| Tuesday, 2nd September 2025, 8:00 pm

സുരാജ് സീരിയസായി എന്ന് മാധ്യമങ്ങൾ എഴുതി; തമാശവേഷങ്ങൾ ചെയ്യാനാ​ഗ്രഹിച്ചപ്പോൾ കിട്ടിയില്ല: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയിലൂടെ സിനിമയിൽ വന്ന് കോമഡി വേഷങ്ങളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യകാലങ്ങളിൽ കോമഡി കഥാപാത്രങ്ങളാണ് സുരാജ് ചെയ്തിരുന്നതെങ്കിലും പിന്നീട് വളരെ സീരിയസ് ആയിട്ടുള്ള കഥാപാത്രങ്ങളും സുരാജ് ചെയ്തുതുടങ്ങി.

ഇപ്പോൾ സീരിയസ് ആയ കഥാപാത്രങ്ങൾ ചെയ്തുതുടങ്ങിയതിനെപ്പറ്റി സംസാരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.

‘ചിരിച്ചും ചിരിപ്പിച്ചുമാണ് സിനിമയിലേക്കെത്തുന്നത്. ഇന്നെന്റെ ഇൻബോക്‌സിലും കമന്റ് ബോക്സിലുമെല്ലാം തമാശവേഷങ്ങൾ ഒഴിവാക്കുന്നതെന്താണെന്ന ചോദ്യം നിരന്തരമുയരുന്നു. സുരാജ് സീരിയസായി എന്ന് മാധ്യമങ്ങളും എഴുതിത്തുടങ്ങി. തമാശവേഷങ്ങൾ അവതരിപ്പിക്കാൻ മനസുകൊണ്ടാഗ്രഹിക്കുമ്പോഴും വരുന്നതെല്ലാം ഗൗരവമുള്ള വേഷങ്ങളാണെന്നതാണ് സത്യം,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.

ദേശീയപുരസ്‌കാരം നേടിയ ശേഷം സീരിയസ് വേഷം സ്വീകരിച്ചാൽ മതിയെന്ന നിലപാടിലാണോ എന്ന് ചിലർ ചോദിക്കാറുണ്ടെന്നും പുരസ്‌കാരം ലഭിച്ച സിനിമ അധികം പേരൊന്നും കണ്ടിട്ടില്ലെന്ന് തനിക്കറിയാമെന്നും സുരാജ് കൂട്ടിച്ചേർത്തു.

നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈനൊരുക്കിയ ആക്ഷൻ ഹീറോ ബിജുവിലെ വേഷമാണ് യഥാർഥത്തിൽ തന്റെ മേൽവിലാസം മാറ്റിയെഴുതിയതെന്നും ആ ചിത്രത്തിലെ കഥാപാത്രത്തെ അഭിനന്ദിച്ചുകൊണ്ട് വിളിച്ചവരുടെ കൂട്ടത്തിൽ എഴുത്തുകാരും സംവിധായരും ഉൾപ്പെടെ എല്ലാവരുമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് തമാശയ്ക്കപ്പുറത്തെ വേഷങ്ങളുമായാണ് എല്ലവരും തന്നെ കാണാൻ വന്നതെന്നും ഒരു കലാകാരനെന്ന നിലയിൽ വ്യത്യസ്തവും പുതുമയുള്ളതുമായ വേഷങ്ങൾ സ്വീകരിക്കാൻ എന്നും ഉത്സാഹമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്ന വേഷങ്ങൾക്കായി താൻ കാത്തിരിക്കുകയാണെന്നും സുരാജ് വെഞ്ഞാറമൂട് കൂട്ടിച്ചേർത്തു.

‘ശബ്ദമുറയ്ക്കാത്ത കാലത്ത് മിമിക്രിയെന്ന പേരിൽ ഞാൻ നടത്തിയ ചില സൂത്രപ്പണികളും അന്നത്തെ ചങ്കൂറ്റവുമോർത്ത് ഇന്ന് ചിലപ്പൊഴൊക്കെ ഞാൻ ചിരിക്കാറുണ്ട്. ഉപദേശിക്കാനും മാർഗനിർദേശം നൽകാനും വലിയ ജീവിതങ്ങളൊന്നും മുന്നിലുണ്ടായിരുന്നില്ല. പല ഘട്ടങ്ങളിലും സ്വയം
ചുവടുറപ്പിച്ചൊരു കുതിപ്പായിരുന്നു,’ സുരാജ് പറയുന്നു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്.

Content Highlight: The media wrote that Suraj had become serious; when i wanted to do funny roles, i couldn’t says Suraj Venjaramoodu

We use cookies to give you the best possible experience. Learn more