| Wednesday, 14th January 2026, 10:40 pm

ദൃശ്യം 3 മോഷൻ പോസ്റ്ററിന് പിന്നാലെ ജോർജ് കുട്ടിയെയും കുടുംബത്തെയും നിരീക്ഷിച്ച് സോഷ്യൽ മീഡിയ

നന്ദന എം.സി

ജോർജ്‌കുട്ടിയും കുടുംബവും എന്നെത്തുമെന്ന ആകാംഷയ്ക്ക് വിരാമം കുറിക്കുകയാണ് മോഹൻലാൽ . ഏപ്രിൽ രണ്ടിന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തുമെന്നാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് താരം അറിയിച്ചത്.

അരുണിന്റെ കാർ, മൊബൈൽ ഫോൺ, കൈക്കോട്ട്, അസ്ഥിയൊളിപ്പിച്ച ബാഗ് എന്നിവ പ്രത്യക്ഷപ്പെടുന്ന മോഷൻ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ‘വർഷങ്ങൾ കടന്നുപോയി, എന്നാൽ ഭൂതകാലം പോകില്ല’ എന്ന ശക്തമായ ക്യാപ്ഷനോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്. വീടിന് മുന്നിൽ നിൽക്കുന്ന ജോർജ് കുട്ടിയെയും കുടുംബത്തെയും കാണിക്കുന്ന ദൃശ്യമാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

ദൃശ്യം, Photo: IMDb

മോഷൻ പോസ്റ്ററിലെ ഓരോ കഥാപാത്രത്തിന്റെയും നിൽപ്പും നോട്ടവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പോസ്റ്ററിൽ എല്ലാവരും വ്യത്യസ്ത ദിശകളിലേക്ക് നോക്കുന്നത് ഓരോരുത്തരുടെയും മാനസികാവസ്ഥയെ സൂചിപ്പിക്കുന്നതാണെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്.

അഞ്ജു (അൻസിബ) ചിരിക്കാൻ ശ്രമിക്കുന്നുവെങ്കിലും ഭയം മറയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ആരാധകർ പറയുന്നു. റാണി നേരെ മുന്നോട്ട് നോക്കി, പഴയതെല്ലാം മറന്ന് മുന്നോട്ട് ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളെപ്പോലെ. ജോർജ് കുട്ടി നേരെ നോക്കുന്നത് പ്രേക്ഷകരെയാണെന്നും, അയാളുടെ മുഖത്ത് ഇപ്പോഴും മിസ്റ്ററി നിറഞ്ഞുനിൽക്കുന്നതായും അഭിപ്രായങ്ങളുണ്ട്. അനു (എസ്തർ) എതിർദിശയിലേക്ക് നോക്കുന്നതാണ് ഏറെ ചർച്ചയായത്.

ദൃശ്യം, Photo: IMDb

ദൃശ്യം 2 മുതൽ അനുവിന് കാണുന്ന റിബൽ സ്വഭാവം ഈ ഭാഗത്തിൽ കൂടുതൽ ഡെവലപ്പ് ചെയ്യപ്പെടുമെന്നാണ് പ്രേക്ഷകർ കരുതുന്നത്. കുടുംബം മറച്ചുവയ്ക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ പുറത്തുപറയാൻ മടിക്കാത്ത കഥാപാത്രമാണ് അനു. അതിന്റെ തുടർച്ചയായി, ഈ ഭാഗത്തിൽ അനുവിന്റെ സ്റ്റോറി ലൈൻ കൂടുതൽ ശക്തമാകുമെന്ന സൂചനകളും പോസ്റ്റർ നൽകുന്നു.

കുടുംബം വലിയൊരു കേസിൽ കുടുങ്ങിയ സാഹചര്യത്തിൽ, അനു സ്കൂൾ ജീവിതത്തിൽ നിന്നും കോളേജ് ജീവിതത്തിലേക്ക് കടക്കുമ്പോൾ നേരിടേണ്ടി വരുന്ന സാമൂഹിക വിവേചനം, ഒറ്റപ്പെടൽ തുടങ്ങിയ വിഷയങ്ങളും ദൃശ്യം 3യിൽ കൈകാര്യം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അഞ്ജു ചെയ്ത തെറ്റിന് താനും പഴികേൾക്കേണ്ടി വരുന്നു എന്ന തോന്നൽ അനുവിനെ കുടുംബത്തിൽ നിന്ന് കൂടുതൽ അകറ്റുന്ന സാഹചര്യം ഉണ്ടാകുമെന്നും ചർച്ചകളുണ്ട്.

View this post on Instagram

A post shared by Mohanlal (@mohanlal)

മോഷൻ പോസ്റ്ററിനൊപ്പം ഉയർന്ന ഈ വ്യത്യസ്ത വ്യാഖ്യാനങ്ങളും ചർച്ചകളും ദൃശ്യം 3ക്കുള്ള പ്രതീക്ഷകൾ ഇരട്ടിയാക്കിയിരിക്കുകയാണ്. ജോർജ് കുട്ടിയുടെ കഥ ഇനി എവിടേക്ക് നീങ്ങുമെന്നറിയാൻ പ്രേക്ഷകർ ഏപ്രിൽ രണ്ടിനായി കാത്തിരിക്കുകയാണ്.

Content Highlight: The motion poster for Drishyam 3 has sparked a huge debate on social media after it was released.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more