1947 ൽ ഇന്ത്യ രണ്ടായി മുറിക്കപ്പെട്ടപ്പോൾ ഭൂപടത്തിൽ വരച്ച വര, മനുഷ്യരുടെ ജീവിതത്തിൽ വേർപാടുകളുടെ മുറിവുകളായി. അന്നുവരെ സഹോദരങ്ങളായിരുന്നവർ രണ്ടു രാജ്യങ്ങളിലെ പൗരന്മാരായി. ഒരുമിച്ച് കളിച്ചവർ രണ്ടു ദേശീയ പതാകകൾക്കു കീഴിലായി.
അങ്ങനെ രാഷ്ട്രീയ അതിരുകൾക്കിടയിൽ സ്വന്തം ജീവിതത്തിന്റെ ദിശമാറിയ ഒരാളുണ്ടായിരുന്നു. മലപ്പുറത്തിന്റെ മണ്ണിൽ പന്തുതട്ടി വളർന്ന് പാകിസ്ഥാൻ ഫുട്ബോൾ ടീമിന്റെ നായകനായിമാറിയ ഇരുമ്പൻ മൊയ്തീൻ കുട്ടി.
അദ്ദേഹത്തിന്റെ ജീവിതം അപ്രതീക്ഷിത വഴിത്തിരിവുകളാൽ വിസ്മയിപ്പിക്കുന്നതാണ്. വിഭജനം മനുഷ്യരെ എങ്ങനെയൊക്കെ വിദൂരങ്ങളിലേക്ക് പറിച്ചുനട്ടുവെന്നതിന്റെയും ജന്മനാടിന്റെ ഓർമകൾ അതിർത്തിക്കപ്പുറത്തും കൂടെയുണ്ടായിരുന്നുവെന്നതിന്റെയും സാക്ഷ്യം.
റങ്കൂണിൽ പിറന്ന ഗോൾ
1953 ഒക്ടോബർ 23, ബർമയുടെ തലസ്ഥാനമായ റങ്കൂണിലെ ആങ് സാൻ മെമ്മോറിയൽ സ്റ്റേഡിയം. ക്വാഡ്രാങ്കുലർ കപ്പിൽ ദക്ഷിണേഷ്യൻ ഫുട്ബോളിലെ കരുത്തരായ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ. വാശിയേറിയ മത്സരത്തിൽ നെവിൽ ഡിസൂസയുടെ ഗോളിൽ ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചു.
സിലോണിനെ 2–0നും ബർമയെ 4–2നും കീഴടക്കി ഇന്ത്യ ടൂർണമെന്റിൽ ജേതാക്കളുമായി. നവംബർ മൂന്നിന് ജേതാക്കളായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ പാകിസ്ഥാനും തമ്മിൽ ‘തീപാറുന്ന സൗഹൃദ മത്സരം’ അരങ്ങേറി.
പാകിസ്ഥാൻ ഇന്ത്യയെ 1–0ന് പരാജയപ്പെടുത്തി. വിജയഗോൾ നേടിയത് മറ്റാരുമായിരുന്നില്ല, മലപ്പുറം മേൽമുറിയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയ കുളമാട്ടിക്കളത്തിൽ മൊയ്തീൻ കുട്ടിയെന്ന ഇരുമ്പൻ മൊയ്തീൻ കുട്ടി.
1953 ലെ പാകിസ്ഥാൻ ടീം, ഇരിക്കുന്നവരിൽ ഇടതു നിന്ന് നാലാമത് മൊയ്തീൻ കുട്ടി
1928 ൽ മലപ്പുറത്ത് ജനിച്ച മൊയ്തീൻ കുട്ടിക്ക് കുട്ടിക്കാലം മുതലേ ഫുട്ബോൾ ജീവിതത്തിന്റെ ഭാഗമായിരുന്നു. മലപ്പുറം മോഡൽ സ്കൂളിൽ പഠിക്കുമ്പോൾ ടീമിന്റെ നായകനായി. ഇന്റർ സ്കൂൾ മത്സരങ്ങളിലെ മികവ് അദ്ദേഹത്തെ പ്രശസ്തനാക്കി.
ബൂട്ടുകളില്ലാതെ വെറും കാലുകൊണ്ട് പന്ത് ആഞ്ഞടിച്ചിരുന്ന മൊയ്തീൻ കുട്ടിയുടെ ഷോട്ടുകൾക്ക് അസാധാരണ കരുത്തായിരുന്നു. ഗോൾവല കാക്കുന്നവർ ആ അടികളുടെ ശക്തിയെ ഭയന്നു. പോസ്റ്റുകൾ മറിഞ്ഞുവീണ കഥകളുമുണ്ട്. അങ്ങനെയാണ് ‘ഇരുമ്പൻ’ എന്ന വിളിപ്പേര് ലഭിക്കുന്നത്.
