കോഴിക്കോട്: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തരംഗമായ തെരഞ്ഞെടുപ്പ് പാരഡി ഗാനമായിരുന്നു പോറ്റിയേ… കേറ്റിയേ… സ്വര്‍ണം ചെമ്പായി മാറിയേ… എന്നത്. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിക്ക് ഈ ഗാനവും കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇപ്പോള്‍ ഈ ഗാനത്തിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കേസ് നല്‍കിയിരിക്കുകയാണ്. ഭക്തിഗാനത്തെ പാരഡി ഗാനത്തിന്റെ രൂപത്തില്‍ വികലമാക്കിയെന്നാണ് ഇവരുടെ പരാതി.
സോഷ്യല്‍ മീഡിയയിലടക്കം ഈ പാട്ടും തുടര്‍ന്ന് വന്ന കേസും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഈ പാട്ടിന്റെ ‘ഒറിജിനല്‍’, തമിഴ് ഭക്തിഗായകന്‍ മധുരൈ വീരമണി പാടിയ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന് തുടങ്ങുന്ന ഭക്തിഗാനവും പാരഡിയാണെന്ന് പറയുന്ന കുറിപ്പ് ചര്‍ച്ചയാവുകയാണ്. പള്ളിക്കോണം രാജീവ് എന്ന വ്യക്തിയെഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്.
മറ്റൊരു പാട്ടിന്റെ ഈണത്തെ അനുകരിച്ച് വരികള്‍ എഴുതുന്ന രീതിയാണ് പാരഡിയുടേത്. ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ നാഗൂര്‍ ദര്‍ഗയിലെ സൂഫി ഗായകര്‍ പരമ്പരാഗതമായി പാടി വരുന്ന ഏകനേ… യാ അള്ളാ… എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഈണത്തില്‍ നിന്നുമാണ് സ്വാമിയേ അയ്യപ്പോ.. അയ്യപ്പോ സ്വാമീയേ എന്ന പാട്ട് പിറവിയെടുത്തതെന്ന് രാജീവ് കുറപ്പില്‍ പറയുന്നു.
‘ദക്ഷിണേന്ത്യയിലെ പ്രശസ്ത ഇസ്‌ലാമിക തീര്‍ത്ഥാടനകേന്ദ്രമായ നാഗൂര്‍ ദര്‍ഗയിലെ സൂഫി ഗായകര്‍ പരമ്പരാഗതമായി പാടിവരുന്ന ‘ഏകനേ യാ അള്ളാ…..’ എന്നു തുടങ്ങുന്ന ഭക്തിഗാനത്തിന്റെ ഈണത്തെ മാതൃകയാക്കി പ്രശസ്ത തമിഴ് പണ്ഡിതനും കവിയും ഭക്തിഗാനരചയിതാവുമായ ഡോ. ഉളുന്തൂര്‍പേട്ട ഷണ്‍മുഖം രചിച്ചതാണ് പള്ളിക്കെട്ട് എന്നു തുടങ്ങുന്ന ഗാനം.
ജാതിമതവ്യത്യാസമില്ലാതെ തീര്‍ത്ഥാടകസംഘങ്ങളുടെ തിരക്ക് എപ്പോഴുമുള്ള നാഗൂര്‍ ദര്‍ഗയില്‍ പതിറ്റാണ്ടുകളായി മുഴങ്ങിക്കേള്‍ക്കുന്ന ഗാനത്തിന്റെ ഈണത്തില്‍ ആകൃഷ്ടനായാണ് ജാതിമത വ്യത്യാസമില്ലാതെ അയ്യപ്പഭക്തന്‍മാര്‍ എത്തിച്ചേരുന്ന ശബരിമലയ്ക്ക് വേണ്ടി അതേ ഈണത്തില്‍ ഗാനം രചിക്കാന്‍ ഷണ്‍മുഖം തീരുമാനിച്ചത്.
