| Saturday, 22nd November 2025, 3:07 pm

പുതിയ തലമുറ മനുഷ്യത്വത്തിന്റെ മഹത്വം മനസിലാക്കുന്നവര്‍; മീനാക്ഷിയെ അഭിനന്ദിച്ച് കെ.കെ. ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന വിവേചനങ്ങളെ കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന നടിയും ടെലിവിഷന്‍ അവതാരകയുമായ മീനാക്ഷിയെ അഭിനന്ദിച്ച് മുന്‍ ആരോഗ്യമന്ത്രിയും എം.എല്‍.എയുമായ കെ.കെ. ശൈലജ.

‘പുതിയ തലമുറ മനുഷ്യത്വത്തിന്റെ മഹത്വം മനസിലാക്കുന്നവരാണ് എന്ന് കാണുന്നതില്‍ ആശ്വാസവും അഭിമാനവും തോന്നുന്നു. മീനാക്ഷിക്കുട്ടിക്ക് അഭിനന്ദനങ്ങള്‍,’ കെ.കെ. ശൈലജ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മീനാക്ഷിയ്ക്ക് എം.എല്‍.എ അഭിനന്ദനം അറിയിച്ചത്.

കഴിഞ്ഞ ദിവസം ‘മത’മിളകില്ലെന്ന് ഓരോ മനുഷ്യരും ഉറപ്പാക്കിയാല്‍ ഈ നാട്ടില്‍ മതനിരപേക്ഷത സാധ്യമാകുമെന്ന മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. അഡ്വ. കൃഷ്ണ രാജ് അടക്കമുള്ളവര്‍ മീനാക്ഷിക്കെതിരെ വിദ്വേഷ പ്രചരണം നടത്തുകയായിരുന്നു.

‘സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട, ചെറിയ വായയില്‍ വലിയ വര്‍ത്തമാനം പറയുന്ന ഈ കൊച്ചിനെ മിക്കവാറും കാക്ക കൊത്തുന്ന എല്ലാ ലക്ഷണവുമുണ്ട്,’ എന്നായിരുന്നു കൃഷ്ണ രാജിന്റെ പ്രതികരണം. പോസ്റ്റ് ചർച്ചയായതോടെ കൃഷ്ണ രാജും രൂക്ഷവിമര്‍ശനം നേരിട്ടിരുന്നു.

സംഘികള്‍ക്ക് നന്നായി കൊള്ളുന്നുണ്ട്, സംഘികള്‍ക്ക് പൊള്ളി, വളര്‍ന്നുവരുന്ന പുതിയ തലമുറയെ സംഘികള്‍ക്ക് പേടിയുണ്ട് തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. നിരവധി ആളുകള്‍ മീനാക്ഷിയെ പിന്തുണച്ചും സംസാരിച്ചു.

സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെ മീനാക്ഷിയുടെ നിലപാടുകളില്‍ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്നും ‘ദളിതര്‍ തൊട്ടുകൂടാത്തവര്‍’ എന്ന പദപ്രയോഗം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന മീനാക്ഷിയുടെ ആവശ്യം കൂടി പരിഗണിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘പൊതുവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള മീനാക്ഷിയുടെ അഭിപ്രായങ്ങള്‍ കണ്ടു. അഭിപ്രായങ്ങള്‍ക്ക് നന്ദി. കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങള്‍ എല്ലാം പരിഷ്‌കരിച്ച പാഠപുസ്തകങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇത്തരം അഭിപ്രായങ്ങള്‍ കേട്ടാണ് നാം പുതിയ പാഠ്യപദ്ധതി തയ്യാറാക്കിയത്.

ഓരോ വര്‍ഷവും ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി പാഠപുസ്തകങ്ങള്‍ പുതുക്കുമെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. ഫസ്റ്റ് എയ്ഡ് സംബന്ധിച്ച കാര്യങ്ങളും, ട്രാഫിക് ബോധവത്ക്കരണവും, സാമ്പത്തിക സാക്ഷരതയും, വേസ്റ്റ് മാനേജ്‌മെന്റും, നിയമ സാക്ഷരതയുമെല്ലാം വിവിധ ക്ലാസുകളിലെ പുസ്തകങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്. പുതിയ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടാവട്ടെ, നല്ലതിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വാഗതം ചെയ്യുന്നു,’ ശിവന്‍കുട്ടി കുറിച്ചു.

Content Highlight: The new generation understands the greatness of humanity; K.K. Shailaja congratulates Meenakshi

We use cookies to give you the best possible experience. Learn more