| Thursday, 4th June 2026, 8:14 am

'മോളിവുഡ് ടൈംസിന്' ട്രെയ്‌ലർ ഇല്ല! കാരണം വ്യക്തമാക്കി സംവിധായകൻ അഭിനവ് സുന്ദർ നായക്

കെ.എസ് ഷാബിന

സിനിമ പ്രൊമോഷനുകളുടെ ബഹളങ്ങൾ നിറഞ്ഞ ഇക്കാലത്ത്, തന്റെ പുതിയ ചിത്രത്തിന് ട്രെയ്‌ലർ വേണ്ടെന്ന വേറിട്ട തീരുമാനവുമായി എത്തിയിരിക്കുകയാണ് ‘മോളിവുഡ് ടൈംസി’ന്റെ സംവിധായകൻ അഭിനവ് സുന്ദർ നായക്. നസ്‌ലെൻ നായകനാകുന്ന ചിത്രം നാളെ (ജൂൺ 5) തിയേറ്ററുകളിൽ എത്താനിരിക്കെ, തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് അഭിനവ് ഇക്കാര്യം വ്യക്തമാക്കിയത്.

ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടീസറും, ‘അപ്ന ഫ്രൈഡേ ആയേഗാ’, ‘ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്നീ രണ്ട് ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രെൻഡിങ്ങാണ്. റിലീസ് തീയതി അടുത്തതോടെ ചിത്രത്തിന്റെ ട്രെയ്‌ലറിനായി കാത്തിരുന്ന ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായാണ്, ഇത് താൻ മനപ്പൂർവം എടുത്ത തീരുമാനമാണെന്ന് സംവിധായകൻ വെളിപ്പെടുത്തിയത്.

മോളിവുഡ് ടൈംസ്.Photo:Screengrab/Youtube

‘മോളിവുഡ് ടൈംസിന് പ്രീ-റിലീസ് ട്രെയ്‌ലർ ഇല്ല. കഥയെക്കുറിച്ച് കൂടുതൽ ഒന്നും അറിയാതെ സിനിമ കാണുക. സാധിക്കുമെങ്കിൽ ടീസർ പോലും കാണരുത്,’ അഭിനവ് കുറിച്ചു. സ്വന്തം സിനിമയിലുള്ള വലിയ ആത്മവിശ്വാസമാണ് അദ്ദേഹത്തിന്റെ ഈ വാക്കുകളിൽ പ്രകടമാകുന്നത്.

അഭിനവിന്റെ മുൻകാല സിനിമകൾ കണ്ടവർക്ക് ഈ തീരുമാനത്തിൽ വലിയ അത്ഭുതം തോന്നാനിടയില്ല. തന്റെ ആദ്യ ചിത്രമായ ‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്’ വഴി തന്നെ, പതിവ് സിനിമാ രീതികൾ പൊളിച്ചെഴുതാൻ ഇഷ്ടപ്പെടുന്ന സംവിധായകനാണ് താനെന്ന് അദ്ദേഹം തെളിയിച്ചതാണ്. പരമ്പരാഗതമായ ട്രെയ്‌ലര്‍ പ്രൊമോഷനുകൾക്ക് പകരം, പ്രേക്ഷകരുടെ ആകാംഷയിലും നല്ല പ്രതികരണങ്ങളിലും വിശ്വസിക്കാനാണ് അദ്ദേഹം ഇതിലൂടെ ശ്രമിക്കുന്നത്.

മോളിവുഡ് ടൈംസ്.Photo:Screengrab/Youtube

മലയാള സിനിമയിലെ ഏറ്റവും മികച്ച ഹൊറർ സംവിധായകനാകാൻ ആഗ്രഹിക്കുന്ന ‘വിനീത് മാധവൻ’ എന്ന യുവാവായാണ് നസ്‌ലെൻ ചിത്രത്തിലെത്തുന്നത്. ‘രേഖാചിത്രം’ എന്ന സിനിമയുടെ സഹരചയിതാവായ രാമു സുനിൽ ആണ് ചിത്രത്തിന്റെ രചന. ജേക്സ് ബിജോയ് ആണ് സംഗീതം.

നസ്‌ലെനൊപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സൂപ്പർ ഹിറ്റ് ചിത്രം ‘പ്രേമലു’വിന് ശേഷം നസ്‌ലെനും
സംഗീതും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

‘എ ഹേറ്റ് ലെറ്റർ ടു സിനിമ’ (A Hate Letter to Cinema) എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തിൽ, സിനിമാലോകത്തെ കുറിച്ചുള്ള പല തുറന്നുപറച്ചിലുകളും ഉണ്ടാകുമെന്ന് സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു. കഥയെക്കുറിച്ച് മുൻകൂട്ടി ഒന്നും അറിയാതെ, പൂർണമായും
തിയേറ്ററിൽ പോയി കണ്ട് ആസ്വദിക്കേണ്ട ഒരു സർപ്രൈസ് ചിത്രമാണിതെന്ന വാർത്ത പുറത്തുവന്നതോടെ വലിയ ആകാംഷയിലാണ് സിനിമാപ്രേമികൾ. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംങ് ഇതിനോടകം തന്നെ ഇന്ത്യയൊട്ടാകെ ആരംഭിച്ചുകഴിഞ്ഞു.

Content HIghlight: The movie Mollywood Times will not have a pre-release trailer

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more