| Sunday, 19th April 2026, 12:50 pm

കൊല്‍ക്കത്തയ്ക്ക് നിര്‍ണായകം; രാജസ്ഥാന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തീര്‍ന്ന്!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ഇന്ന് നടക്കാനിരിക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സസും ഏറ്റുമുട്ടാനിരിക്കുകയാണ്. ഇന്ന് വൈകിട്ട് ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരം കൊല്‍ക്കത്തയ്ക്ക് ഏറെ നിര്‍ണായകമാണ്.

സീസണില്‍ ഇതുവരെ ആറ് മത്സരത്തില്‍ നിന്ന് ഒരു വിജയം പോലും നേടാന്‍ അജിന്‍ക്യ രഹാനെയ്ക്കും സംഘത്തിനും സാധിച്ചിട്ടില്ല. പഞ്ചാബിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ പങ്കിട്ടെടുത്ത ഒരു പോയിന്റ് മാത്രമാണ് കൊല്‍ക്കത്തയുടെ അക്കൗണ്ടിലുള്ളത്. അതുകൊണ്ടുതന്നെ ഏഴാം മത്സരത്തിനിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും കൊല്‍ക്കത്ത പ്രതീക്ഷിക്കുന്നില്ല.

എന്നാല്‍ കരുത്തരായ രാജസ്ഥാനെതിരെ ഇന്ന് പരാജയപ്പെട്ടാല്‍ കൊല്‍ക്കത്തയുടെ പ്ലേഓഫ് പ്രതീക്ഷകളും വിദൂരമാകും. അതുകൊണ്ടുതന്നെ സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്തയ്ക്ക് വിജയം അനിവാര്യമാണ്.

ബാറ്റിങ്ങിലും ബൗളിങ്ങിലും വലിയ പ്രതിസന്ധി തന്നെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സ് നേരിടുന്നത്. ക്യാപ്റ്റന്‍ രഹാനെയുള്‍പ്പെടെ ഫോം മങ്ങിയത് ടീമിന് തിരിച്ചടിയാണ്. കാമറൂണ്‍ ഗ്രീന്‍ കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയത് പ്രതീക്ഷ നല്‍കുന്നതാണ്.

ബൗളിങ്ങില്‍ വരുണ്‍ ചക്രവര്‍ത്തി പ്രതീക്ഷിച്ച പ്രകടനത്തിലെത്താത്തതു കൊല്‍ക്കത്തയ്ക്ക് വെല്ലുവിളിയാണ്. സൂപ്പര്‍ പേസര്‍ മതീശ പതിരാന ടീമിലെത്തിയത് കൊല്‍ക്കത്തയ്ക്ക് ആശ്വാസമാണെങ്കിലും താരം ഇന്ന് കളത്തിലിറങ്ങുമോ എന്ന് കണ്ടറിയണം.

അതേസമയം തുടര്‍ വിജയങ്ങളുമായി മുന്നേറിയ രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദിനോട് തോല്‍വി വഴങ്ങിയിരുന്നു. ഇന്ന് വിജയവഴിയില്‍ ഇറങ്ങാന്‍ കച്ചകെട്ടിയാകും റിയാന്‍ പരാഗും സംഘവും കളത്തിലെത്തുന്നത്. യുവ താരം വൈഭവും യശസ്വി ജെയ്‌സ്വാളും പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തിയാല്‍ കൊല്‍ക്കത്തയ്ക്ക് വിജയം സ്വപ്നം കാണാന്‍ കഴിയുമോ എന്നാണ് ആരാധകര്‍ ചിന്തിക്കുന്നത്.

Content Highlight: The match against Rajasthan Royals is crucial for Kolkata In IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more