| Friday, 15th July 2016, 8:01 am

ഇന്ത്യാ വിരുദ്ധ പരാര്‍ശം; ഹാഫിസ് സഈദിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സന്‍ഫ്രാന്‍സിസ്‌കോ: ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്ന് ജമാഅത്തുദ്ദഅവ മേധാവി ഹാഫിസ് മുഹമ്മദ് സഈദിന്റെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി നീക്കം ചെയ്തു. ഹാഫിസ്സയീദ്‌ലൈവ് എന്ന അക്കൗണ്ടാണ് നീക്കം ചെയ്തത്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ വധവുമായി ബന്ധപ്പെട്ട് കാശ്മീരില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

ബുര്‍ഹാന്‍ വാനിയുടെ മരണവുമായി ബന്ധപ്പെട്ട് ഹാഫിസ് സഈദിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണങ്ങള്‍ അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ട്വിറ്ററിന് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സയീദിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ സസ്‌പെന്‍ഡ് ചെയ്തത്.

ചൊവ്വാഴ്ച രൂക്ഷമായ ഭാഷയിലാണ് സഈദ് കാശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ചത്. കാശ്മീരിലെ ജനങ്ങള്‍ തെരുവിലാണ്. ഈ പ്രതിഷേധം വലിയൊരു നീക്കമാകും. കാശ്മീരിലെ എല്ലാ ഗ്രൂപ്പുകളും ഒരുമിക്കും. ഹുറിയത്തിന്റെ എല്ലാ ചിറകുകളും ഒന്നാകും. കശ്മീരില്‍ ജീവന്‍ നഷ്ടമായവരുടെ മരണം വെറുതെയാകില്ലെന്നും ഹാഫിസ് സഈദ് പറഞ്ഞു. കശ്മീരിലെ സംഘര്‍ഷത്തില്‍ ഇതുവരെ 37 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more