സാമൂഹികമായി വികാസം പ്രാപിച്ചവരാണ് മലയാളികള്‍ എന്ന് ആളുകള്‍ വിശ്വസിച്ചിരുന്നു. പ്രബുദ്ധ മലയാളി എന്ന പ്രയോഗം ഈ വിശ്വാസം കൊണ്ട് ഉണ്ടായതാണ്. കുറഞ്ഞ പക്ഷം കുറെ മലയാളികളെങ്കിലും അങ്ങനെ കരുതിപ്പോന്നിരുന്നു. അതൊരു പൊള്ളാണെന്ന് ഇന്നാര്‍ക്കും പറഞ്ഞ് കൊടുക്കേണ്ടതില്ല.
ജനാധിപത്യ ബോധത്തിലും സാമൂഹിക വികാസത്തിലും സാമാന്യ മലയാളി ബോധം വളരെ പിന്നിലാണെന്ന് ബോധ്യപ്പെടുന്ന നിരവധി സംഭവങ്ങള്‍ നമുക്ക് ചുറ്റും നടക്കുക്കുന്നുണ്ട്. സാക്ഷരതയേയും സാമൂഹിക ബോധത്തെയും പരസ്പര പൂരകങ്ങളായി കരുതിയത് കൊണ്ടാകണം ഇങ്ങനെയൊരു അബദ്ധം സംഭവിച്ചിട്ടുള്ളത്. സാക്ഷരരായ മലയാളികള്‍ എല്ലാറ്റിനും കേമന്‍മാരാണെന്ന വിചാരം കൂടിയാകാം ഈ അബദ്ധ ധാരണയ്ക്ക് നിദാനം.
യഥാര്‍ത്ഥത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പോലും സ്വയം ജനാധിപത്യവല്‍ക്കരിക്കാന്‍ കഴിയാത്ത കപടമായ ഒരു സൈദ്ധാന്തിക ജ്ഞാന സമൂഹമാണ് മലയാളികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഭാഷാ സമൂഹം. ആത്മവിമര്‍ശനപരമായും ബാഹ്യ വിമര്‍ശനപരമായും ഉള്‍കൊള്ളേണ്ട ഒരു വസ്തുതയാണിത്.
വിശ്വാസ മൗഢ്യങ്ങളും ആചാരാന്ധതകളും മലയാളികളില്‍ വിദ്യാസമ്പന്നരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ സര്‍വ്വ സാധാരണമാണ്. ഗരുഡന്‍ തൂക്കവും വാസ്തുവും ചൊവ്വാ ദോഷവും കണ്ണേറും കൂടോത്രവും കുത്ത് റാത്തീബും കുരിശ് മല കയറ്റവും കൃപാസനവുമടക്കം ഈ ലിസ്റ്റ് നീളും.
ജാതി മത ഭേദമില്ലാതെ ആളുകള്‍ അന്ധ വിശ്വാസങ്ങളിലും അനാചാരങ്ങളിലും അടിമപ്പെട്ട് പോയിട്ടുണ്ട്. മതത്തിന്റെയും വിശ്വാസത്തിന്റെയും പിന്‍ബലമുണ്ടെന്ന് കരുതിയാണ് ഇത്തരം കാര്യങ്ങളില്‍ ഓരോരുത്തരും വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്നത്.
ശാസ്ത്ര ബോധമുള്ളവരും വിദ്യാസമ്പന്നരുമായ മലയാളികള്‍ എന്ത് കൊണ്ട് ഇങ്ങനെയാകുന്നു എന്ന് നമുക്ക് സംശയമുണ്ടാകാം. അതിന്റെ കാരണം, ആത്മ വികാസത്തിന് ഉപകരിക്കാത്ത ശാസ്ത്ര ബോധമാണ് മലയാളികളുടേത് എന്നതാണ്. ഒരു കൈയില്‍ ശാസ്ത്ര ജ്ഞാനവും മറു കൈയില്‍ കൊടിയ ശാസ്ത്ര വിരുദ്ധതയുമായി ജീവിക്കുന്നതിന്റെ ആത്മവഞ്ചനാപരമായ കുറ്റ ബോധങ്ങളൊന്നും മലയാളിയെ അലട്ടാറില്ല.
