| Tuesday, 15th July 2025, 2:24 pm

ഒഡീഷയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് ബി.ജെ.പി സിസ്റ്റത്തിന്റെ കൊലപാതകം; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ ലൈംഗികാതിക്രമത്തിനെതിരെ നല്‍കിയ പരാതി അവഗണിക്കപ്പെട്ട് തീ കൊളുത്തി മരിച്ച കുട്ടിയുടെ മരണത്തിന് ഉത്തരവാദി ബി.ജെ.പി സര്‍ക്കാരെന്ന് പ്രതിപക്ഷം. നടന്നത് വിശ്വാസവഞ്ചന മാത്രമല്ലെന്നും ആസൂത്രിതമായ അനീതിയാണെന്നുമാണ് നിയമസഭാ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക് പറഞ്ഞത്.

‘ഹൃദയം തകരുന്ന ദുഖമുണ്ട്. പരാജയപ്പെട്ട ഒരു സംവിധാനം ഒരാളുടെ ജീവന്‍ എങ്ങനെ എടുക്കുമെന്ന് കാണുന്നത് കൂടുതല്‍ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്. ഏറ്റവും വേദനാജനകമായ കാര്യം, ഇത് ഒരു അപകടമല്ല, മറിച്ച് സഹായിക്കുന്നതിന് പകരം നിശബ്ദത പാലിച്ച ഒരു സംവിധാനത്തിന്റെ ഫലമായിരുന്നു എന്നതാണ്. നീതിക്കുവേണ്ടി പോരാടിയ ഒരു പെണ്‍കുട്ടിക്ക് ഒടുവില്‍ കണ്ണുകള്‍ അടക്കേണ്ടി വന്നു,’ മുന്‍ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും 22കാരിയുടെ ആത്മഹത്യ ബി.ജെ.പി സിസ്റ്റത്തിന്റെ കൊലപതകമാണെന്നും പറഞ്ഞു.

‘ലൈംഗിക പീഡനത്തിനെതിരെയാണ് ആ ധീരയായ വിദ്യാര്‍ത്ഥിനി ശബ്ദമുയര്‍ത്തിയത്. പക്ഷേ നീതി നല്‍കുന്നതിനുപകരം, അവളെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു. അവളെ സംരക്ഷിക്കാന്‍ ഉത്തരവാദികളായവര്‍ അവളെ ഇല്ലാതാക്കി. എപ്പോഴും സംഭവിക്കുന്നതുപോലെ ബി.ജെ.പിയുടെ സംവിധാനങ്ങള്‍ കുറ്റവാളികളെ സംരക്ഷിക്കുകയും നിരപരാധിയായ ഒരു മകളെ സ്വയം തീകൊളുത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇത് ആത്മഹത്യയല്ല, ഇത് സിസ്റ്റം ആസൂത്രണം ചെയ്ത കൊലപാതകമാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ശരീരത്തിന്റെ 95 ശതമാനം ഭാഗത്തും പൊള്ളലേറ്റ പെണ്‍കുട്ടി ഭുവനേശ്വറിലെ എയിംസില്‍ ചികിത്സയിലായിരുന്നു. ഒഡീഷയിലെ ബാലസോറിലെ ഫക്കീര്‍ മോഹന്‍ ഓട്ടോണമസ് കോളേജിലെ ഇന്റഗ്രേറ്റഡ് ബി.എഡ് പ്രോഗ്രാമിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും മറ്റ് ഏഴ് പാര്‍ട്ടികളും വ്യാഴാഴ്ച ഒഡീഷയില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Content Highlight: The Opposition in Odisha says student’s suicide in Odisha was a murder by the BJP system

We use cookies to give you the best possible experience. Learn more