| Saturday, 28th November 2026, 8:13 am

മിനാബ് സ്‌കൂള്‍ ആക്രമണം ഒരിക്കലും മറക്കില്ല: മസൂദ് പെസസ്‌കിയാന്‍

നിഷാന. വി.വി

ടെല്‍അവീവ്: മിനാബ് സ്‌കൂള്‍ ആക്രമണം ഒരിക്കലും മറക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഇറാന്‍. മിനാബില്‍ കൊല്ലപ്പെട്ട 168 കുട്ടികളുടെ ഉത്തരവാദിത്തം യു.എസിനും ഇസ്രഈലിനും തന്നെയാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍ ആവര്‍ത്തിച്ചു.

കുട്ടികളുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് യു.എസിനും ഇസ്രഈലിനും ഒഴിവാകാന്‍ കഴിയില്ലെന്ന് പെസസ്‌കിയാന്‍ പറഞ്ഞു. മനുഷ്യാവകാശങ്ങളുടെ പേരിലുള്ള ഇരട്ടത്താപ്പാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

യുദ്ധക്കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കയിലെയും നാല് യൂറോപ്യന്‍ രാജ്യങ്ങളിലെയും കോടതികളില്‍ ഇറാന്‍ നിയമനടപടികള്‍ ആരംഭിച്ചതായി ഇറാന്റെ നിയമകാര്യ വൈസ് പ്രസിഡന്റ് മജീദ് അന്‍സാരി അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രസിഡന്റിന്റെ ഈ പ്രസ്താവന.

2026 ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രഈലും സംയുക്തമായി ആരംഭിച്ച സൈനിക നീക്കത്തിന്റെ ആദ്യ ദിവസമാണ് ഹോര്‍മുസ്ഗാന്‍ പ്രവിശ്യയിലെ മീനാബിലുള്ള സ്‌കൂളിന് നേരെ മിസൈല്‍ ആക്രമണമുണ്ടായത്. ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ ഉണ്ടായ ആക്രമണത്തില്‍ നൂറ്റമ്പതിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

അമേരിക്കന്‍ നിര്‍മ്മിത ടോമഹോക്ക് ക്രൂയിസ് മിസൈലുകളാണ് സ്‌കൂളില്‍ പതിച്ചതെന്നും, ഇതൊരു യുദ്ധക്കുറ്റമായി കണക്കാക്കാവുന്നതാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണലും ഐക്യരാഷ്ട്രസഭയുടെ വസ്തുതാന്വേഷണ സമിതിയും നേരത്തെ വിലയിരുത്തിയിരുന്നു.

Content Highlight: The Minab school attack will never be forgotten: Masoud Pezeshkian

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more