മനുഷ്യരെ ആധുനികരാക്കാനും ചരിത്ര വിരുദ്ധവും മാനവിക വിരുദ്ധവുമായ ബോധങ്ങളില്‍ നിന്ന് അവരെ മുക്തരാക്കുവാനുമാണ് ആധുനിക വിദ്യാഭ്യാസം ലക്ഷ്യമിടുന്നതെങ്കിലും മലയാളികളെ മാനദണ്ഡമാക്കി വിശകലനം ചെയ്താല്‍ ഈ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ആധുനിക വിദ്യാഭ്യാസ പ്രക്രിയ പൂര്‍ണമായും പരാജയമാണ്. കാരണം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൂര്‍ണ സാക്ഷരതയും വിദ്യാഭ്യാസ പുരോഗതിയും കൈവരിച്ച മലയാളികളെ പറ്റിയാണ് നാമീ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.
ജനാധിപത്യ ബോധത്തിലും സാമൂഹിക വികാസത്തിലും സാമാന്യ മലയാളി ബോധം വളരെ പിന്നിലാണെന്ന് ബോധ്യപ്പെടുന്ന നിരവധി സംഭവങ്ങള്‍ നമുക്ക് ചുറ്റും നടക്കുക്കുന്നുണ്ട്.
കേരളത്തില്‍ നടന്ന സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ജാതീയതക്ക് എതിരേയുള്ള പോരാട്ടങ്ങള്‍ കൂടിയായിരുന്നു. കേരളത്തില്‍, മുസ്‌ലിങ്ങള്‍ അടക്കമുള്ള എല്ലാ സമുദായങ്ങളിലും ജാതീയത പ്രത്യക്ഷമായും പരോക്ഷമായും പ്രവര്‍ത്തിച്ചിരുന്നു. ഈ ജാതീയതകള്‍ക്കെതിരെയുള്ള പോരാട്ടവും അന്ധവിശ്വാസ – അനാചാര രഹിതവും യുക്തിബോധത്തില്‍ അധിഷ്ഠിതവുമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള പരിശ്രമങ്ങളുമാണ് കേരളീയമായ സാമൂഹ്യ പരിഷ്‌കരണ ശ്രമങ്ങളുടെ കാതല്‍.
ശ്രീ നാരായണ ഗുരു
നാരായണ ഗുരുവും അയ്യങ്കാളിയും അയ്യാ വൈകുണ്ഠനും ചട്ടമ്പി സ്വാമികളും പൊയ്കയില്‍ അപ്പച്ചനും വക്കം മൗലവിയുമടക്കമുള്ള പരിഷ്‌കര്‍ത്താക്കളുടെ മുഖ്യമായ ഒരു പ്രവര്‍ത്തന മേഖലയും ഇത് തന്നെയായിരുന്നു.
ഗുരുവായൂര്‍ അമ്പല നടയില്‍ ആളറിയാത്തത് കൊണ്ടും അത് വഴി ജാതി അറിയാത്തത് കൊണ്ടും ഉള്ളിലേക്ക് തന്നെ പോലും കയറ്റാന്‍ മടിച്ച മലയാളിയുടെ ജാതി തിമിരത്തോടുള്ള അമര്‍ഷം കൊണ്ടാണ് കേരളത്തെ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്.
അക്കാദമികവും സാങ്കേതികവുമായ അറിവില്‍ ഏറെ മുന്നേറിക്കഴിഞ്ഞ മലയാളി സമൂഹത്തിന്റെ യുക്തിബോധവും സാമൂഹിക ബോധവും ഇന്നും സ്വാമി വിവേകാനന്ദന്‍ നിരീക്ഷിച്ചതില്‍ നിന്ന് ഏറെയൊന്നും മുന്നോട്ട് പോയിട്ടില്ല.
ജാതി മത ഭേദമില്ലാതെ ആളുകള്‍ അന്ധ വിശ്വാസങ്ങളിലും അനാചാരങ്ങളിലും അടിമപ്പെട്ട് പോയിട്ടുണ്ട്.
