പാലക്കാട്: അതിഥി തൊഴിലാളിയായ ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭയ്യാളിനെ ആള്‍ക്കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയതിന് പിന്നില്‍ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണെന്ന് എം.ബി രാജേഷ്.
ബംഗ്ലാദേശിയാണെന്ന് ആരോപിച്ചായിരുന്നു കൂട്ട ആക്രമണം നടത്തിയത്.
തൊഴില്‍ തേടിയെത്തിയ യുവാവിനെ അറിയപ്പെടുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരടങ്ങുന്ന സംഘം വിചാരണ ചെയ്ത് മോഷണക്കുറ്റമാരോപിച്ചുകൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ബംഗ്ലാദേശിയെന്ന ഈ ചാപ്പകുത്തല്‍ വംശീയവിദ്വേഷത്തില്‍ നിന്നുണ്ടാകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘപരിവാര്‍ രാജ്യമാകെ പടര്‍ത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ വംശീയ വിഷത്തിന്റെ ഇരയാണ് രാം നാരായണനെന്നും സര്‍ക്കാര്‍ ഇരയുടെ കുടുംബത്തുനൊപ്പമാണെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആള്‍ക്കൂട്ടക്കൊല എന്ന് മാത്രമാണ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. അറസ്റ്റിലായവര്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിലെ പ്രതികളാണ്. അവരുടെ രാഷ്ട്രീയവും ക്രിമിനല്‍ പശ്ചാത്തലവും വ്യക്തമായിട്ടും വിദ്വേഷ രാഷ്ട്രീയമാണ് കൊലയ്ക്ക് പിന്നിലെന്ന് മറച്ചുവെക്കുന്നതെന്തിനാണെന്നും എം.ബി രാജേഷ് ചോദിച്ചു.
‘ഏതെങ്കിലും തരത്തില്‍ സി.പി.ഐ.എമ്മിന് വിദൂരബന്ധമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എങ്ങനെ ആഘോഷിക്കപ്പെടുമായിരുന്നു. നിങ്ങളൊക്കെ എങ്ങനെയായിരിക്കും വാര്‍ത്ത കൊടുക്കുക? ഇപ്പോള്‍ സംഘപരിവാര്‍ നേതൃത്വത്തിന് നേരെ ചോദ്യം വരുന്നേയില്ലല്ലോ മിണ്ടുന്നേയില്ലല്ലോ,
അത് മറച്ചുവെക്കുക വഴി വിദ്വേഷ രാഷ്ട്രീയത്തിന് വളമിടുകയാണ് ചെയ്യുന്നത്. അതിനെ തുറന്നുകാണിക്കാന്‍ മാധ്യമങ്ങള്‍ മുന്നോട്ടുവരേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.
പ്രതികളായ 5 പേരെ അറസ്റ്റു ചെയ്തതായും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.എസ് ഉണ്ടാക്കിയ വംശീയ വിദ്വേഷ രാഷ്ട്രീയമാണ് ഇതിന് കാരണം. മലയാളിയല്ലാത്ത എല്ലാവരും ബംഗ്ലാദേശിയാണെന്ന് ചാപ്പ കുത്തുകയാണ്. ആടിനെ പട്ടിയാക്കുക പേപ്പട്ടിയാക്കുക തല്ലിക്കൊല്ലുക എന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഉത്തരേന്ത്യയില്‍ ഈ ആള്‍ക്കൂട്ടക്കൊലകള്‍ക്ക് ആര്‍.എസ്.എസ് ആണ് നേതൃത്വം കൊടുക്കുന്നത്. ഇതിലും പ്രതിസ്ഥാനത്ത് ആര്‍.എസ്.എസ് ആണ്.
ഛത്തീസ്ഗഢ് ബിലാസ്പൂര്‍ സ്വദേശിയായ രാംനായര്‍ ഭയ്യാലാണ് ക്രൂരമായ ആള്‍കൂട്ട അതിക്രമത്തിന് ഇരയായിരിക്കുന്നത്. കേസില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകരുള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി വന്നതല്ലേയെന്നാരോപിച്ചായിരുന്നു മര്‍ദനം.
Content Highlight: The media only says it was a mob lynching, why is the question not raised against the Sangh Parivar leadership: MB Rajesh