മധുരൈ വീരമണിക്ക് ഈ ഗാനം എളുപ്പത്തില്‍ പാടുവാന്‍ തമിഴര്‍ക്കെല്ലാം ചിരപരിചിതമായ ഈ ഈണം സഹായകമായി. ഒരു മുസ്‌ലിം ഭക്തിഗാനത്തിന്റെ ഈണത്തെ പിന്‍പറ്റി ഒരു ഹിന്ദുഭക്തിഗാനം രചിക്കപ്പെട്ടത് യഥാര്‍ത്ഥ ഭക്തരില്‍ ഗാനത്തോട് ആദരവ് വര്‍ധിപ്പിക്കുമെങ്കിലും മതവൈരം വളര്‍ത്തുന്ന വര്‍ഗീയശക്തികള്‍ക്ക് അടിമപ്പെട്ടവര്‍ക്ക് ചിലപ്പോള്‍ അത് അംഗീകരിക്കാന്‍ വൈമനസ്യം തോന്നിയെന്നും വരാം.’ അദ്ദേഹം കുറിപ്പില്‍ പറയുന്നു.
തെരഞ്ഞെടുപ്പുകാലത്ത് വോട്ട് ലക്ഷ്യമാക്കി ഒരു മുന്നണി പ്രചരിപ്പിച്ച പാട്ടിനെതിരെ എതിര്‍പ്പ് ഉയര്‍ത്തിയതിനെ പരിഹാസ്യമായേ കാണാന്‍ കഴിയൂ എന്നും ‘പോറ്റിയേ കേറ്റിയേ…. സ്വര്‍ണ്ണം ചെമ്പായ് മാറ്റിയേ…..’ എന്ന പാരഡിഗാനം അയ്യപ്പഭക്തന്‍മാരുടെ വികാരത്തെ ഇതുവരെ വ്രണപ്പെടുത്തിയതായി തോന്നിയിട്ടില്ലെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നു.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കേസ് കൊടുത്ത തിരുവാഭരണ പാത സാരക്ഷണസമിതിയോ മറ്റാരെങ്കിലുമോ ശ്രമിച്ചാല്‍ അങ്ങേയറ്റം അപലപനീയമാണെന്നും കൂട്ടിച്ചേര്‍ക്കുന്നു.
‘ഇരുമുടി താങ്കി…’ എന്ന വിരുത്തത്തെ തുടര്‍ന്ന് ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്, കല്ലും മുള്ളും കാലുക്ക് മെത്തൈ …..’ എന്നു തുടങ്ങുന്ന അയ്യപ്പഭക്തിഗാനവും ഒരു പാരഡിഗാനമാണ്. മറ്റൊരു പാട്ടിന്റെ ഈണത്തെ അനുകരിച്ച് വരികള്‍ എഴുതുന്ന രീതിയാണ് പാരഡിയുടേത്.
ദക്ഷിണേന്ത്യയിലെ പ്രശസ്ത ഇസ്‌ലാമിക തീര്‍ത്ഥാടനകേന്ദ്രമായ നാഗൂര്‍ ദര്‍ഗയിലെ സൂഫി ഗായകര്‍ പരമ്പരാഗതമായി പാടിവരുന്ന ‘ഏകനേ യാ അള്ളാ…..’ എന്നു തുടങ്ങുന്ന ഭക്തിഗാനത്തിന്റെ ഈണത്തെ മാതൃകയാക്കി പ്രശസ്ത തമിഴ് പണ്ഡിതനും കവിയും ഭക്തിഗാനരചയിതാവുമായ ഡോ. ഉളുന്തൂര്‍പേട്ട ഷണ്‍മുഖം രചിച്ചതാണ് പള്ളിക്കെട്ട് എന്നു തുടങ്ങുന്ന ഗാനം.
ജാതിമതവ്യത്യാസമില്ലാതെ തീര്‍ത്ഥാടകസംഘങ്ങളുടെ തിരക്ക് എപ്പോഴുമുള്ള നാഗൂര്‍ ദര്‍ഗയില്‍ പതിറ്റാണ്ടുകളായി മുഴങ്ങിക്കേള്‍ക്കുന്ന ഗാനത്തിന്റെ ഈണത്തില്‍ ആകൃഷ്ടനായാണ് ജാതിമത വ്യത്യാസമില്ലാതെ അയ്യപ്പഭക്തന്‍മാര്‍ എത്തിച്ചേരുന്ന ശബരിമലയ്ക്ക് വേണ്ടി അതേ ഈണത്തില്‍ ഗാനം രചിക്കാന്‍ ഷണ്‍മുഖം തീരുമാനിച്ചത്. മധുരൈ വീരമണിക്ക് ഈ ഗാനം എളുപ്പത്തില്‍ പാടുവാന്‍ തമിഴര്‍ക്കെല്ലാം ചിരപരിചിതമായ ഈ ഈണം സഹായകമായി.