നിറം കൊണ്ടും തൊഴില്‍ കൊണ്ടും മനുഷ്യരെ വിവേചിച്ചാണ് ജാതി രൂപപ്പെടുത്തിയിട്ടുള്ളത്. അടിസ്ഥാനപരമായി മനുഷ്യരുടെ വരേണ്യ ബോധത്തിന്റെ ഉല്പന്നമാണ് ജാതി. ജാതീയതയുടെ മറ്റൊരു വക ഭേദമാണ് വരേണ്യത. ഈ വരേണ്യ ബോധം മലയാളി പൊതു ബോധത്തെ വലിയ നിലയില്‍ അടിമപ്പെടുത്തിയിട്ടുണ്ട്.
സ്വാമി വിവേകാനന്ദന്‍
നോക്കിലും വാക്കിലും നിലപാടുകളിലും ബോധപൂര്‍വമല്ലാതെയും അദൃശ്യമായുമാണ് ഈ ബോധം കടന്ന് വരുന്നത്. വംശീയമായും ജാതീയമായും ഇരട്ട നീതിയും അപരവല്‍ക്കരണവും സാധാരണവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിനുള്ളില്‍ പെട്ട് പോയതു കൊണ്ട് വിഷമയമാക്കപ്പെട്ട ഒരു മനോഭാവത്തെയാണ് സമൂഹം നമുക്ക് പ്രാഥമികമായി നല്‍കുന്നത്. അതാണ് നമ്മുടെ പൊതുബോധം.
ഈ പൊതുബോധത്തോട് കലഹം നടത്തിയും തെറ്റായി പഠിച്ചത് ആത്മവിശകലനം കൊണ്ട് തിരുത്തിയും മാത്രമേ ആത്മവികാസം നേടാന്‍ കഴിയൂ. ആത്മ വളര്‍ച്ചക്കും വിശകലനത്തിനും അവസരം കിട്ടാത്ത മുഴുവന്‍ മനുഷ്യരും വിഷമയമായ പൊതു ബോധവും അതുണ്ടാക്കുന്ന മനോഭാവവുമായാണ് ജീവിക്കുന്നത്. ആ മനോഭാവത്തിന്റെയും ബോധത്തിന്റെയും ഏറ്റവും ടോക്‌സിക്കായ ഒരു വശമാണ് വരേണ്യ പ്രേമം.
ഇങ്ങനെ വലിയ ജാത്യാഭിമാനികളും വരേണ്യ പ്രേമികളുമായാണ് വിവിധ ജാതി മത സമൂഹങ്ങളിലെ മനുഷ്യര്‍ കഴിയുന്നത്. ഉയര്‍ന്നവരെന്ന് സ്വയം കരുതുന്നവരുടെ കുറ്റങ്ങളെ അവഗണിക്കാനും അതിനെ സാധ്യമാകുന്നേടത്തോളം നോര്‍മലൈസ് ചെയ്യാനുമുള്ള ത്വര ഒരു ഭാഗത്തും താഴ്ന്നവരെന്ന് സ്വയം കരുതുന്നവരുടെ സമാനമായ കുറ്റങ്ങള്‍ പര്‍വതീകരിക്കാനും അവരെ നിരാകരിക്കാനുമുള്ള വ്യഗ്രത മറുഭാഗത്തുമായുള്ള ഒരു ഇരട്ട നീതി ഉള്ളില്‍ പ്രവര്‍ത്തിക്കുന്നത് പോലും അറിയാത്ത വിധമുള്ള ടോക്‌സിക് പൊതുബോധവുമായാണ് മലയാളികള്‍ ജീവിക്കുന്നത്. ഏതാനും ഉദാഹരണങ്ങള്‍ പറയുമ്പോള്‍ നമുക്കിത് മനസിലാകും.
അയ്യങ്കാളി
ചില ജാതി വിഭാഗങ്ങളെ സംബന്ധിച്ച് ജനിതകമായി കാര്യശേഷി കുറഞ്ഞവര്‍ എന്ന ഒരു ധാരണ അനേകം മനുഷ്യരുടെ ബോധമായി നിലനില്‍ക്കുന്നുണ്ട്. അവരുടെ സ്വഭാവികമായ വീഴ്ചകളെയും അലസതകളെയും അവരുടെ ജാതിയുമായും പാരമ്പര്യവുമായുമാണ് ബന്ധിപ്പിക്കുന്നത്.
