ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കൃഷാന്ദ് ആര്‍.കെയുടെ വരാനിരിക്കുന്ന ചിത്രമാണ് മസ്തിഷ്‌ക മരണം; സൈമണ്‍സ് മെമ്മറീസ്. രജിഷ വിജയന്‍, സുരേഷ് കൃഷ്ണ, ജഗദീഷ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന് അനൗണ്‍സ്മെന്റ് മുതലേ ഹൈപ്പുണ്ടായിരുന്നു. ചിത്രത്തിന്റേതായി വന്ന ടീസറും പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജഗദീഷിന്റെയും സുരേഷ് കൃഷ്ണയുടെയും ക്യാരക്ടര്‍ പോസ്റ്ററുകളാണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രവീണ്‍ ശശാങ്ക് എന്ന കഥാപാത്രമായി ജഗദീഷ് എത്തുമ്പോള്‍, ചാര്‍ലി എന്ന കഥാപാത്രമാണ് സുരേഷ് കൃഷ്ണ എത്തുന്നത്. വ്യത്യസ്തമായ ഗെറ്റപ്പില്‍ ആണ് ഇരുവരും പോസ്റ്ററില്‍ ഉള്ളത്.
2046 കാലഘട്ടത്തില്‍ കഥ പറയുന്ന സയന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ കോമഡി ചിത്രമായാണ് മസ്തിഷ്‌ക മരണം എത്തുന്നത്. ഇതുവരെ കരിയറില്‍ ചെയ്യാത്ത തരം വ്യത്യസ്തമായ വേഷത്തിലാണ് സുരേഷ് കൃഷ്ണയും ജഗദീഷും സിനിമയില്‍ എത്തുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രം ഫെബ്രുവരി 27നാണ് തിയേറ്ററുകള്‍ എത്തുക.
കൃഷാന്ദിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ഗഗനചരിക്ക് ശേഷം അജിത്ത് വിനായക ഫിലിംസും പ്രശാന്ത് ഫിലിംസും ഒന്നിക്കുന്ന സിനിമ കൂടിയാണ് മസ്തിഷ്‌ക മരണം. ചിത്രത്തിന്റെതായി വന്ന ഐറ്റം നമ്പര്‍ സോങ് ‘കോമള താമര’ യും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രയാഗ് മുകുന്ദന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം വര്‍ക്കിയാണ്. കൃഷാന്ദ് തന്നെയാണ് സിനിമയുടെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയില്‍ നിരഞ്ച് മണിയന്‍പിള്ള രാജു, നന്ദു, ദിവ്യ പ്രഭ, ആന്‍ ജമീല സലീം, ശാന്തി ബാലചന്ദ്രന്‍ വിഷ്ണു അഗസ്ത്യ, സായി ഗായത്രി, ശ്രീനാഥ് ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
കൃഷാന്ദിന്റെ മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ മസ്തിഷ്‌ക മരണവും മികച്ച സിനിമാനുഭവം സമ്മാനിക്കുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്
Content Highlight: The new poster of the movie Masthishka maranam h is out