ഒരു മുസ്‌ലിം ഭക്തിഗാനത്തിന്റെ ഈണത്തെ പിന്‍പറ്റി ഒരു ഹിന്ദുഭക്തിഗാനം രചിക്കപ്പെട്ടത് യഥാര്‍ത്ഥ ഭക്തരില്‍ ഗാനത്തോട് ആദരവ് വര്‍ധിപ്പിക്കുമെങ്കിലും മതവൈരം വളര്‍ത്തുന്ന വര്‍ഗീയശക്തികള്‍ക്ക് അടിമപ്പെട്ടവര്‍ക്ക് ചിലപ്പോള്‍ അത് അംഗീകരിക്കാന്‍ വൈമനസ്യം തോന്നിയെന്നും വരാം.
ഹിന്ദുക്കളുടെ പാട്ടും കലയും മറ്റുള്ള മതക്കാര്‍ അടിച്ചുമാറ്റുന്നുവെന്ന് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഹിന്ദുത്വതീവ്രവാദികള്‍ പരിഹാസമുയര്‍ത്തുന്ന സാഹചര്യത്തില്‍ ഈ അറിവ് അവര്‍ക്കൊരു തിരിച്ചടിയുമായിരിക്കും.
ഡോ. ഷണ്‍മുഖം തമിഴ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ വ്യക്തിയായിരുന്നു. ദ്രാവിഡ കഴക പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായി പെരിയോര്‍ ഇ.വി. രാമസ്വാമി നായ്ക്കരുടെ അനുയായിയായി മാറിയ ഷണ്‍മുഖം ഗണപതിവിഗ്രഹങ്ങളില്‍ ചെരുപ്പുമാല ചാര്‍ത്തിയുള്ള പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു.
നാസ്തികനില്‍ നിന്ന് ഭക്തനിലേക്കുണ്ടായ മാറ്റത്തിന് ഒരു മാരകരോഗത്തില്‍ നിന്നുള്ള വിമുക്തിയാണ് കാരണമായത്. തുടര്‍ന്ന് തമിഴില്‍ നാനൂറോളം ഭക്തിഗാനങ്ങള്‍ അദ്ദേഹം രചിച്ചു. മിക്ക ഗാനങ്ങളും ഏറെ ജനപ്രിയമായി മാറി.
ശിര്‍കാഴി ഗോവിന്ദരാജന്‍ പാടി പ്രശസ്തമാക്കിയ ‘വിനായകനേ വിനൈ തീര്‍പ്പവനേ…’ എന്ന ഗാനവും പള്ളിക്കെട്ടിനോടൊപ്പം എടുത്തു പറയേണ്ടതാണ്.
ഒരു ഗാനത്തിന്റെ പാരഡിയായി മറ്റൊരു ഗാനം രചിക്കുന്ന രീതി പണ്ടുമുതലേ ഭക്തിഗാനരചനകളില്‍ സാധാരണമാണ്. പഴയ കാലത്ത് ജനപ്രിയ സിനിമാഗാനങ്ങളുടെ പാരഡിയായി ഭക്തിഗാനം രചിച്ച് അച്ചടിച്ചുവരുന്ന പാട്ടുപുസ്തകത്തില്‍ ‘പ്രസ്തുത സിനിമാഗാനത്തിന്റെ മട്ടില്‍’ എന്ന് പാട്ടിന് മുമ്പായി എഴുതിച്ചേര്‍ക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ നിരവധി പാട്ടുകള്‍ സന്ധ്യാനാമകീര്‍ത്തനങ്ങളായി അമ്മമാര്‍ ഭക്തിയോടെ ചൊല്ലിക്കേള്‍ക്കാറുമുണ്ട്.
