| Wednesday, 10th July 2019, 11:38 am

ബജറ്റ് കഴിഞ്ഞപ്പോള്‍ രണ്ടുലക്ഷം കോടി കാണാനില്ല: വിശദീകരിക്കാനാവാതെ കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക അക്കൗണ്ടുകളില്‍ രണ്ടുലക്ഷം കോടി രൂപയോളം കാണാനില്ല. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടക സമിതി അംഗമായ റതിന്‍ റോയിയാണ് ഇക്കാര്യം ആദ്യം ചൂണ്ടിക്കാട്ടിയത്.

ബിസിനസ് സ്റ്റാന്റേര്‍ഡിലെഴുതിയ ലേഖനത്തിലാണ് രണ്ടുലക്ഷം കോടിയോളം രൂപയുടെ അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. 2018-19 കാലയളവിലെ റവന്യൂ വരുമാനം സംബന്ധിച്ച ബജറ്റിലെ കണക്കും സാമ്പത്തിക സര്‍വ്വേയും പരിശോധിച്ചപ്പോഴാണ് ഇത്രവലിയ തുകയും അന്തരം കണ്ടെത്തിയത്. വരുമാനത്തിന്റെ കാര്യത്തില്‍ 1.7ലക്ഷം കോടിയുടെ കുറവാണ് കണ്ടെത്തിയത്.

സര്‍ക്കാര്‍ എത്ര വരുമാനം പ്രതീക്ഷിക്കുന്നുവെന്നതാണ് പുതുക്കിയ എസ്റ്റിമേറ്റ് എന്ന രീതിയില്‍ ബജറ്റില്‍ കാണിക്കുന്നത്. യഥാര്‍ത്ഥത്തില്‍ എത്രത്തോളം കിട്ടിയെന്ന് സാമ്പത്തിക സര്‍വ്വേയില്‍ പ്രൊവിഷണല്‍ ആക്ച്വല്‍സ് (പി.എ) ആയി കാണിക്കുന്നു.

ബജറ്റിനേക്കാള്‍ കൃത്യത സാമ്പത്തിക സര്‍വ്വേയിലെ ഈ കണക്കിനാണ്. 2018-19 വര്‍ഷത്തേക്ക് 17.3 ലക്ഷം കോടിയാണ് പുതുക്കിയ എസ്റ്റിമേറ്റായി ബജറ്റില്‍ കാണിക്കുന്നത്. എന്നാല്‍ സാമ്പത്തിക സര്‍വ്വേയുടെ പി.എയില്‍ 15.6 ലക്ഷം കോടി രൂപയെന്നാണ് കാണിക്കുന്നത്. അതായത് 1.7 ലക്ഷം കോടിയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

സര്‍ക്കാറിന്റെ ചെലവ് കണക്കിുലം ഈ പൊരുത്തക്കേട് പ്രകടമാണ്. 2018-19 വര്‍ഷത്തേക്ക് 24.6 ലക്ഷം കോടിയാണ് ചെലവായി ബജറ്റില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ സാമ്പത്തിക സര്‍വ്വേയില്‍ സര്‍ക്കാറിന്റെ ചെലവ് 23.1ലക്ഷം കോടിയാണ്. ഏതാണ്ട് 1.5 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്.

നികുതി വരുമാനത്തിലുണ്ടായ കുറവാകാം ഈ അന്തരത്തിന് കാരണം. ബജറ്റ് പ്രകാരം 14.8 ലക്ഷം കോടിയാണ് കഴിഞ്ഞവര്‍ഷത്തെ നികുതി വരുമാനമായി പ്രതീക്ഷിക്കുന്നത്. സാമ്പത്തിക സര്‍വ്വേയില്‍ പറയുന്നത് 13.2 ലക്ഷം കോടി മാത്രമാണ് നികുതി വരുമാനമായി ലഭിച്ചതെന്നാണ്.

ഈ പൊരുത്തക്കേടുകള്‍ സംബന്ധിച്ച ചോദ്യം ധനമന്ത്രാലയത്തിനു മുമ്പാകെ നല്‍കിയിട്ടും മറുപടി ലഭിച്ചിട്ടില്ലെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more