കടുത്ത ജാതി വിവേചനത്തിന്റെയും വരേണ്യ അടിമത്തത്തിന്റെയും ഉല്പന്നമാണ് ഈ ബോധം. ജാതീയമായി ജന്മനാ ലഭിക്കുന്ന പ്രിവില്യേജിന്റെ തിണ്ണ മിടുക്കില്‍ നിന്ന് കൊണ്ടാണ് അതില്ലാത്ത മനുഷ്യര്‍ സ്വന്തം പോരാട്ടങ്ങള്‍ കൊണ്ട് ആര്‍ജിക്കാന്‍ ശ്രമിക്കുന്ന അധികാരത്തെയും പദവികളെയും പ്രതി നാം വ്യാകുലപ്പെടുന്നത്. വരേണ്യ അടിമത്തം കൊണ്ട് പലര്‍ക്കും അത്തരം മനുഷ്യരോട് ഒരു വിരോധ മനോഭാവം ഉപബോധ മനസ്സില്‍ സ്വയമറിയാതെ തന്നെ ഉറഞ്ഞ് പോയിട്ടുണ്ട്. ഒരേ കുറ്റങ്ങളില്‍ ഇരട്ട നീതി പ്രവര്‍ത്തിക്കുന്നതിന്റെ കാരണവും ഈ വരേണ്യ അടിമത്തമാണ്.
വേടന്‍
രാഷ്ട്രീയ പ്രബുദ്ധമായ ഉള്ളടക്കങ്ങളോടെയുള്ള റാപ്പ് സംഗീതം കൊണ്ട് യുവ തലമുറയുടെ തരംഗമായി മാറിയ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിയുമായി ബന്ധപ്പെട്ട് ഉയരുന്ന ചില പ്രശ്‌നങ്ങള്‍ പോലും ഈ വരേണ്യാടിമത്തത്തിന്റെ ഉല്പന്നമാണ്.
വേടനും സുഹൃത്തുക്കളും കഞ്ചാവ് ഉപയോഗിച്ചതായി പോലീസ് കണ്ടെത്തുകയും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയും ചെയ്തു. സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാവുന്ന കുറ്റമാണ് ചാര്‍ജ് ചെയ്തത്. കഞ്ചാവിന്റെ അളവ് അനുസരിച്ച് നിയമം അത്രയേ അനുശാസിക്കുന്നുള്ളൂ.
പക്ഷേ അയാളുയര്‍ത്തിയ രാഷ്ട്രീയത്തെ തന്നെ നിരാകരിക്കുന്ന നിലയില്‍ വിഷയത്തെ മാറ്റുവാനുള്ള ഒരു അതിവ്യഗ്രതയാണ് പൊതുബോധമായി നാം കണ്ടത്. അയാള്‍ ചെയ്ത തെറ്റിന്റെ തോതനുസരിച്ച് ശിക്ഷിക്കുക എന്നതിനേക്കാള്‍ അയാള്‍ക്കെതിരെയുള്ള വലിയൊരു മൂവ്‌മെന്റ് പോലെ ഒരു പ്രതിബോധം പെട്ടെന്ന് സമൂഹത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങി.
അയാളുടെ കുറ്റത്തിന്റെ തോതനുസരിച്ച് നിയമം അനുശാസിക്കുന്ന ശിക്ഷ അയാള്‍ക്ക് നല്‍കുക എന്നതിനപ്പുറം വേടനെ ഏത് വിധേനയും ജയിലില്‍ അടക്കുക എന്നൊരു വൈരനിരാതരത്വം ഉണ്ടാകുന്നത് കൊണ്ടാണ് കേസിലേക്ക് മറ്റൊരുപാട് എലമെന്റുകള്‍ കൂടി വന്ന് ചേരുന്നത്. അയാളുയര്‍ത്തിയ കീഴാള രാഷ്ട്രീയവും അയാളുടെ ജാതി സ്വത്വവുമാണ് ഈ വൈരനിരാതരത്വത്തിന്റെ അടിസ്ഥാന പ്രേരണ.