ഭക്തിഗാനത്തെ പാരഡിയാക്കി കോമഡിപാട്ടുകള്‍ വരെ പലരും എഴുതിപ്പാടിയിട്ടും കടുത്ത വിമര്‍ശനങ്ങളൊന്നുമുണ്ടായിട്ടില്ല. പ്രശസ്ത കോമഡി കാഥികന്‍ വി.ഡി. രാജപ്പന്‍ ‘ശങ്കരാ…… പോത്തിനെ തല്ലാതെടാ…..’ എന്ന പാരഡിഗാനം ‘ശങ്കരാ….. നാദശരീരാ പരാ ….’എന്ന ഗാനം ഭക്തിഗാനമേളയില്‍ പാടി പേരെടുത്ത ഗായകരും സ്വകാര്യമായി പാടി ആസ്വദിച്ചിട്ടുണ്ടാവും.
പലപ്പോഴും നല്ല ആശയസമ്പൂര്‍ണമായ കവിത്വമുള്ള വരികളോടു കൂടിയ ഗാനങ്ങളുടെ ഈണം തമാശ ഉത്പാദിപ്പിക്കുന്നതിനായി നിലവാരം കുറഞ്ഞ വരികളിലേക്ക് സന്നിവേശിപ്പിക്കുന്നതിനെതിരെ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്.
എങ്കിലും അതൊക്കെ വൈകാരികമായി പ്രകടിപ്പിക്കുകയോ പാട്ട് പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ വിരളമായിട്ടേ ഉണ്ടായിട്ടുള്ളൂ. ഒരു കാര്‍ട്ടൂണ്‍ ആസ്വദിക്കുന്ന സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റിലേ അന്നും ഇന്നും പൊതുസമൂഹം ഇതിനെയൊക്കെ കാണാറുള്ളൂ.
ഈ തെരഞ്ഞെടുപ്പുകാലത്ത് വോട്ട് ലക്ഷ്യമാക്കി ഒരു മുന്നണി പ്രചരിപ്പിച്ച പാട്ടിനെതിരെ എതിര്‍പ്പ് ഉയര്‍ത്തിയതിനെ പരിഹാസ്യമായേ കാണാന്‍ കഴിയൂ. ‘പോറ്റിയേ കേറ്റിയേ…. സ്വര്‍ണ്ണം ചെമ്പായ് മാറ്റിയേ…..’ എന്ന പാരഡിഗാനം അയ്യപ്പഭക്തന്‍മാരുടെ വികാരത്തെ ഇതു വരെ വ്രണപ്പെടുത്തിയതായി തോന്നിയിട്ടില്ല.
അങ്ങനെ വ്രണപ്പെടുത്തിയതായി ഉന്നയിച്ച് രാഷ്ട്രീയവിവാദം സൃഷ്ടിക്കാനും അതിലൂടെ എന്തെങ്കിലും നേട്ടം ഉണ്ടാക്കാന്‍ കഴിയുമോ എന്നു കേസ് കൊടുത്ത തിരുവാഭരണ പാത സാരക്ഷണസമിതിയോ മറ്റാരെങ്കിലുമോ ശ്രമിച്ചാല്‍ അങ്ങേയറ്റം അപലപനീയമാണ്.
അള്ളാഹുവിന്നെ പ്രകീര്‍ത്തിച്ചുള്ള സൂഫിഗാനത്തെ കോപ്പിയടിച്ചാണ് ‘പോറ്റിയേ കേറ്റിയേ ‘ എന്ന പാരഡി എഴുതിയത് എന്ന് ആരോപിച്ച് ഏതെങ്കിലും മുസ്‌ലിം സംഘടനയ്ക്ക് മുന്നോട്ടു വരാവുന്നതാണ്; അങ്ങനെ ഉണ്ടായിട്ടുമില്ല.
ഈ പാരഡിയുടെ വരികള്‍ ഒരു മുസ്‌ലിമാണ് രചിച്ചത് എന്നത് വിവാദം കൊഴുപ്പിക്കുന്നതിനും വിഷയത്തില്‍ വര്‍ഗീയത കലര്‍ത്താനും പറ്റിയ സാധ്യതയാണ്. കേട്ട് ആസ്വദിച്ച് ചിരിച്ച് തള്ളേണ്ട ഒന്നിനെ പൊക്കിപ്പിടിച്ചു കൊണ്ടുവരുന്നത് വിലകുറഞ്ഞ തറവേല മാത്രമാണ്.
Content Highlight: The original melody of the song Pallikattu Sabarimalaykku is from a Sufi song at the Nagore Dargah.