| Friday, 17th April 2026, 8:25 am

മുസ്‌ലീം ലീഗ് വനിതാ നേതാവിനെതിരായ ലൈംഗിക ചുവയോടെയുള്ള വ്യാജവാര്‍ത്ത; ലേറ്റസ്റ്റ് എഡിറ്റര്‍ അരവിന്ദന്റെ ഹരജി തള്ളി സുപ്രീം കോടതി

ശ്രീരാഗ് പാറക്കല്‍

ന്യൂദല്‍ഹി: കാഞ്ഞങ്ങാട് മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീനെതിരെ ലൈംഗിക ചുവയോടെ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ ‘ലേറ്റസ്റ്റ്’ സായഹ്ന പത്രത്തിന്റെ മാനേജിങ് എഡിറ്റര്‍ അരവിന്ദന്‍ മാണിക്കോത്തിന്റെ അപ്പീല്‍ തള്ളി സുപ്രീം കോടതി. ഹൈക്കോടതി വിധിച്ച ശിക്ഷാവിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലാണ് കോടതി തള്ളിയത്.

പിഴത്തുക കെട്ടിവെക്കാന്‍ കോടതി നല്‍കിയ നിര്‍ദേശം രണ്ടുതവണയിലധികം ലംഘിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്. ഇതോടെ ഹൈക്കോടതി വിധിച്ച ശിക്ഷയും പിഴയും അരവിന്ദന്‍ അനുഭവിക്കേണ്ടി വരും.

2013ലാണ് മുസ്‌ലിം ലീഗ് നേതാവും കാഞ്ഞങ്ങാട് മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണുമായിരുന്ന ഹസീന താജുദ്ദീനെതിരെ ലേറ്റസ്റ്റ് പത്രത്തില്‍ അശ്ലീല ചുവയുള്ളതും അപകീര്‍ത്തികരവുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് നടന്ന നിയമപോരാട്ടത്തില്‍ 2019ല്‍ ഹോസ്ദുര്‍ഗ് കോടതി അരവിന്ദന് തടവുശിക്ഷയും പിഴയും വിധിച്ചു.

ഈ വിധിക്കെതിരെ അരവിന്ദന്‍ കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതിയെയും പിന്നീട് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും രണ്ട് കോടതികളും ശിക്ഷ ശരിവെക്കുകയായിരുന്നു. ഇതിനെതിരെയാണ് അരവിന്ദന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍ അപ്പീല്‍ പരിഗണിക്കവേ പിഴത്തുക കെട്ടിവെക്കാന്‍ കോടതി രണ്ടുതവണ അവസരം നല്‍കിയിട്ടും അത് പാലിക്കാന്‍ പ്രതി തയ്യാറായില്ല. ഇത് പരിഗണിച്ചാണ് സുപ്രീം കോടതി അപ്പീല്‍ തള്ളിയത്.

ശിക്ഷിക്കപ്പെട്ടതിന് ശേഷവും ഹസീന താജുദ്ദീനെതിരെ പത്രത്തിലൂടെ അശ്ലീല വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തുടര്‍ന്നുവെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അരവിന്ദനെതിരെ സമാന സ്വഭാവമുള്ള ആറിലധികം കേസുകള്‍ നിലവിലുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

‘സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കുന്നത് മാധ്യമപ്രവര്‍ത്തനമല്ലെന്നും അര്‍ഹമായ ശിക്ഷ തന്നെ പ്രതിക്ക് ലഭിക്കണമെന്നും’ പരാതിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.

പരാതിക്കാരിക്ക് വേണ്ടി അഡ്വ. കെ.ആര്‍. സുഭാഷ് ചന്ദ്രന്‍, അനിരുദ്ധ് കെ.പി എന്നിവരും സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വ. ഹര്‍ഷദ് വി. ഹമീദ്, ദിലീപ് പൂളക്കോട്ട് എന്നിവരും ഹാജരായി. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ശ്രീറാം പറക്കാട്ട് ഹാജരായി.

Content Highlight: The managing editor of the ‘Latest’ evening newspaper  Aravindan has been hit hard for publishing fake news with sexual innuendo against former Kanhangad municipality chairperson

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more