| Friday, 7th August 2026, 4:47 pm

ബാക്ക് ടു ബാക്ക് വണ്‍ ബില്യണ്‍.... ഹോളിവുഡിനെ കാല്‍ക്കീഴിലാക്കി ടോം ഹോളണ്ട്, ചെക്കന്‍ പുലിയാണ് കേട്ടാ

അമര്‍നാഥ് എം.

കുറച്ച് കാലമായി വലിയ ആളനക്കമില്ലാതിരുന്ന ഹോളിവുഡ് ബോക്‌സ് ഓഫീസിനെ ഇളക്കിമറിക്കുകയാണ് പുതിയ റിലീസുകളായ ഒഡീസിയും സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേയും. പ്രേക്ഷകര്‍ക്ക് അതിഗംഭീര വിഷ്വല്‍ എക്‌സ്പീരിയന്‍സ് സമ്മാനിച്ച ഇരു ചിത്രങ്ങളും ഇതിനോടകം വണ്‍ ബില്യണ്‍ ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്.

സമ്മര്‍ റിലീസില്‍ രണ്ടാഴ്ചത്തെ വ്യത്യാസത്തിലാണ് രണ്ട് സിനിമകളും തിയേറ്ററുകളിലെത്തിയത്. പൂര്‍ണമായും ഐമാക്‌സ് ക്യാമറയില്‍ ചിത്രീകരിച്ച ഒഡീസി ലൈഫ്‌ടൈം എക്‌സ്പീരിയന്‍സായപ്പോള്‍ ബ്രാന്‍ഡ് ന്യൂ ഡേ മാര്‍വല്‍ ആരാധകര്‍ക്ക് വിഷ്വല്‍ ട്രീറ്റായി മാറി. രണ്ട് സിനിമകളിലും പൊതുവായ സാന്നിധ്യമാണ് ടോം ഹോളണ്ട്.

ഒഡീസിയില്‍ ടെലമാക്കസ് എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ബ്രാന്‍ഡ് ന്യൂ ഡേയില്‍ നൈബര്‍ഹുഡ് സ്‌പൈഡര്‍മാനായി കൈയടി നേടി. തുടര്‍ച്ചയായി രണ്ട് സിനിമകള്‍ വണ്‍ ബില്യണ്‍ ക്ലബ്ബില്‍ കയറ്റിയ താരങ്ങളുണ്ടെങ്കിലും ഇതുപലെ അടുത്തടുത്ത ദിവസങ്ങളില്‍ ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരാളില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

30 വയസിനുള്ളില്‍ ഈ നേട്ടം സ്വന്തമാക്കിയതോടെ ഹോളിവുഡിലെ ഹോട്ട് ടോപ്പിക്കായി ടോം ഹോളണ്ട് മാറി. ഒഡീസിയില്‍ സൈഡ് റോളാണെങ്കിലും തന്നിലെ നടനെ തേച്ചുമിനുക്കുന്ന പ്രകടനമായിരുന്നു ടോമിന്റേത്. ചെറിയ പ്രായത്തില്‍ വലിൊരു ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നവന്റെ പരിഭ്രമവും ക്ലൈമാക്‌സിനോടടുക്കുമ്പോഴുള്ള ട്രാന്‍സ്‌ഫോര്‍മേഷനും മികച്ചതായിരുന്നു.

നാല് വര്‍ഷത്തിന് ശേഷം വീണ്ടും സ്‌പൈഡര്‍മാനായി വേഷമിട്ടപ്പോഴും ടോം ഞെട്ടിച്ചു. ഇതുവരെ കണ്ട കൗമാരക്കാരനായ പീറ്ററില്‍ നിന്ന് തിരിച്ചറിവ് വന്ന യുവാവിലേക്കുള്ള മാറ്റം ടോം പകര്‍ന്നാടിയത് പലരെയും അത്ഭുതപ്പെടുത്തി. റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ടാണ് ബ്രാന്‍ഡ് ന്യൂ ഡേ വണ്‍ ബില്യണ്‍ ക്ലബ്ബില്‍ ഇടംപിടിച്ചത്. അവഞ്ചേഴ്‌സില്‍ ഭാഗമാകാതെ തന്നെ ബോക്‌സ് ഓഫീസ് ഇളക്കിമറിക്കാന്‍ ടോമിന് സാധിക്കുന്നുണ്ട്.

ചെറിയ പ്രായത്തില്‍ തന്നെ ഹോളിവുഡില്‍ താന്‍ ചെയ്യാനാഗ്രഹിച്ച വേഷങ്ങളെല്ലാം ടോമിന് ചെയ്യാന്‍ സാധിച്ചതും പലരും ചര്‍ച്ച ചെയ്യുന്നുണ്ട്. സ്‌പൈഡര്‍മാന്‍, അണ്‍ചാര്‍ട്ടഡ്, ഒഡീസി തുടങ്ങിയ ചിത്രങ്ങളിലെ പ്രധാന ആകര്‍ഷണം ടോമായിരുന്നു. ഇതേരീതിയില്‍ കരിയര്‍ മുന്നോട്ടു കൊണ്ടുപോയാല്‍ ടോം ഹോളിവുഡ് ഭരിക്കുമെന്ന് ഉറപ്പാണ്.

Content Highlight: The Odyssey and Spiderman Brand New Day crossed One billion collection

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more