| Sunday, 16th February 2025, 4:27 pm

ന്യൂദല്‍ഹിയില്‍ നടന്നത് കൂട്ടക്കൊല; റെയില്‍വേ മന്ത്രി രാജിവെക്കണം: കോണ്‍ഗ്രസ് വക്താവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18ഓളം പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന് കോണ്ഗ്രസ് വക്താവ് സുപ്രിയ ശ്രീനെറ്റ്. മന്ത്രി സ്വമേധയാ രാജിവെച്ചില്ലെങ്കില്‍ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പുറത്താക്കണമെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

റെയില്‍വേ മന്ത്രിക്ക് ഒരു നിമിഷം പോലും തന്റെ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി ഉടന്‍ രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

തന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മന്ത്രി പൂര്‍ണമായും പരാജയപ്പെട്ടിട്ടുണ്ടെന്നും റീലുകള്‍ ഉണ്ടാക്കി മരണങ്ങള്‍ മറച്ചുവെക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ജനങ്ങളുടെ മരണത്തില്‍ അനുശോചിക്കുന്നതിന് പകരം അപകടത്തിന്റെ തീവ്രത മറച്ചുവെക്കാന്‍ ശ്രമിക്കുകയും എണ്ണം മറക്കുവെക്കുകയും ചെയ്യുന്ന മന്ത്രി സ്വന്തം പ്രതിച്ഛായ കെട്ടിപ്പടുക്കാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

റെയില്‍വേ സ്റ്റേഷനില്‍ നടന്നത് അപകടമല്ലെന്നും കൂട്ടക്കൊലയാണെന്നും വിശ്വാസികള്‍ കുംഭമേള സന്ദര്‍ശിക്കാന്‍ എത്തുമ്പോഴും സാധാരണക്കാര്‍ക്കായി സര്‍ക്കാര്‍ ഒരു സജ്ജീകരണവും ചെയ്യുന്നില്ലെന്നും സുപ്രീയ ശ്രീനെറ്റ് പറഞ്ഞു.

സ്റ്റേഷനില്‍ എത്ര പേര്‍ പ്രവേശിക്കുന്നുണ്ടെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് അറിയാന്‍ കഴിയുമെന്നും ഓരോ മണിക്കൂറിലും 1500 ടിക്കറ്റുകള്‍ വരെ വിറ്റഴിക്കപ്പെടുന്നുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമായിരുന്നുവെന്നും നിര്‍ഭാഗ്യവശാല്‍ സുരക്ഷാ സേനയുടെ ഇടപെടലുണ്ടാവാത്തതിനെ തുടര്‍ന്ന് ജനക്കൂട്ടം അവരെ സ്വയം നിയന്ത്രിക്കുകയായിരുന്നുവെന്നും അതാണ് ഇത്തരത്തിലേക്കൊരു ദുരന്തത്തിന് വഴിയൊരുക്കിയതെന്നും സുപ്രിയ ശ്രീനെറ്റ് പറഞ്ഞു.

രാജ്യത്ത് രണ്ട് ഹിന്ദുസ്ഥാനുണ്ടെന്നും ഒരു വശത്ത് രാജാവ് തന്റെ സുഹൃത്തുക്കളെ കുംഭമേളയില്‍ കുളിപ്പിക്കുകയാണെന്നും ആ സമയങ്ങളില്‍ സാധാരണക്കാര്‍ റെയില്‍വേ പ്ലാറ്റഫോമില്‍ മരിച്ചുവീഴുകയാണെന്നും സുപ്രീയ ശ്രീനെറ്റ് പറഞ്ഞു. കുംഭമേളയില്‍ നടക്കുന്ന വി.ഐ.പി സംസ്‌ക്കാരവും വിമര്‍ശനാത്മകമാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

Content Highlight: The massacre took place in New Delhi; Railway minister should resign: Congress spokesperson

We use cookies to give you the best possible experience. Learn more