| Saturday, 26th July 2025, 11:41 am

ഇപ്പോഴത്തെ ഭാരവാഹികളുടെ അസോസിയേഷനിൽ വരാൻ ഏറ്റവും കംഫോർട്ടബിൾ ആയ വസ്ത്രം പർദ്ദ: സാന്ദ്ര തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിക്കാൻ പർദ്ദ ധരിച്ചെത്തി മലയാള ചലച്ചിത്ര നിർമാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ്. തന്റെ പ്രതിഷേധത്തിന്റെ ഭാഗമായാണ് പർദ്ദ ധരിച്ചെത്തിയതെന്ന് സാന്ദ്ര തോമസ് പറഞ്ഞു.

‘ഇപ്പോഴത്തെ ഭാരവാഹികൾ ഇരിക്കുന്ന ഈ അസോസിയേഷനിൽ, എന്റെ മുൻ അനുഭവത്തിൽ എനിക്ക് ഇവിടെ വരാൻ ഏറ്റവും യോചിച്ച വസ്ത്രവും ഏറ്റവും നല്ല വസ്ത്രവും ഇതുതന്നെയാണെന്ന് എനിക്ക് തോന്നിയതിനാലാണ് പർദ്ദ ഇട്ടെത്തിയത്. പിന്നെ എന്റെ പ്രതിഷേധത്തിന്റെ ഭാഗമായിട്ടും കൂടിയാണ് പർദ്ദ ധരിച്ചത്. ഞാൻ ഉന്നയിച്ച ഗൗരവകരമായ ഒരു പരാതിയിൽ പൊലീസ് കുറ്റപത്രം കൊടുത്തിട്ടുള്ള ആളുകളാണ് ഇപ്പോഴും ഇവിടെ ഭരണാധികാരികളായി തുടരുന്നു. മാത്രമല്ല അടുത്ത ടേമിലേക്ക് ഇവർ തന്നെ പ്രസിഡന്റും സെക്രട്ടറിയുമായി മത്സരിക്കുകയും ചെയ്യുന്നു.

ഈ സ്ഥലത്തേക്ക് വരാൻ ഏറ്റവും ഉചിതമായ വസ്ത്രം ഇതാണെന്ന് ഞാൻ കരുതുന്നു. എന്റെ പരാതിയിലെ ഒന്നാം പ്രതി പ്രസിഡന്റ് ആന്റോ ജോസഫാണ്. രണ്ടാം പ്രതി സെക്രട്ടറി ബി. രാജേഷാണ്,’ സാന്ദ്ര തോമസ് പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇന്ന് സ്ത്രീകൾക്ക് സുരക്ഷിതമായൊരു ഇടമല്ലെന്നും സാന്ദ്ര തോമസ് പറഞ്ഞു. പതിറ്റാണ്ടുകളായി ചില പുരുഷന്മാരുടെ കുത്തകയാക്കി വെച്ചിരിക്കുന്ന ഒരു അസോസിയേഷൻ ആണിതെന്നും അവർ കൂട്ടിച്ചേർത്തു. ഇവിടെ മാറ്റങ്ങൾ വരണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇന്ന് എല്ലാ സംഘടനകളിലും താഴെയാണെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സംഘടനയുടെ തലപ്പത്തിരിക്കുന്നവർ സ്വാർഥ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നവരാണ്. സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളുടെയും പൊതുവികാരം നേതാക്കൾക്ക് എതിരെയാണ്.

താരങ്ങളുടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ടവരല്ല നിർമാതാക്കൾ. സിനിമാരംഗത്തെ ഏറ്റവും ശക്തമായ സംഘടനയാണ് നിർമാതാക്കളുടെ സംഘടനയെന്നും താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചാൽ നിർമാതാക്കളുടേയും സിനിമാമേഖലയുടെയും ഗുണകരമായ മാറ്റത്തിനു വേണ്ടി പ്രവർത്തിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു. ഓഗസ്റ്റ് 14നാണ് നിർമാതാക്കളുടെ സംഘടനയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.

Content Highlight: The most comfortable attire for the current office bearers’ association is the veil: Sandra Thomas

We use cookies to give you the best possible experience. Learn more