1944 ൽ റോയൽ ഇന്ത്യൻ എയർഫോഴ്സിൽ ചേർന്നതോടെ ജീവിതം പുതിയ വഴിയിലേക്ക് തിരിഞ്ഞു. പരിശീലനത്തിന്റെ ഭാഗമായി ബംഗളൂരുവിലെത്തിയപ്പോഴാണ് ആദ്യമായി ബൂട്ടണിഞ്ഞത്. നഗ്നപാദനായി പന്തിനെ മെരുക്കിയിരുന്ന മലപ്പുറത്തുകാരൻ പിന്നീട് ബ്രിട്ടീഷ് കളിക്കാർക്കൊപ്പം റോയൽ ഇന്ത്യൻ എയർഫോഴ്സ് ടീമിലെ പ്രധാന താരമായി.
വിഭജനം വരച്ച അതിർത്തി
1947 ലെ വിഭജനം മൊയ്തീൻ കുട്ടിയെ പാകിസ്ഥാനിലെത്തിച്ചു. എയർഫോഴ്സിൽ ഒപ്പം കളിച്ചിരുന്നവരിൽ ഭൂരിഭാഗവും പടിഞ്ഞാറൻ പഞ്ചാബിൽനിന്നുള്ളവരായിരുന്നു. അവർ പുതിയ രാജ്യമായ പാകിസ്ഥാനിലേക്ക് മാറി.
സഹതാരങ്ങൾക്കൊപ്പം തുടരാനും ഫുട്ബോൾ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുമായി മൊയ്തീൻ കുട്ടിയും പുതിയ രാജ്യത്തേക്ക് പോയി. പാകിസ്ഥാൻ എയർഫോഴ്സ് ടീമിനായി കളി തുടർന്നു.
വിഭജനം സൃഷ്ടിക്കാൻ പോകുന്ന ശത്രുതയും രാഷ്ട്രീയ വൈരവുമൊന്നും അന്ന് പൂർണമായി തിരിച്ചറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും സൗഹൃദരാജ്യങ്ങളായി തുടരുമെന്നും അതിർത്തികൾ കടന്നുള്ള യാത്രകൾക്ക് തടസങ്ങളുണ്ടാകില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ.
പക്ഷേ ചരിത്രം ആ പ്രതീക്ഷകൾക്ക് ഇടം നൽകിയില്ല. ജനിച്ചുവളർന്ന മണ്ണ് ഒരു രാജ്യത്തും ജീവിതവും ഫുട്ബോൾ സ്വപ്നങ്ങളും മറ്റൊരു രാജ്യത്തുമായി. മലപ്പുറത്തുനിന്ന് പാകിസ്ഥാനിലേക്കുള്ള ആ യാത്ര ഒരു വ്യക്തിയുടെ ദേശമാറ്റം മാത്രമായിരുന്നില്ല, വിഭജനം മനുഷ്യരിൽ സൃഷ്ടിച്ച സങ്കീർണതകളുടെ അടയാളം കൂടിയായിരുന്നു.
പാകിസ്ഥാൻ എയർഫോഴ്സ് ടീമിൽ ഇടം നേടിയ അദ്ദേഹം സർവീസസ് ഫുട്ബോളിൽ മികവ് തെളിയിച്ചു. 1951ൽ ഇന്റർ സർവീസസ് ചാമ്പ്യൻഷിപ്പിൽ ടീമിനെ നയിച്ചു.
1952 ൽ കൊളംബോയിൽ നടന്ന ക്വാഡ്രാങ്കുലർ ടൂർണമെന്റിലൂടെയാണ് പാകിസ്ഥാൻ ദേശീയ ടീമിലെ അരങ്ങേറ്റം. സിലോണിനെതിരെ ഗോൾ നേടി വരവറിയിച്ചു. 1953 ലെ റങ്കൂൺ ടൂർണമെന്റിൽ സിലോണിനെതിരെ പാകിസ്ഥാന്റെ 6–0 വിജയത്തിൽ രണ്ട് ഗോളുകളടിച്ചു. പിന്നാലെ ഇന്ത്യക്കെതിരായ പ്രദർശന മത്സരത്തിലെ വിജയഗോളും.
