| Monday, 3rd November 2025, 10:10 am

കേരളം അതിദാരിദ്ര്യമുക്തമായെന്ന് പറയാന്‍ സമയമായിട്ടില്ല; സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളം അതിദാരിദ്ര്യമുക്തമായെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ. സംസ്ഥാനം അതിദാരിദ്ര്യമുക്തമായെന്ന് പറയാന്‍ സമയം ആയിട്ടില്ലെന്നാണ് ഓര്‍ത്തഡോക്‌സ് സഭ മാധ്യമവിഭാഗം തലവന്‍ ഡോ. യൂഹന്നോന്‍ മാര്‍ ദിയോസ്‌കോറസ് പറഞ്ഞത്.

പ്രതിപക്ഷത്തിന്റെ വാദങ്ങളില്‍ കഴമ്പുണ്ടെന്നും ദാരിദ്ര്യവും അതിദാരിദ്ര്യവും എങ്ങനെയാണ് വ്യത്യാസപ്പെടുന്നതെന്നും ഓര്‍ത്തഡോക്‌സ് സഭ ചോദിക്കുന്നു.

‘പ്രഖ്യാപനം നല്ലതാണ്. കേള്‍ക്കാന്‍ കൊള്ളാമല്ലോ. കേരളത്തിലെ ദാരിദ്ര്യം ഉന്‍മൂലനം ചെയ്യണമെന്നാണ് നമ്മുടെ എല്ലാം ആഗ്രഹം. ഭംഗിയായി ജീവിക്കണം എന്ന് ആഗ്രഹമുള്ളതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ കേള്‍ക്കാന്‍ കൊള്ളാവുന്നതാണ്.

കേരളം അതിദാരിദ്ര്യമുക്തമായി എന്ന് പറയാന്‍ സമയമായോ? അത് വല്ലാത്തൊരു ചോദ്യമാണ്. ദാരിദ്ര്യവും അതിദാരിദ്ര്യവും എങ്ങനെയാണ് വ്യത്യാസപ്പെടുന്നതെന്നത് മറ്റൊരു ചോദ്യമാണ്.

ഇത്തരമൊരു പ്രഖ്യാപനം നടത്തുമ്പോള്‍ പൂര്‍ണമായും നമ്മള്‍ അതിനുള്ളില്‍ നില്‍ക്കുന്നവരായോ എന്ന് പരിശോധന നടത്തുന്നത് നല്ലതാണ്. അതിദാരിദ്ര്യമില്ല എന്ന് കേള്‍ക്കുമ്പോള്‍ കേരളീയനെന്ന നിലയില്‍ നമുക്കെല്ലാവര്‍ക്കും സന്തോഷമുണ്ടാകും. എന്നാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ അതുപോലെ തന്നെയാണോ എന്ന് വിലയിരുത്തേണ്ടതുണ്ട്,’ കോട്ടയം ഭദ്രാസനാധിപന്‍ കൂടിയായ ഡോ. യൂഹന്നോന്‍ മാര്‍ ദിയോസ്‌കോറസ് പറഞ്ഞു.

സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ ഇതാദ്യമായാണ് ഒരു സഭ രംഗത്തുവന്നിരിക്കുന്നത്. യാക്കോബായ സഭ സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്ന സാഹചര്യത്തില്‍ക്കൂടിയാണ് ഓര്‍ത്തഡോക്‌സ് സഭ ഇതിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

കേരളം അതിദാരിദ്ര്യ മുക്തമായെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ നേതാവ് സതീശന്‍ രംഗത്തുവന്നിരുന്നു. ഈ പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്നും പച്ച നുണകളുടെ കൂമ്പാരമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുന്നത് വഴി പല പദ്ധതികളില്‍ നിന്നും കേരളം പുറത്താകുമെന്നും സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ തലേ ആഴ്ച നടത്തുന്ന പ്രഖ്യാപനം ജനങ്ങളെ വിഡ്ഢികളാക്കാന്‍ നടത്തുന്ന പ്രൊപ്പഗണ്ടയാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രഖ്യാപനം തട്ടിപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്‌കരിച്ചു. മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

Content highlight: The Orthodox Church is against the state government’s announcement that Kerala is free from extreme poverty.

We use cookies to give you the best possible experience. Learn more