| Thursday, 30th October 2025, 5:28 pm

'പ്രഖ്യാപിച്ചത് തലയിലിടുമെന്ന പേടി പ്രതിപക്ഷത്തിന് വേണ്ട; അടുത്ത ഭരണവും ഞങ്ങള്‍ക്ക് തന്നെ': വി.എന്‍. വാസവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ ആരുടെയും തലയിലിടുമെന്ന ആശങ്ക പ്രതിപക്ഷത്തിന് വേണ്ടെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍.

പ്രഖ്യാപിച്ച കാര്യങ്ങള്‍ ആരുടെയും തലയിലിടുമെന്ന് പ്രതിപക്ഷം വിഷമിക്കേണ്ട, അടുത്ത ഇടതുപക്ഷ ജനാധിപപത്യ മുന്നണി സര്‍ക്കാരത് ഭംഗിയായി കൈകാര്യം ചെയ്യുമെന്ന ലക്ഷ്യബോധത്തില്‍ നിന്നാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് വാസവന്‍ പറഞ്ഞു.

2021ലെ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ അക്കമിട്ട് നടപ്പാക്കുകയാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സാമൂഹിക സുരക്ഷാ പെന്‍ഷനുള്‍പ്പെടെ വര്‍ധിപ്പിച്ചതിനെ സംബന്ധിച്ചും മന്ത്രി വിശദീകരിച്ചു. ഒരു തവണയാണ് യു.ഡി.എഫ് സര്‍ക്കാര്‍ പെന്‍ഷന്‍ വര്‍ധിപ്പിച്ചത്.

ബാക്കി വര്‍ധിപ്പിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. യു.ഡി.എഫ് കാലത്തെ 18 മാസത്തെ കുടിശിക കൊടുത്തുതീര്‍ത്തതും എല്‍.ഡി.എഫാണ്.

പുതുവെള്ളത്തില്‍ ഊത്തമീനുകള്‍ തുള്ളിച്ചാടുന്നത് പോലെയാണ് പെന്‍ഷനേഴ്‌സിന്റെ പ്രതികരണമെന്നും മന്ത്രി പറഞ്ഞു.

വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ കൊടുക്കുമെന്ന് പറഞ്ഞത് നടപ്പാക്കാത്തത് എന്താണെന്ന് പ്രതിക്ഷം പലതവണ ചോദിച്ചു. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ അതും നടപ്പാക്കി.

എന്നിട്ടിപ്പോള്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിന് പകരം അപമാനിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് പെന്‍ഷന്‍ കൈക്കൂലി ആണെന്നാണ് കെ.സി വേണുഗോപാല്‍ പറഞ്ഞത്. ഇത് പെന്‍ഷനേഴ്‌സിനെ അപമാനിക്കുന്ന പ്രസ്താവനയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മാറ്റണമെന്നത് ആദ്യത്തെ കാബിനറ്റ് യോഗത്തില്‍ തന്നെ തീരുമാനിച്ചതാണ്. ആ പ്രഖ്യാപനം ഉടനെയുണ്ടാകാന്‍ പോവുകയാണെന്നും മന്ത്രി വാസവന്‍ വിശദീകരിച്ചു.

Content Highlight: The opposition need not fear, the next government will also be ours’: V.N. Vasavan

We use cookies to give you the best possible experience. Learn more