| Tuesday, 10th November 2026, 9:26 pm

സംസ്ഥാന സര്‍ക്കാര്‍ ഇടപെടലിനെതുടര്‍ന്ന് മെറ്റ നീക്കം ചെയ്ത നോക്യാപ്പ് ഫേസ്ബുക്ക് പേജ് ഹൈക്കോടതി ഉത്തരവിനെതുടര്‍ന്ന് പുനസ്ഥാപിച്ചു

റെന്വര്‍ പി

കൊച്ചി: മെറ്റ വിലക്കേര്‍പ്പെടുത്തിയിരുന്ന് നോക്യാപ്പ് ഫേസ്ബുക്ക് പേജ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന പുനസ്ഥാപിച്ചു. ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്ത മെറ്റയുടെ നടപടിക്കെതിരെ നോക്യാപ്പ് ചീഫ് എഡിറ്റര്‍ അലി ഹൈദര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പേജ് പുനസ്ഥാപിക്കാന്‍ ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ഉത്തരവിട്ടത്.

നോക്യാപ്പിന്റെ പേജ് പൂര്‍ണമായും നീക്കം ചെയ്യാനല്ല മെറ്റക്ക് നിര്‍ദേശം നല്‍കിയതെന്നും ചില കമന്റുകള്‍ നീക്കം ചെയ്യാനായിരുന്നു നിര്‍ദേശം നല്‍കിയതെന്നും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇത് പ്രകാരം ആ കമന്റുകള്‍ നീക്കം ചെയ്ത് പേജ് പുനസ്ഥാപിക്കാന്‍ ഈ മാസം അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി നിര്‍ദേശിച്ചു.

‘ഇന്ന് ഈ വിഷയം പരിഗണനയ്ക്ക് വന്നപ്പോള്‍, സര്‍ക്കാര്‍ അഭിഭാഷകന്‍ തനിക്ക് ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കോടതിയെ അറിയിച്ചത് ഇപ്രകാരമാണ്: അഞ്ചാം എതിര്‍കക്ഷിക്ക് (മെറ്റ) നല്‍കിയിരുന്ന നിര്‍ദേശം, ഹര്‍ജിക്കാരന്‍ പങ്കുവെച്ച ചില പോസ്റ്റുകളിലെ വിദ്വേഷം നിറഞ്ഞ കമന്റുകള്‍ നീക്കം ചെയ്യാന്‍ മാത്രമായിരുന്നു. ഹര്‍ജിക്കാരന്റെ (നോക്യാപ്പ്) ഫേസ്ബുക്ക് പേജ് പൂര്‍ണ്ണമായും ബ്ലോക്ക് ചെയ്യാന്‍ യാതൊരു നിര്‍ദേശവും നല്‍കിയിരുന്നില്ല,’ എന്ന് ഉത്തരവില്‍ പറയുന്നു.

‘ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത്, മൂന്നാം എതിര്‍കക്ഷിയോ (ഡി.ജി.പി) അവരുടെ കീഴിലുള്ള ഉദ്യോഗസ്ഥരോ ചൂണ്ടിക്കാണിച്ച കമന്റുകള്‍ നീക്കം ചെയ്ത ശേഷം, ഹര്‍ജിക്കാരന് തന്റെ ഫേസ്ബുക്ക് പേജ് തുടര്‍ന്നും ഉപയോഗിക്കാവുന്നതാണെന്ന് ഉത്തരവിടുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ അഞ്ചാം എതിര്‍കക്ഷി (മെറ്റ) സ്വീകരിക്കേണ്ടതാണ്. ഹര്‍ജിക്കാരന് ഈ ഉത്തരവ് അഞ്ചാം എതിര്‍കക്ഷിയെ അറിയിക്കാവുന്നതാണ്,’ എന്നും ഉത്തരവില്‍ പറയുന്നു.

ഒക്ടോബര്‍ 21ന് ശേഷമാണ് നോക്യാപ്പിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ ലഭ്യമല്ലാതായത്. ഇന്ന് (നവംബര്‍ 10, ചൊവ്വ) വൈകിട്ടോടെ പേജില്‍ വീണ്ടും പോസ്റ്റുകള്‍ വരാന്‍ ആരംഭിച്ചു. ‘വീ ആര്‍ ബാക്ക്,’ എന്ന് എഴുതിയ ഒരു പോസ്റ്ററും നോകാപ്പ് അവരുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പേജ് മെറ്റ നീക്കം ചെയ്തതിനെയും കോടതി ഉത്തരവിനെയും കുറിച്ചുള്ള ഒരു കുറിപ്പും നോക്യാപ്പ് ഈ പോസ്റ്ററിനൊപ്പം നല്‍കിയിട്ടുണ്ട്.

‘ഐടി ആക്ട് 2000ലെ സെക്ഷന്‍ 79(3)(ബി) പ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ പരാതിയിലാണ് പേജ് ബ്ലോക്ക് ചെയ്തതെന്ന് മെറ്റ നേരത്തേ അറിയിച്ചിരുന്നു. അതേസമയം, പേജ് പിന്‍വലിക്കാന്‍ മെറ്റയോട് പറഞ്ഞിട്ടില്ലെന്നും ചില കമന്റുകള്‍ നീക്കം ചെയ്യാന്‍ മാത്രമാണ് നിര്‍ദേശിച്ചതെന്നുമായിരുന്നു കോടതിയില്‍ കേരള സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം,’ എന്ന് കുറിപ്പില്‍ പറയുന്നു.

Content Highlight: The ‘NoCap’ Facebook page, has been restored in compliance with a High Court order

 

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more