2026-27 സീസണിലെ ദുലീപ് ട്രോഫിക്കുള്ള നോര്‍ത്ത് സോണ്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചു. ജമ്മു കശ്മീരിന്റെ വിക്കറ്റ് കീപ്പര്‍-ബാറ്ററായ കനയ്യ വധവാനെയാണ് ക്യാപ്റ്റന്‍. ദല്‍ഹിയുടെ ആയുഷ് ബദോണിയെ വൈസ് ക്യാപ്റ്റനായി നിയമിച്ചു.
ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി കിരീടം നേടിയ ജമ്മു കശ്മീര്‍ ടീമില്‍ നിന്ന് ആറ് താരങ്ങള്‍ക്കാണ് നോര്‍ത്ത് സോണ്‍ ടീമില്‍ അവസരം ലഭിച്ചത്. കനയ്യ വധവാനൊപ്പം ഓപ്പണര്‍ ഖമ്രാന്‍ ഇഖ്ബാല്‍, ഓള്‍റൗണ്ടര്‍ അബ്ദുല്‍ സമദ്, ഇടംകൈയന്‍ സ്പിന്നര്‍ അബിദ് മുഷ്താഖ്, പേസര്‍ സുനില്‍ കുമാര്‍, ഫാസ്റ്റ് ബൗളര്‍ യുദ്ധ്‌വീര്‍ സിങ് എന്നിവരും ടീമിലുണ്ട്. അതേസമയം, 41കാരനായ ജമ്മു കശ്മീര്‍ നായകന്‍ പരാസ് ഡോഗ്രയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇന്ത്യയുടെ ഇടംകൈയന്‍ പേസ് ബൗളര്‍ അര്‍ഷ്ദീപ് സിങ് 15 അംഗ ടീമിന്റെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നല്‍കും. ഇന്ത്യയുടെ വൈറ്റ്-ബോള്‍ ടീമിലെ സ്ഥിരാംഗമായ അര്‍ഷ്ദീപ് സിങ് 2025ലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പരിക്കും ടീം കോമ്പിനേഷനും കാരണം റെഡ്-ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പരിഗണനാ പട്ടികയിലുണ്ടായിരുന്ന ഹരിയാനയുടെ പേസര്‍ അന്‍ഷുല്‍ കാംബോജും നോര്‍ത്ത് സോണ്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
ദേശീയ ടീമിലേക്ക് കടന്നുകയറാന്‍ ലക്ഷ്യമിടുന്ന താരങ്ങള്‍ക്കുള്ള വേദിയായാണ് ദുലീപ് ട്രോഫിയെ സെലക്ടര്‍മാര്‍ കാണുന്നത്.
ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഗ്രൗണ്ട്-1ല്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ നോര്‍ത്ത് സോണ്‍ വെസ്റ്റ് സോണിനെ നേരിടും. ഈ മത്സരത്തിലെ വിജയികള്‍ സെമിഫൈനലിലേക്ക് മുന്നേറും.
2025-26 സീസണില്‍ സൗത്ത് സോണിനെ ഫൈനലില്‍ തോല്‍പ്പിച്ച് ദുലീപ് ട്രോഫി കിരീടം നേടിയത് സെന്‍ട്രല്‍ സോണാണായിരുന്നു. രജത് പാടിദാറിന്റെ നേതൃത്വത്തിലായിരുന്നു ടീമിന്റെ വിജയം.
കനയ്യ വധവാന്‍ (ക്യാപ്റ്റന്‍), ആയുഷ് ബദോണി (വൈസ് ക്യാപ്റ്റന്‍), സനത് സാങ്‌വാന്‍, ഖമ്രാന്‍ ഇഖ്ബാല്‍, യഷ് ധുള്‍, ആയുഷ് ദോസേജ, അബ്ദുല്‍ സമദ്, നിഷാന്ത് സിന്ധു, അര്‍ജുന്‍ ശര്‍മ, ആബിദ് മുഷ്താഖ്, അര്‍ഷ്ദീപ് സിങ്, സുനില്‍ കുമാര്‍, അന്‍ഷുല്‍ കാംബോജ്, യുദ്ധ്‌വീര്‍ സിങ്, നിഖില്‍ കശ്യപ്
Content Highlight: The North Zone squad for the 2026-27 Duleep Trophy has been announced