പുലിപ്പല്ലുള്ള മാല കഴുത്തില്‍ അണിഞ്ഞു എന്നൊരു കുറ്റത്തിലേക്ക് വിഷയം മാറുന്നതിന്റെ യഥാര്‍ത്ഥ കാരണം പോലും ഈ മനോഭാവമാണ്. കഞ്ചാവ് കേസില്‍ പൂട്ടാന്‍ പറ്റിയില്ലെങ്കില്‍ പുലിപ്പല്ലില്‍ പൂട്ടും എന്നത് നിയമം നടപ്പാക്കല്‍ എന്നതിനപ്പുറം ഒരു വ്യക്തിയെ ഉന്നം വെച്ചുള്ള ഒരു നിലപാട് കൂടിയാണ്.
സുരേഷ് ഗോപി
നടന്‍ സുരേഷ് ഗോപി പരസ്യമായി പുലിപ്പല്ല് മാല അണിയുന്നത് കണ്ടപ്പോള്‍ തോന്നാത്ത വ്യഗ്രത വേടന്റെ കാര്യത്തില്‍ വനംവകുപ്പിന് തോന്നുന്നുവെന്നതാണ് ഇതിലെ പ്രശ്‌നം. അത് പോലെ തന്നെ നടന്‍ മോഹന്‍ലാല്‍ ഒരു ആനയുടെ കൊമ്പ് കൊണ്ട് നടക്കുകയും സൂക്ഷിക്കുകയും ചെയ്തപ്പോള്‍ തോന്നാത്ത കുറ്റം വേടന്റെ വിഷയത്തില്‍ പൊതു സമൂഹത്തിന് തോന്നുന്നുകയും ചെയ്യുന്നു.
മോഹന്‍ ലാലും സുരേഷ് ഗോപിയും സെലിബ്രിറ്റികളായത് കൊണ്ടല്ല ഈ വിധേയത്വം തോന്നുന്നത്. അവരൊക്കെയും കൊണ്ട് നടക്കുന്ന വെളുപ്പിനോടും വരേണ്യതയോടുമുള്ള അദൃശ്യമായ അടിമത്തം തന്നെയാണ് ഈ പ്രശ്നമുണ്ടാകുന്നത്.
അട്ടപ്പാടിയില്‍ മധു എന്ന മനുഷ്യന്‍ ആഹാരം മോഷ്ടിക്കുമ്പോള്‍ അയാളെ കൊന്ന് കളയാന്‍ പാകത്തിന് തല്ലാന്‍ തോന്നുന്നതും ഇതിന്റെ മറു ബോധം കൊണ്ട് തന്നെയാണ്. മധുവിന് പകരം നിറം കൊണ്ട് വെളുത്ത, ഒരു മേല്‍ജാതിക്കാരാനാണ് അട്ടപ്പാടിയില്‍ ഇതേ കുറ്റം ചെയ്തിരുന്നതെങ്കില്‍ നമുക്ക് ഉറപ്പിച്ച് പറയാം ഇങ്ങനെയൊരു ദാരുണ സംഭവം അവിടെ ഉണ്ടാകില്ലായിരുന്നു. കഥയും ആഖ്യാനവും അവിടെ മറ്റൊന്നായി മാറുമായിരുന്നു.
മുന്‍ മന്ത്രിയും സി.പി.ഐ.എം നേതാവുമായ എം.എം മണിക്കെതിരായി സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്ന ബോഡി ഷെയിമിംഗും അധിക്ഷേപവും ഉള്ളാലെ ആസ്വദിക്കുന്ന ഒരു പൊതു ബോധമാണ് നമ്മുടേത്. ശശി തരൂര്‍ ആഘോഷിക്കപ്പെടുകയും അയാളെക്കാള്‍ മികച്ച നിലയില്‍ പൊതു പ്രവര്‍ത്തനം നടത്തുന്ന എം.എം. മണി ക്രൂരമായ നിലയില്‍ വംശീയ ആക്രമണങ്ങള്‍ക്ക് ഇരയാകുകയും ചെയ്യൂമ്പോള്‍ അത് ആസ്വദിക്കാനുള്ള ഒരു മനസിന്റെ പേര് കൂടിയാണ് നാം ചര്‍ച്ച ചെയ്യുന്ന വരേണ്യ അടിമത്തമെന്നത്.
