തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി വിവാദത്തില്‍ സി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എന്‍ മോഹനന്‍. ഉപനേതൃ പദവിയും സി.പി.ഐയും എന്ന പേരില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
അടിയന്തരാവസ്ഥയെ പിന്തുണയ്‌ക്കേണ്ടി വന്ന ഏക കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സി.പി.ഐ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് രാജന്‍ കൊല്ലപ്പെട്ടത് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ കാലത്തായിരുന്നുവെന്നും കോണ്‍ഗ്രസിന് ഇടതുപക്ഷ മുഖം ഉണ്ടാക്കി കൊടുത്തതും അദ്ദേഹം തന്നെയായിരുന്നുവെന്നും സി.എന്‍ മോഹനന്‍ പറയുന്നു.
ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവനയെയും അദ്ദേഹം ലേഖനത്തില്‍ ന്യായീകരിക്കുന്നുണ്ട്.
പ്രതിപക്ഷ ഉപനേതൃ സ്ഥാനം വേണമെന്നുണ്ടെങ്കില്‍ മുന്നണി മര്യാദയനുസരിച്ച് ആദ്യം ഉന്നയിക്കേണ്ടത് എല്‍.ഡി.എഫ് യോഗത്തിലായിരുന്നുവെന്നും ഇതിന് പകരം മാധ്യമങ്ങളോട് പറഞ്ഞ് അനാവശ്യ ചര്‍ച്ചയും വിവാദവുമാക്കിയത് സി.പി.ഐയാണെന്നും ലേഖനത്തില്‍ പറയുന്നു.
ഈ പശ്ചാത്തലത്തിലാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനോട് ഇതു സംബന്ധിച്ച് ചോദ്യം വന്നതെന്നും പ്രതിപക്ഷ നേതാവ്, ഉപനേതാവിനെ തീരുമാനിക്കുന്ന കീഴ്വഴക്കം ചുണ്ടിക്കാട്ടി മറുപടി നല്‍കുകമാത്രമാണ് പിണറായി വിജയന്‍ ചെയ്തതെന്നും മോഹനന്‍ പറഞ്ഞു.
‘സാധാരണ ഗതിയില്‍ സി.പി.ഐ.എമ്മിന് അവകാശപ്പെട്ട ഉപനേതാവിനെ നിശ്ചയിക്കുന്ന രീതിയാണ് പിണറായി വിജയന്‍ പറഞ്ഞത്. ഉപനേതാവ് സ്ഥാനം പുതുതായി രൂപംകൊണ്ട ഒരു പദവിയല്ല. നേരത്തേ സൂചിപ്പിച്ചതുപോലെ ദശകങ്ങളായി സി.പി.ഐ.എം നേതാവാണ് ആ സ്ഥാനത്ത് വരാറുള്ളത്. ആ സ്ഥാനം സി.പി.ഐ.എം ഒഴിഞ്ഞ് തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടാന്‍ സി.പി.ഐയുടെ ഭാഗത്ത് എന്തു ന്യായമാണുള്ളതെന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം,’ മോഹനന്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് മുന്നണിയില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട രാഷ്ട്രീയ പക്വത ഇല്ലാതായി പോയത് പ്രതിപക്ഷ നേതാവിനല്ല മറിച്ച് സി.പി.ഐക്ക് തന്നെയാണെന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്.
കേരളത്തില്‍ സി.പി.ഐ.എമ്മിനെ മറികടന്നുള്ള രാഷ്ട്രീയസ്വാധീനത്തിലേക്ക് തങ്ങള്‍ വളരുകയാണെന്നാണോ സി.പി.ഐ കരുതുന്നതെന്നും ലേഖനത്തില്‍ സി.എന്‍ മോഹനന്‍ ചോദിക്കുന്നു.
‘ഇങ്ങനെയൊരാവശ്യം ഉന്നയിച്ചതാണ് സകലവിവാദങ്ങളുടെയും അടിസ്ഥാനമെന്ന് പ്രിയപ്പെട്ട സി.പി.ഐ സഖാക്കള്‍ ഉള്‍ക്കൊള്ളണം. സി.പി.ഐ ഉയര്‍ത്തി വിട്ടതാണ് ഈ തര്‍ക്കപ്രശ്‌നം. അക്കാര്യത്തില്‍ സി.പി.ഐ.എമ്മിന് ഉത്തരവാദിത്തം ഒന്നുമില്ല. എല്‍.ഡി.എഫ് നടപ്പാക്കിയ ജനോപകാരപ്രദമായിരുന്ന മിക്ക പദ്ധതികളും തകര്‍ത്ത് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന് അലോസരമുണ്ടാക്കാതെ ഭരിക്കുന്ന യു.ഡി.എഫ് സര്‍ക്കാരിനെതിരെ ‘മെമ്മോറാണ്ടം സമര്‍പ്പിച്ച് കാത്തിരിക്കാതെ ശക്തമായ സമരം സംഘടിപ്പിക്കേണ്ട ഘട്ടത്തില്‍ ഇടതുപക്ഷത്ത് അനൈക്യമെന്ന് വിളിച്ചുപറയുന്ന ഈ പ്രശ്‌നം സി.പി.ഐ ശാന്തമായി അവസാനിപ്പിക്കുകയാണ് വേണ്ടത്,’ സി. എന്‍ മോഹനന്‍ പറഞ്ഞു.
Content Highlight: The only political party to support the Emergency; the CPI displayed a lack of political maturity: C.N. Mohanan.