| Friday, 16th January 2026, 12:26 pm

നൊബേല്‍ കൈമാറ്റം ചെയ്യല്‍ സാധ്യമല്ല; മച്ചാഡോയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ട്രംപിനെതിരെ നൊബേല്‍ കമ്മറ്റി

മുഹമ്മദ് നബീല്‍

ഓസ്ലോ: സമാധാനത്തിനുള്ള പുരസ്‌ക്കാരം അമേരിക്കന്‍ പ്രസിഡന്റിന് കൈമാറിയ മരിയ കോറിന മച്ചാഡോയുടെ നടപടിയെ തള്ളി നൊബേല്‍ കമ്മറ്റി.

ഒരിക്കല്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍, പുരസ്‌കാരം നല്‍കി കഴിഞ്ഞാല്‍ ആ പുരസ്‌കാരം കൈമാറാനോ, പങ്കിടാനോ, പിന്‍വലിക്കാനോ കഴിയില്ലെന്ന് നൊബേല്‍ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.

ട്രംപിന് മാധ്യമങ്ങളെ കൈവെള്ളയിലൊതുക്കാമെന്നും എന്നാല്‍ നൊബേല്‍ കമ്മറ്റിയെ സാധ്യമല്ലെന്നും ഇവര്‍ എക്‌സില്‍ കുറിച്ചു.

നൊബേല്‍ മെഡല്‍ കൈമാറാന്‍ കഴിഞ്ഞേക്കുമെന്നും എന്നാല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവെന്ന പദവി മാറ്റാന്‍ കഴിയില്ല എന്നും നൊബേല്‍ കമ്മറ്റി പ്രതികരിച്ചു.

എന്നാല്‍ തങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിബദ്ധതയെ അംഗീകരിച്ചുകൊണ്ടാണ് താന്‍ നൊബേല്‍ സമ്മാനം ട്രംപിന് കൈമാറുന്നതെന്നാണ് വെനിസ്വലന്‍ പ്രതിപക്ഷ നേതാവ് മച്ചാഡോ പ്രതികരിച്ചത്.

പുരസ്‌കാരം കൈപ്പറ്റിയ ശേഷം മച്ചാഡോയുള്ള നന്ദി അറിയിക്കുന്നായി ട്രംപ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ‘ഞാന്‍ ചെയ്ത പ്രവര്‍ത്തികള്‍ക്ക് മച്ചാഡോ എനിക്ക് തക്കതായ അംഗീകാരം തന്നു, മരിയക്ക് നന്ദി’, ട്രംപ് പറഞ്ഞു. അതേസമയം പുരസ്‌കാരം വൈറ്റ് ഹൗസില്‍ സൂക്ഷിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

വെനസ്വേലയില്‍ അമേരിക്ക കടന്നാക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയ സാഹചര്യം തനിക്കനുകൂലമാക്കിത്തീര്‍ക്കാന്‍ വേണ്ടിയാണ് മച്ചാഡോ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലിയിരുത്തല്‍. നേരത്തേയും പരസ്പരം പിന്തുണച്ചുകൊണ്ട് നിലപാടെടുത്തവരാണ് മച്ചാഡോയും ട്രംപും.

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായുള്ള ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യവും സമാധാന പുരസ്‌കാരം ഇത്തവണ ആരിലേക്കെത്തുമെന്ന് ലോകം ഉറ്റു നോക്കിയതും മച്ചാഡോ എന്ന പേര് ലോകം ശ്രദ്ധിച്ചതിനുമൊക്കെയുള്ള കാരണക്കാരന്‍ ട്രംപായിരുന്നു.

വെനസ്വേലയെന്ന തന്റെ വലിയ ലക്ഷ്യം മുന്‍നിര്‍ത്തി ട്രംപ് കളിച്ച ചില നാടകങ്ങളാണ് ഇതിനെല്ലാം പിന്നിലെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

താന്‍ സമാധാനത്തിനുള്ള നൊബേലിന് അര്‍ഹനാണെന്ന് ട്രംപ് നിരവധി വേദികളിലായി ആവര്‍ത്തിച്ചിരുന്നു. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ട്രംപ് സമാധാനത്തിനുള്ള നൊബേലിന് അര്‍ഹനാണെന്ന് പറഞ്ഞിരുന്നു.

Content Highlight: The medal may be in Trump’s hands, but peace prize is not his, Nobel officials say

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more