എം.എം. മണി / ശശി തരൂര്‍
നിറത്തിന്റെ പേരില്‍ അനുഭവിക്കേണ്ടി വരുന്ന മാറ്റി നിര്‍ത്തലുകളെ സംബന്ധിച്ച് കേരളത്തിലെ ഏറ്റവും ഉന്നതയായ ഒരുദ്യോഗസ്ഥ ഈയടുത്താണ് വിമര്‍ശനാത്മകമായി സംസാരിച്ചത്. മലയാളിയുടെ വ്യാജമായ പ്രബുദ്ധതയുടെ ഒരു നേര്‍സാക്ഷ്യമാണ് അവരുടെ പ്രസ്താവന. നിറമെന്നത് ഒരു ജാതി ബോധമാണ്. ചില ജാതിക്കാരുടെ നിറം എന്നത് കൊണ്ടാണ് അതിനോട് അകല്‍ച്ചയോ സ്വന്തം കുടുബങ്ങളില്‍ പിറക്കുന്ന ഇരുണ്ട നിറമുള്ളവര്‍ പോലും അതിന്റെ പേരില്‍ കളിയാക്കപ്പെടുകയോ ചെയ്യുന്നത്. ഇതൊന്നും നിസാരമായി തള്ളാന്‍ മാത്രം ലഘുവായതല്ല.
നടന്‍ സുരേഷ് ഗോപി പരസ്യമായി പുലിപ്പല്ല് മാല അണിയുന്നത് കണ്ടപ്പോള്‍ തോന്നാത്ത വ്യഗ്രത വേടന്റെ കാര്യത്തില്‍ വനംവകുപ്പിന് തോന്നുന്നുവെന്നതാണ് ഇതിലെ പ്രശ്‌നം.
ഇത്തരം മനോഭാവങ്ങളോട് നിരന്തരമായി പോരാടിയും പൊരുതിയുമാണ് ജാതീയമായോ നിറം കൊണ്ടോ വരേണ്യരല്ലാതായി ജനിക്കുന്നവര്‍ക്ക് ഇവിടെ ജീവിക്കേണ്ടി വരുന്നത്. ഈ അടിമത്വത്തോടുള്ള പോരാട്ടമാണ് അവരുടെ മുന്നോട്ടുള്ള വരവ് പോലും. എല്ലാ വരേണ്യ ബോധങ്ങളെയും തകര്‍ത്ത് കൊണ്ട് അവര്‍ മുന്നേറുമ്പോഴും അവര്‍ക്ക് മുന്നില്‍ ഭീഷണിയുടെ ഒരു വാള്‍ എപ്പോഴും തൂങ്ങിക്കിടക്കുന്നുണ്ടാകും.
ഒന്നിടറി വീണാല്‍ അതോടെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താനും ആ ഒരൊറ്റ വീഴ്ച കൊണ്ട് അതുവരെ അവര്‍ നേടിയ എല്ലാ നേട്ടങ്ങളെയും മാത്രമല്ല, അയാളെ തന്നെയും നിരാകരിക്കാനുമുള്ള ഒരു വ്യഗ്രത വന്യമായി ഇവിടെ നിലനില്‍ക്കുന്നുണ്ട്.
കലാഭവന്‍ മണിക്കായാലും അട്ടപ്പാടിയിലെ മധുവിനായാലും വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിക്കായാലും നേരിടേണ്ടി വരുന്നത് ഈ വ്യഗ്രതയെയാണ്. വെളുപ്പിനോടും വരേണ്യതയോടുമുള്ള ഈ അഭിനിവേശത്തിന്റെ പേരാണ് വരേണ്യ അടിമത്തം. എത്ര തലമുറ കഴിഞ്ഞാലാണ് ഇതൊക്കെ നമ്മുടെ മ്ളേഛ്ച ബോധങ്ങളായിരുന്നു എന്ന് തിരിച്ചറിഞ്ഞ് അടിമത്തം വിട്ട് നാമൊന്ന് ജനാധിപത്യവല്‍ക്കരിക്കപ്പെടുക.
content highlights: The modern Malayali is addicted to the elite