| Saturday, 1st February 2025, 6:12 pm

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുനമ്പം പ്രശ്‌നം പഠിക്കാന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. താത്കാലികമായാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്.

നേരത്തെ മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു.

തല്‍സ്ഥിതി കണക്കിലെടുത്ത്, കമ്മീഷന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കിയ ശേഷം തുടര്‍നടപടികള്‍ ആരംഭിക്കുമെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

കേസ് തീര്‍പ്പാക്കിയാല്‍ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കമ്മീഷന്റെ പ്രവര്‍ത്തനം നിയമപ്രകാരമാണെന്നും എന്‍ക്വയറി ആക്ട് അനുസരിച്ചാണ് കമ്മീഷന്‍ രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാരിന്റെ വശം സര്‍ക്കാര്‍ പറയുമെന്നും ജസ്റ്റിസ് പ്രതികരിച്ചു. മുനമ്പം വഖഫ് സംരക്ഷണ സമിതി നല്‍കിയ ഹരജി കോടതി, ജുഡീഷ്യന്‍ കമ്മീഷന്റെ അധികാരപരിധി സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് പറഞ്ഞത്.

നേരത്തെ മുനമ്പത്തെ 104 ഏക്കര്‍ ഭൂമി വഖഫാണെന്ന് കണ്ടെത്തിയതാണ്. അതേ വിഷയത്തില്‍ വീണ്ടും കമ്മീഷനെ വെച്ച് തീരുമാനമെടുക്കാന്‍ എങ്ങനെ സാധിക്കുമെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു.

കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തിലാണെന്നും ഹൈക്കോടതി ചോദ്യം ഉയര്‍ത്തിയിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മുനമ്പം ജുഡീഷ്യല്‍ കമ്മീഷനെ അസാധുവാക്കണമെന്നും നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടതാണ് സമിതി ഹരജി നല്‍കിയത്.

എന്നാല്‍ ഭൂമിയുടെ ഉടമസ്ഥതാവകാശം സംബന്ധിച്ച കാര്യങ്ങള്‍ കമ്മീഷന്റെ പരിധിയില്‍ ഇല്ലെന്ന് കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സര്‍ക്കാര്‍ പറഞ്ഞു. ഭൂമിയുടെ നിലവിലത്തെ സ്ഥിതി, സ്വഭാവം, വ്യാപ്തി എന്നീ ഘടകങ്ങളാണ് കമ്മീഷന്റെ പരിഗണനയിലുള്ളത്.

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നിയോഗിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Content Highlight: The Munambam Judicial Commission has temporarily suspended its operations

We use cookies to give you the best possible experience. Learn more