| Wednesday, 2nd September 2026, 4:29 pm

റോഡ് വീതികൂട്ടുന്നതിനായി മധ്യപ്രദേശില്‍ 150 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ച് നീക്കി മുന്‍സിപ്പാലിറ്റി

നിഷാന. വി.വി

ഉജ്ജൈന്‍: റോഡ് വീതി കൂട്ടലിന്റെ ഭാഗമായി 150 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ച് നീക്കി ഉജ്ജൈന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. കെ.ഡി ഗേറ്റ് റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് പൊളിച്ച് നീക്കല്‍ നടപടി. മധ്യപ്രദേശിലെ ഉജ്ജൈന്‍ ജില്ലയിലുള്ള മദീന മസ്ജിദിന്റെ ഒരു ഭാഗമാണ് പൊളിച്ച് നീക്കിയത്.
ഏകദേശം 150 വര്‍ഷത്തോളം പഴക്കമുള്ള മസ്ജിദിന്റെ ഭാഗങ്ങള്‍ പൊളിച്ചുനീക്കാന്‍ ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

റോഡ് വികസനത്തിനായി മാറ്റിവെച്ച സ്ഥലത്താണ് മസ്ജിദ് സ്ഥിതി ചെയ്യുന്നതെന്നും, പരസ്പര ധാരണയോടെയാണ് പൊളിക്കല്‍ നടപടികള്‍ നടത്തുന്നതെന്നും അഡീഷണല്‍ മുന്‍സിപ്പല്‍ കമ്മീഷണര്‍ സന്തോഷ് ടാഗോര്‍ പറഞ്ഞു.

ഇതേ ഓപ്പറേഷന്റെ ഭാഗമായി കെ.ഡി റോഡില്‍ സ്ഥിതി ചെയ്യുന്ന ജമിയത്തുല്‍ ഖുറൈഷ് ഖസബാന്‍ മസ്ജിദിന്റെ ഒരു ഭാഗവും പൊളിച്ചുമാറ്റിയിട്ടുണ്ട്. പൊളിക്കല്‍ ആരംഭിച്ചതോടെ മുസ് ലിം സമുദായത്തില്‍പ്പെട്ടവര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും പൊലീസുമായി തര്‍ക്കമുണ്ടാവുകയും ചെയ്തു.

സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. മദീന മസ്ജിദും ജമിയത്തുല്‍ ഖുറൈഷ് ഖസബാന്‍ മസ്ജിദുമായി ബന്ധപ്പെട്ട വ്യക്തികള്‍ സ്ഥലത്തെത്തി ഭരണകൂടത്തെ തങ്ങളുടെ ആശങ്ക അറിയിച്ചെങ്കിലും ഭാഗികമായ പൊളിച്ചുനീക്കല്‍ തുടരുകയായിരുന്നു.

പൊളിക്കല്‍ നടപടികളിലുടനീളം നിരവധി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ഈ ആരാധനാലയം 100 മുതല്‍ 150 വര്‍ഷം വരെ പഴക്കമുള്ളതാണെന്ന് മദീന മസ്ജിദ് കമ്മിറ്റി അംഗം ഷാഹിദ് ഖാന്‍ പറഞ്ഞു. റോഡ് വികസന പദ്ധതിയുമായി സഹകരിക്കുന്നതിനായി പ്രദേശവാസികള്‍ക്ക് തങ്ങളുടെ കടകളുടെ ഭാഗങ്ങള്‍ വിട്ടുകൊടുക്കേണ്ടി വന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണകൂടവുമായുള്ള യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് ഉജ്ജൈയിന്‍ ഷഹര്‍ ഖാസി ഖാലിഖ് ഉര്‍ റഹ്‌മാന്‍ അറിയിച്ചു. തദ്ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, 2028-ല്‍ നടക്കുന്ന ഉജ്ജൈനിലെ ‘സിംഹസ്ഥ മേള’യുടെ മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കെ.ഡി റോഡ് വികസന പദ്ധതി തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകാനാണ് സാധ്യത.

Content Highlight: The municipality in Madhya Pradesh demolished a 150-year-old mosque to widen the road.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more