ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായെത്തുന്ന പള്ളിച്ചട്ടമ്പിയുടെ പുതിയ അപ്‌ഡേറ്റ് പുറത്ത്. സിനിമയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് നാളെയുണ്ടാകുമെന്ന് ഇന്നലെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റേതായി വന്ന മോഷന്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. കല്ല് കരട് കാഞ്ഞിരക്കുറ്റി, മുള്ള് മുരട് മൂര്‍ക്കന്‍ പാമ്പ് എന്ന് ടൊവിനോ പറയുന്ന ഒരു ഡയലോഗാണ് വീഡിയോയിലെ ഹൈലൈറ്റ്. ഒപ്പം ജേക്‌സ് ബിജോയിയുടെ സംഗീതവും.
വീഡിയോയക്ക് ഇതിനോടകം തന്നെ മികച്ച പ്രതികരണങ്ങള്‍ വരുന്നുണ്ട്. എങ്കിലും, ചിത്രത്തിന്റെ ടീസറോ ഗ്ലിംപ്സോ കാത്തിരുന്ന ആരാധകര്‍ക്ക് വെറും 31 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ നിരാശയാണ് സമ്മാനിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി റിലീസിനായി ഇനി രണ്ട് മാസം മാത്രം ബാക്കിനില്‍ക്കെ, ഒരു ടീസറെങ്കിലും പുറത്തിറക്കാമായിരുന്നു എന്ന് ഒരു വിഭാഗം നിരാശ പങ്കുവെച്ചിട്ടുണ്ട്.
1957, 58 കാലത്തെ മലയോര മേഖലയില കുടിയേറ്റ കര്‍ഷകരുടെ ജീവിതം പശ്ചാത്തലമായി എത്തുന്ന പള്ളിച്ചട്ടമ്പിക്ക് അനൗണ്‍സ്‌മെന്റ് മുതലേ വന്‍ ഹൈപ്പുണ്ടായിരുന്നു. വലിയ ക്യാന്‍വാസില്‍ ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടൊവിനോയ്ക്ക് പുറമെ കയാദു ലോഹര്‍, വിജയരാഘവന്‍, തെലുങ്ക് നടന്‍ ശിവകുമാര്‍, സുധീര്‍ കരമന, ടി.ജി.രവി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
ക്വീന്‍, ജനഗണമന, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയാര്‍ജിച്ച ഡിജോ ജോസ് ആന്റണിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫല്‍, ബ്രിജീഷ് എന്നിവര്‍ക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റര്‍ടൈന്മെന്റ് എന്ന ബാനറില്‍ ചാണക്യ ചൈതന്യ ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് പള്ളിച്ചട്ടമ്പി നിര്‍മ്മിക്കുന്നത്. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ടിജോ ടോമി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ശ്രീജിത്ത് സാരംഗാണ്.
Content Highlight: The motion poster of Pallichattambi starring Tovino Thomas is out.