ങളില്‍ ഹാന്‍ഡ് ഷെയ്ക്ക് പ്രോട്ടോക്കോളുകള്‍ കൊണ്ടുവരണമെന്നുമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും മൊഹ്‌സിന്‍ നഖ്‌വിയും ഐ.സി.സിക്ക് മുമ്പില്‍ വെച്ചിരിക്കുന്ന മറ്റ് നിബന്ധനകള്‍.

ഏറെ നാളുകളായി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഐ.സി.സി ടൂര്‍ണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഏറ്റുമുട്ടാറുള്ളത്. രാഷ്ട്രീയ-നയതന്ത്ര വിഷയങ്ങള്‍ കാരണം ടെസ്റ്റ്, ഏകദിന, ടി-20 പരമ്പരകളില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരാറില്ല.

ഇക്കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇരു ടീമുകളും തമ്മില്‍ കൈകൊടുക്കാതിരുന്നതും വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം.

ഐ.സി.സിയെ സംബന്ധിച്ച് ഏറ്റവുമധികം റവന്യൂ ജെനറേറ്റ് ചെയ്യുന്ന മത്സരമാണ് ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം. ഈ മത്സരം നടത്താന്‍ തന്നെയാകും ഐ.സി.സി ഒരുങ്ങുക. അതേസമയം, പി.സി.ബി മുമ്പോട്ടുവെച്ച ഈ ആവശ്യങ്ങള്‍ ഐ.സി.സി പൂര്‍ണമായും അംഗീകരിക്കുകയാണെങ്കില്‍ ഒരുപക്ഷേ ഇന്ത്യന്‍ ടീം മത്സരം ബഹിഷ്‌കരിക്കാനുള്ള സാധ്യതകളും ഏറെയാണ്.

ഫെബ്രുവരി ഒന്നിനാണ് ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുന്നതായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പാകിസ്ഥാന്റെ നീക്കം. ലോകകപ്പില്‍ നിന്നും തങ്ങള്‍ പിന്മാറില്ലെന്നും മറിച്ച് ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ നിന്നും പിന്മാറുകയാണെന്നുമായിരുന്നു പാകിസ്ഥാന്‍ സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും അറിയിച്ചത്.

സൂര്യകുമാർ യാദവ് | ബാബർ അസം

അതേസമയം, ഇപ്പോള്‍ പാകിസ്ഥാന്‍ മുമ്പോട്ട് വെച്ച നിബന്ധനകള്‍ ഐ.സി.സി അംഗീകരിക്കാതിരിക്കുകയും പാകിസ്ഥാന്‍ മത്സരം ബഹിഷ്‌കരിക്കുകയുമാണെങ്കില്‍ ആഘാ സല്‍മാനും സംഘത്തിനുമുണ്ടാക്കുന്നത് വലിയ നഷ്ടങ്ങള്‍ തന്നെയായിരിക്കും.

പോയിന്റ് നഷ്ടപ്പെടുന്നത് മാത്രമല്ല ടീമിന്റെ നെറ്റ് റണ്‍ റേറ്റിനെയും സാരമായി ബാധിക്കും. 20 ഓവറും ബാറ്റ് ചെയ്ത് ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിച്ചില്ല എന്നാണ് ടെക്നിക്കലി വാക്കോവര്‍ പരിഗണിക്കപ്പെടുക. ഇത് നെറ്റ് റണ്‍ റേറ്റിലും സാരമായി ബാധിക്കും.

രണ്ട് ടീമുകള്‍ക്ക് ഒരേ പോയിന്റ് വരുന്ന സാഹചര്യത്തില്‍ അടുത്ത ഘട്ടത്തിലേക്ക് ഏത് ടീം പ്രവേശിക്കും എന്ന് നിര്‍ണയിക്കുന്നതിലടക്കം നെറ്റ് റണ്‍ റേറ്റിന് വലിയ പങ്കാണുള്ളത്. ഈ സാഹചര്യത്തിലാണ് പാകിസ്ഥാന്റെ ഭാഗ്യപരീക്ഷണം എന്നതും ശ്രദ്ധേയമാണ്.

Content Highlight: The Pakistan Cricket Board has set conditions for the ICC to play against India in the 2026 T20 World Cup.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more