| Friday, 26th September 2025, 10:21 pm

അച്ഛൻ വലിക്കുന്ന സിഗരറ്റിന്റെ എണ്ണം പേടിയായിരുന്നു; സിനിമ എളുപ്പമല്ലെന്ന് മനസിലായിരുന്നു: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ വിജയിക്കുന്ന സമയത്ത് സന്തോഷം ഉണ്ടാവാറില്ലേ എന്ന് ശ്രീനിവാസനോട് വിനീത് ചോദിച്ച ചോദ്യത്തെക്കുറിച്ചും അതിന് ശ്രീനിവാസൻ നൽകിയ മറുപടിയെക്കുറിച്ചും സംസാരിക്കുകയാണ് വിനീത്.

അച്ഛൻ വലിക്കുന്ന സിഗരറ്റിന്റെ എണ്ണം തനിക്ക് പേടിയായിരുന്നുവെന്നും അച്ഛന് അഭിനയിച്ചാൽ പോരെയെന്ന് തോന്നിയിട്ടുണ്ടെന്നും വിനീത് ശ്രീനിവാസൻ പറയുന്നു. സിനിമ എന്നുപറയുമ്പോൾ തനിക്ക് ആദ്യം ഓർമ വരുന്നത് ജഗതി ശ്രീകുമാറിനെയാണെന്നും നടൻ കൂട്ടിച്ചേ‍ത്തു.

മലർവാടി ഇറങ്ങിയിട്ട് 15 വർഷമായി. ഇപ്പോഴും ആദ്യം മനസിലേക്ക് വരുന്നത് ജഗതി ശ്രീകുമാർ അങ്കിളിന്റെ മുഖമാണ്. ആ മുഖത്താണ് ആദ്യ സിനിമയുടെ ആദ്യ ഷോട്ടിനായി ക്യാമറ വെച്ചത്. ഡേറ്റ് ചോദിച്ച് ഒരു താരത്തിനെ കാണാൻ പോവുന്നതും അദ്ദേഹത്തെയാണ്. ലൊക്കേഷനിൽ വരുമ്പോൾ അമ്പിളിച്ചേട്ടനെന്നും അല്ലാത്തപ്പോൾ ജഗതിയങ്കിൾ എന്നുമാണ് വിളിച്ച് ശീലിച്ചത്.

സിനിമ കണ്ടാണ് ഞാൻ വളർന്നത്. അച്ഛനോട് ഞാൻ ചോദിച്ചിട്ടുണ്ട് ‘സിനിമ വിജയിക്കുന്ന സമയത്ത് സന്തോഷം ഉണ്ടാവാറില്ലേ’ എന്ന്. എന്റെ ചോദ്യം കേട്ട് ഒരു സിഗരറ്റിന് തീ കൊളുത്തിക്കൊണ്ട് മറുപടി വന്നു. ‘വളരെ കുറച്ചു സമയത്തേക്ക് മാത്രം. ആ സിനിമ ഓടിക്കൊണ്ടിരിക്കുമ്പോൾ അടുത്ത സിനിമയുടെ ജോലിയിലല്ലേ? സന്തോഷത്തിനിടയിലും മനസിൽ ഓടുന്നത് അടുത്ത സിനിമയുടെ സീനുകളാണ്’ എന്ന്,’ വിനീത് ശ്രീനിവാസൻ പറയുന്നു.

അച്ഛൻ പറഞ്ഞത് ഇന്ന് മനസിലാക്കുന്നുണ്ടെന്നും തട്ടത്തിൻ മറയത്ത് വരെ സിനിമ വിജയിക്കുന്നത് താൻ ആസ്വദിച്ചിട്ടുണ്ടെന്നും വിനീത് പറയുന്നു. ഇപ്പോൾ സിനിമ നന്നായി ഓടിയാൽ രക്ഷപ്പെട്ടുവെന്ന ആശ്വാസമാണ് തോന്നുന്നതെന്നും ഇത് കാലം വരുത്തുന്ന മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ചെറുപ്പത്തിൽ തന്നെ മനസിലായ കാര്യമാണെന്നും അച്ഛൻ വലിക്കുന്ന സിഗരറ്റിന്റെ എണ്ണം തനിക്ക് പേടിയായിരുന്നുവെന്നും പറഞ്ഞ വിനീത്, സിഗരറ്റില്ലാതെ എഴുതാൻ പറ്റുന്നില്ലെങ്കിൽ അച്ഛന് അഭിനയിച്ചാൽ പോരെയെന്ന് തോന്നിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

പക്ഷേ, അതും ഇന്ന് മനസിലാക്കാൻ പറ്റുന്നുണ്ടെന്നും സംവിധാനം ചെയ്യുന്ന ടെൻഷൻ ഒഴിവാക്കാൻ അഭിനയിച്ചാൽ മാത്രം മതിയെന്ന് തീരുമാനിക്കാൻ പറ്റില്ലെന്നും വിനീത് പറഞ്ഞു.

Content Highlight: The number of cigarettes my father smoked was scary for me says Vineeth Sreenivasan

We use cookies to give you the best possible experience. Learn more