| Tuesday, 29th September 2026, 4:18 pm

'ഈ കഥാപാത്രം വിട്ടിരുന്നെങ്കില്‍ കരിയറിലെ വലിയ മണ്ടത്തരമായേനെ'; അടുത്തകാലത്ത് ചെയ്തതില്‍ ഏറ്റവും ചലഞ്ചിങ്: വിനയ് ഫോര്‍ട്ട്

ആര്യ.പി

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ് വിനയ് ഫോര്‍ട്ട്. കഥാപാത്രത്തിന്റെ വലുപ്പത്തേക്കാള്‍ അതിന്റെ സാധ്യതകളും അഭിനയിക്കാനുള്ള വെല്ലുവിളികളുമാണ് പലപ്പോഴും അദ്ദേഹം പരിഗണിക്കാറുള്ളത്.

അത്തരത്തില്‍ അടുത്തകാലത്ത് താന്‍ ഏറ്റെടുത്തതില്‍ ഏറ്റവും ചലഞ്ചിങ് ആയ കഥാപാത്രമാണ് ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ എന്ന ചിത്രത്തിലേതെന്ന് പറയുകയാണ് വിനയ് ഫോര്‍ട്ട്.

സംവിധായകന്‍ അമല്‍ തമ്പിയുമായി വെറും പത്ത് മിനിറ്റ് സംസാരിച്ചപ്പോള്‍ തന്നെ ഈ സിനിമ ഉപേക്ഷിച്ചാല്‍ അത് തന്റെ കരിയറിലെ വലിയ നഷ്ടമാകുമെന്ന് മനസിലായെന്നും നടന്‍ പറയുന്നു.

അടുത്തകാലത്ത് താന്‍ അഭിനയിച്ച സിനിമകളില്‍ വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രമാണ് പലപ്പോഴും കഥാപാത്രങ്ങളായി എത്തുന്നതെന്നും അതുതന്നെ ഒരു നടനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

‘സംവിധായകന്‍ അമല്‍ തമ്പിയുമായി പത്ത് മിനിറ്റ് സംസാരിച്ചപ്പോള്‍ എനിക്ക് മനസിലായ ഒരു കാര്യമുണ്ട്. ഞാന്‍ ഈ സിനിമ വിട്ടിരുന്നെങ്കില്‍ എന്റെ എന്റയര്‍ കരിയറില്‍ ചെയ്യുന്ന വലിയ മണ്ടത്തരമായേനെ. ഞാന്‍ ഈ അടുത്ത കാലത്ത് ചെയ്ത സിനിമകള്‍ നോക്കിയാല്‍ വളരെ ചുരുങ്ങിയ സമയത്തേ വരുന്നുള്ളൂ. അത് ഒരു ആക്ടറെ സംബന്ധിച്ച് വലിയ ചലഞ്ചാണ്.

കഴിഞ്ഞ കുറെക്കാലത്ത് ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും ചലഞ്ചിങ് ആയ കഥാപാത്രമാണ് ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സി’ല്‍ ചെയ്തത്. എനിക്ക് ഇത് ഭയങ്കര സ്പെഷ്യലാണ് ഈ സിനിമ. എന്റെ അഞ്ചാറ് ദിവസത്തിന് അപ്പുറത്തേക്ക് ഈ സിനിമ ആളുകളിലേക്ക് എത്തണം. അത് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

കഥാപാത്രത്തോടുള്ള ഇഷ്ടത്തിനൊപ്പം അതിലെ വെല്ലുവിളിയും സിനിമ ഏറ്റെടുക്കാനുള്ള പ്രധാന കാരണമായിരുന്നെന്നും വിനയ് പറയുന്നു. സംവിധായകന്‍ അമല്‍ തമ്പിയോടുള്ള വിശ്വാസവും സിനിമയോടുള്ള ഇഷ്ടവും ചിത്രത്തിനായി കൂടുതല്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

‘ലക്കി സ്ട്രീക്ക് എന്ന് എന്നെ കുറിച്ച് പറയുന്നുണ്ട്. ഒരു സിനിമയെക്കൂടി ആ രീതിയില്‍ പുഷ് ചെയ്യാന്‍ പറ്റുമെങ്കില്‍ ഞാന്‍ ഈ സിനിമയിലേക്ക് പുഷ് ചെയ്യും. രണ്ട് കാര്യങ്ങളാണ് ഈ കഥാപാത്രത്തോട് എനിക്കുള്ളത്.

ഒന്ന് ഇഷ്ടം, മറ്റൊന്ന് ചലഞ്ച്. തമ്പി ഭയങ്കര പാഷനേറ്റ് ആയിട്ടുള്ള ഫിലിംമേക്കറാണ്. സിനിമ നല്ലതാണ്. അത് നമുക്കറിയാം. പക്ഷേ ആളുകള്‍ സിനിമയെ ജഡ്ജ് ചെയ്യുന്നത് എത്ര ഓടി, എത്ര കളക്ഷന്‍ ഉണ്ടാക്കി എന്നത് വെച്ചിട്ടാണ്,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

Content Highlight: The most challenging role I’ve done recently Vinay Forrt

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more