ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയിലെ പ്രസിഡന്റ് ജാവിയര്‍ മിലെയുടെ സര്‍ക്കാര്‍ മുന്നോട്ടുവെച്ച സ്വകാര്യ സ്വത്തവകാശ ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിനെതിരെ അര്‍ജന്റീനയിലെ ആയിരക്കണക്കിന് ജനങ്ങള്‍ തെരുവില്‍ ഇറങ്ങുകയും പൊലീസ് പ്രതിഷേധക്കാരെ അടിച്ചമര്‍ച്ചത്തുകയും ചെയ്തതായി റിപ്പോര്‍ട്ട്.
പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് കണ്ണീര്‍ വാതകം, റബര്‍ ബുള്ളറ്റുകള്‍ എന്നിവ പ്രയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘മാതൃദേശം വില്‍പ്പനയ്ക്കുള്ളതല്ല’ എന്നെഴുതിയ ബാനറുകളും വഹിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
സ്വകാര്യ ഭൂമിയും മറ്റ് സ്വത്തുക്കളും ഉടമകളുടെ അവകാശമായി സംരക്ഷിക്കുന്നത് ശക്തമാക്കുക, അനധികൃതമായി ഭൂമി സംരക്ഷിക്കുന്നത് തടയുക തുടങ്ങിയവയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങള്‍. എന്നാല്‍ ബില്ലിലെ ചില വ്യവസ്ഥകള്‍ക്കെതിരെ ഇടതുപക്ഷ തൊഴിലാളി യൂണിയനുകളും സംഘടനകളും രംഗത്തെത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുണ്ട്.
സ്വത്തുടമസ്ഥാവകാശ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ഈ നിയമനിര്‍മ്മാണം ശ്രമിക്കുന്നു. ഒഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കുക, ഗ്രാമീണ ഭൂവിനിയോഗ നിയമങ്ങള്‍ മാറ്റുക, സ്വകാര്യ സ്വത്തിന്റെ ഉടമസ്ഥാവകാശം സംസ്ഥാനത്തിന് ഏറ്റെടുക്കുന്നത് ബുദ്ധിമുട്ടാക്കുക എന്നിവ ഇതിലെ പ്രധാന ഭേദഗതിയാണ്.
2025ലെ ബ്യൂണസ് അയേഴ്സ് സര്‍വകലാശാലയുടെയും മറ്റ് ഗവേഷകരുടെയും റിപ്പോര്‍ട്ട് പ്രകാരം അര്‍ജന്റീനയുടെ ഏകദേശം അഞ്ച് ശതമാനം പ്രദേശം ഇതിനകം വിദേശ ഉടമസ്ഥതയിലാണ്. പ്രത്യേകിച്ച് തുറമുഖങ്ങള്‍ ഉള്‍പ്പെടെയുള്ള ‘ജല, ധാതു വിഭവങ്ങള്‍ അല്ലെങ്കില്‍ ലോജിസ്റ്റിക്കല്‍ നേട്ടങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ വിദേശ ഉടമസ്ഥാവകാശം ഇതിനകം 15 ശതമാനം കവിഞ്ഞതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
നിലവിലുള്ള നിയമപ്രകാരം ഒരു പ്രദേശത്തെ ഭൂമിയുടെ 15% വരെ മാത്രമേ വിദേശികള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കൂ. എന്നാല്‍ ഈ പരിധി 25% ആയി ഉയര്‍ത്താനായിരുന്നു പുതിയ ബില്ലിലെ നിര്‍ദ്ദേശം. ശക്തമായ എതിര്‍പ്പും ഭൂരിപക്ഷമില്ലായ്മയും കാരണം മിലേ സര്‍ക്കാര്‍ ഈ നിര്‍ദേശത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
Content Highlights: The motherland is not for sale’; thousands take to the streets in Argentina against the private property bill; leftist organizations intensify protests