ന്യൂദല്‍ഹി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ മൂന്ന് ഇന്ത്യന്‍ പൗരന്‍മാരെ തട്ടിക്കൊണ്ടുപോയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരികരിച്ചു. പശ്ചിമ മാലിയിലുള്ള ഒരു സിമന്റ് ഫാക്ടറിയില്‍ നടന്ന ഭീകരാക്രമണത്തിനിടെയാണ് ഇന്ത്യന്‍ പൗരന്മാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.
അല്‍-ഖ്വയ്ദ ബന്ധമുള്ള ഭീകരസംഘടനയായ ജമാഅത്ത് നുസ്രത് അല്‍ – ഇസ്‌ലാം വല്‍ – മുസ്‌ലിമിന്‍ (ജെ.എന്‍.ഐ.എം) ഭീകരരാണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍.
സംഭവത്തെ വിദേശകാര്യമന്ത്രാലയം ശക്തമായ ഭാഷയില്‍ അപലപിച്ചു. തട്ടിക്കൊണ്ടുപോയ മൂന്ന് പേരെയും കണ്ടെത്താന്‍ മാലി സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും ഉടന്‍ സ്വീകരിക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
‘ഈ നിന്ദ്യമായ അക്രമത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ അപലപിക്കുന്നു, തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായും വേഗത്തിലും മോചിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ മാലി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു,”- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ജൂലൈ ഒന്നിനാണ് സംഭവം. ഫാക്ടറിയിലേക്ക് കടന്നുകയറിയ ഭീകരര്‍ കനത്ത ആക്രമണം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന മൂന്ന് ഇന്ത്യന്‍ പൗര്‍മാരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ചൊവ്വാഴ്ച മായിലില്‍ ഉടനീളമുണ്ടായ സംഘടിത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ജെ.എന്‍.ഐ.എം ഏറ്റെടുത്തിരുന്നു.
ഇവരുടെ കുടുംബങ്ങളുമായും വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ട് വരികയാണ്.
മാലിയിലെ സാഹചര്യം ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നും പൗരന്മാരുടെ മോചനം സാധ്യമാക്കാന്‍ തങ്ങളും ഇടപെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
മാലിയില്‍ താമസിക്കുന്ന ഇന്ത്യക്കാരോട് ജാഗരൂകരായി തുടരാനും ബാമാകോയിലെ ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെടാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: The Ministry of Foreign Ministry has abducted three Indian citizens in the African country Mali.