| Wednesday, 21st October 2026, 6:59 pm

നിങ്ങള്‍ ജെന്‍ സി അല്ലെന്ന് സി.ജെ.പി നേതാക്കളോട് കോടതി; മോദി മാത്രമാണല്ലോ യഥാര്‍ത്ഥ ജെന്‍ സീ എന്ന് പരിഹസിച്ച്‌ ദീപ്‌കെ

റെന്വര്‍ പി

ന്യൂദല്‍ഹി: സി.ജെ.പി നേതാക്കള്‍ അശുതോഷ് രങ്കയോടും സൗരവ് ദാസിനോടും ദല്‍ഹി ഹൈക്കോടതി ‘നിങ്ങള്‍ ജെന്‍സി അല്ല,’ എന്ന് പറഞ്ഞ സംഭവത്തില്‍ പ്രതിഷേധവുമായി സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയോട് കൂടിയ ഒരു എക്‌സ് പോസ്റ്റിലൂടെയായിരുന്നു ദീപ്‌കെ പ്രതിഷേധം അറിയിച്ചത്

‘ജെന്‍ സീ ആവാന്‍ യോഗ്യതയുള്ള ഒരേയൊരു വ്യക്തി,’ എന്ന അടിക്കുറിപ്പോടെയാണ് മോദിയുടെ ചിത്രം ദീപ്‌കെ പങ്കുവെച്ചത്. നേരത്തെ നീറ്റ് ക്രമക്കേടിനെതിരായ പ്രതിഷേധത്തിന്റെ സമയത്ത് രാജ്യത്തെ വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ ഒരു വീഡിയോ മോദി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോയില്‍ നിന്നുള്ള മോദിയുടെ ചിത്രമാണ് ഇപ്പോള്‍ എക്‌സ് പോസ്റ്റില്‍ ദീപ്‌കെ പങ്കുവെച്ചത്.

നേരത്തെ തങ്ങളുടെ ജുഡീഷ്യല്‍ കസ്റ്റഡിയെ ചോദ്യം ചെയ്തുകൊണ്ട് സി.ജെ.പി സഹ കണ്‍വീനര്‍മാരായ സൗരവ് ദാസും അശുതോഷ് രങ്കയും ദല്‍ഹി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജി പരിഗണിക്കവെയാണ് ഇരുവരും ജെന്‍ സീ അല്ലെന്ന് കോടതി അഭിപ്രായപ്പെട്ടത്.

സൗരവ് ദാസിന് 27 വയസ്സും അശുതോഷ് രങ്കയ്ക്ക് 31 വയസ്സുമാണെന്ന് ശ്രദ്ധയില്‍പ്പെടുത്തിയ കോടതി, ‘അപ്പോള്‍ നിങ്ങള്‍ ജെന്‍ സീ അല്ലല്ലോ,’ എന്ന് ചോദിച്ചിരുന്നു. മില്ലേനിയലുകള്‍ എന്ന് വിളിക്കപ്പെടുന്നവരുടെ പ്രായമെന്താണെന്നും കോടതി ചോദിച്ചിരുന്നു.

സൗരവ് ദാസും അശുതോഷ് രങ്കയും ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പിന്‍വലിച്ചിരുന്നു. മറ്റ് നിയമ മാര്‍ഗങ്ങളുള്ളതിനാല്‍ ഈ വിഷയം പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. ഇതിനെത്തുടര്‍ന്നാണ് സി.ജെ.പി നേതാക്കള്‍ ഹരജി പിന്‍വലിച്ചത്.

ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ബുധനാഴ്ച സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് (എസ്.ഇ.എം) മുന്നില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാനും, പരാതി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അപ്പീല്‍ നല്‍കാനും കോടതി സൗരവിനോടും അശുതോഷിനോടും നിര്‍ദേശിച്ചു. മജിസ്ട്രേറ്റിന് മുന്നില്‍ നടക്കാനിരിക്കുന്ന വാദം കേള്‍ക്കലിന്റെ ഫലം കാത്തിരിക്കാനും, അതിനുശേഷവും പരാതി നിലനില്‍ക്കുകയാണെങ്കില്‍ അപ്പീല്‍ കോടതിയെ സമീപിക്കാനും കോടതി ഹരജിക്കാരുടെ അഭിഭാഷകനോട് നിര്‍ദേശിച്ചു.

ഹരജിയില്‍ അടിയന്തര വാദം കേള്‍ക്കാനാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സി.ജെ.പി നേതാക്കള്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തങ്ങളുടെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയ എസ്.ഇ.എം നടപടിക്കെതിരെയാണ് സി.ജെ.പി നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.

Content Highlight: The only person who qualifies as a GenZ: Abhijeet Dipke Shares Image of Modi with this caption

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more