1954 ൽ കൊൽക്കത്തയിൽ നടന്ന ടൂർണമെന്റിൽ പാകിസ്ഥാന്റെ വൈസ് ക്യാപ്റ്റനായി. അതേ വർഷം മനിലയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ദേശീയ ടീമിന്റെ നായകസ്ഥാനവും അദ്ദേഹത്തെ തേടിയെത്തി.
പാകിസ്ഥാന്റെ ദേശീയ ടീമിനെ നയിച്ച നാലാമത്തെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. സിംഗപ്പൂരിനെതിരായ 6–2 വിജയത്തിൽ ഒരു ഗോൾ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
മലപ്പുറത്തിന്റെ കളിമുറ്റത്തുനിന്ന് മറ്റൊരു രാജ്യത്തിന്റെ ദേശീയ ടീം നായകസ്ഥാനത്തേക്കുള്ള വളർച്ച അസാധാരണമായിരുന്നു. 1956 ൽ കളിക്കാരനെന്ന നിലയിലുള്ള കരിയർ അവസാനിപ്പിച്ചെങ്കിലും ഫുട്ബോളിൽനിന്ന് മാറിനിന്നില്ല.
പരിശീലകന്റെ വേഷത്തിൽ പാകിസ്ഥാൻ സർവീസസ്, എയർഫോഴ്സ് ടീമുകളെയും പിന്നീട് ദേശീയ ടീമിനെയും നയിച്ചു. പന്ത്രണ്ടു വർഷത്തിലേറെ വിവിധ പ്രായവിഭാഗങ്ങളിലുള്ള ദേശീയ ടീമുകളുമായി പ്രവർത്തിച്ച് പുതിയ തലമുറയിലെ താരങ്ങളെ വാർത്തെടുത്തു.
1969 ൽ പാകിസ്ഥാൻ പ്രസിഡന്റ് യഹിയ ഖാനിൽനിന്ന് ‘പ്രൈഡ് ഓഫ് പെർഫോമൻസ്’ ബഹുമതി ലഭിച്ചു. ഒരു മലയാളിയുടെ ഫുട്ബോൾ മികവിന് ലഭിച്ച പരമോന്നത അംഗീകാരങ്ങളിൽ ഒന്നായി അത് മാറി.
മടങ്ങിവരാൻ കൊതിച്ച ജന്മനാട്
കറാച്ചിയിലായിരുന്നു മൊയ്തീൻ കുട്ടിയുടെ പിന്നീടുള്ള ജീവിതം. ഭാര്യ സൈനബയും മലപ്പുറം സ്വദേശിയായിരുന്നു. രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം ജീവിക്കുമ്പോഴും ജന്മനാടുമായുള്ള ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചു.
മൊയ്തീൻ കുട്ടി മകൻ സുഹൈൽ കുട്ടിക്ക് ഒപ്പം
1990 കളിൽ വരെ കുടുംബത്തെയും സുഹൃത്തുക്കളെയും കാണാൻ മലപ്പുറത്തെത്തിയിരുന്നു. വിസയും യാത്രാനടപടികളും സൃഷ്ടിച്ച തടസങ്ങൾക്കിടയിലും ജനിച്ചുവളർന്ന മണ്ണിലേക്കുള്ള മടക്കയാത്രകൾ അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. 2011 സെപ്റ്റംബർ ഏഴിന് 83-ാം വയസ്സിൽ മൊയ്തീൻ കുട്ടി അന്തരിച്ചു.
രാജ്യങ്ങൾ അതിർത്തികൾ വരച്ചു. ഭൂപടങ്ങൾ മനുഷ്യരെ വിഭജിച്ചു. ചരിത്രം അതിന്റെ മുറിവുകൾ തലമുറകളിലേക്ക് കൈമാറി. പക്ഷേ, റങ്കൂണിലെ ആ ഗോൾ കാലത്തോട് പറഞ്ഞത് മറ്റൊരു യാഥാർഥ്യമാണ് — ഫുട്ബോളിന് അതിർത്തികളില്ല, പ്രതിഭയ്ക്ക് പൗരത്വത്തിന്റെ വേലിക്കെട്ടുകളുമില്ല.
നവംബർ 17-ന് സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരുമ്പോൾ, ചരിത്രത്തിന്റെ ഓർമച്ചെപ്പിൽനിന്ന് വീണ്ടും പുറത്തുവരികയാണ് മൊയ്തീൻ കുട്ടി.
Content Highlight:The Malayali who scored Pakistan’s winning goal against India.