| Monday, 12th October 2026, 3:57 pm

മലയാളിയുടെ യൂറോപ്യന്‍ ദുഃഖങ്ങള്‍

ഫാറൂഖ്

എന്റെ വീട്ടില്‍ നിന്ന് പത്തു പതിനഞ്ചു കിലോമീറ്ററെ മാഹിക്കുള്ളൂ. പല രീതിയില്‍ പരിചയപ്പെട്ട കുറെ സുഹൃത്തുക്കളുമുണ്ട്. ജോലിയാവശ്യത്തിനായി വിദേശത്തു പോയി തിരിച്ചു വന്നതിനു ശേഷം ഒരിക്കല്‍ മാഹിയിലുള്ള ഒരു സുഹൃത്തുമായി സംസാരിക്കുകയായിരുന്നു, ഒന്നു രണ്ടു മാസം മുമ്പ്. അവന്‍ ചോദിച്ചു

യൂറോപ്പുകാരുടെ കാര്യം ഇപ്പോള്‍ വലിയ കഷ്ടമാണല്ലെ ?

എന്ത് പറ്റി . ഞാന്‍ തിരിച്ചു ചോദിച്ചു.

ഇപ്പൊ തന്നെ സ്‌പെയിനിന്റെ അവസ്ഥ കണ്ടില്ലേ. സെവൂട്ടയിലേക്ക് ആയിരക്കണക്കിന് മൊറോക്കോക്കാരാണ് നുഴഞ്ഞു കയറിയത്. ഇക്കണക്കിന് പോയാല്‍ യൂറോപ്പ് മുഴുവന്‍ ആഫ്രിക്കക്കാരാകും. അവന്‍ പറഞ്ഞു.

സെവൂട്ടയുടെ കാര്യം ഞാനും കേട്ടിരുന്നു. ഒരു മലയാളി അതിനെ പറ്റി ഇത്രയും ഉത്കണ്ഠപ്പെടും എന്ന് ആലോചിച്ചിരുന്നില്ല, പത്രത്തിലെ അന്താരാഷ്ട്ര പേജില്‍ വായിച്ചു മറന്നേക്കാവുന്ന ഒരു മൂന്നു കോളം വാര്‍ത്ത എന്നതില്‍ കവിഞ്ഞു എന്തെങ്കിലും അതിലുണ്ടെന്ന് തോന്നിയിരുന്നുമില്ല.

അതിനിപ്പം എന്താ, അത് തന്നെയല്ലേ നിന്റെ അപ്പൂപ്പനും ചെയ്തത് ?

എന്റെ സുഹൃത്തിന്റെ അപ്പൂപ്പന്‍, ഫ്രഞ്ചുകാരെ മാഹിയില്‍ നിന്നോടിക്കാന്‍ വേണ്ടി സ്വാതന്ത്ര്യ സമരം നടത്തി തല്ലു കൊണ്ട് രോഗിയായി മരിച്ചയാളാണ്. കേരളത്തില്‍ നിന്ന് നിരവധി മാര്‍ച്ചുകള്‍ അക്കാലത്തു മാഹിയിലേക്ക് നടന്നിരുന്നു. ഫ്രഞ്ചുകാര്‍ അവര്‍ക്ക് ദൈവം നല്‍കിയ അവകാശമായി മാഹി ഭരിച്ചു കൊണ്ടിരിക്കുകയായിരുന്നു, ഇന്ന് സ്‌പെയിന്‍ സെവൂട്ട ഭരിക്കുന്ന പോലെ.

യൂറോപ്യന്‍മാര്‍ക്ക് ലോകമെങ്ങും അത്തരം നിരവധി കോളനികളുണ്ടായിരുന്നു. അതൊക്കെ അതതു നാട്ടുകാര്‍ സമയാസമയങ്ങളില്‍ ഇങ്ങനെ പല പല അഭ്യാസങ്ങളിലൂടെ തിരിച്ചു പിടിച്ചിട്ടുണ്ട്. സെവൂട്ട ഇന്നല്ലെങ്കില്‍ നാളെ അവര്‍ പിടിക്കും, സമയത്തിന്റെ പ്രശ്‌നമേയുള്ളൂ, അമ്പതോ നൂറോ കൊല്ലമൊന്നും ചരിത്രത്തില്‍ വലിയ കാലമല്ല. ഇന്ത്യക്ക് അഞ്ഞൂറോളം കൊല്ലങ്ങള്‍ വേണ്ടി വന്നു യൂറോപ്യന്‍ അധിനിവേശം മുഴുവന്‍ അവസാനിപ്പിക്കാന്‍, പോര്‍ച്ചുഗീസുകാര്‍ ഗോവ വിട്ടപ്പോള്‍ 1961 ആയി, കൃത്യം 450 കൊല്ലം കയ്യില്‍ വച്ച് ഭരിച്ച ശേഷം.

സെവൂട്ടക്കാര്‍ അവരുടെ സ്ഥലം തിരിച്ചു പിടിക്കുന്നതില്‍ മാഹിക്കാരും മറ്റു മലയാളികളും സന്തോഷിക്കുകയല്ലേ വേണ്ടത്, അല്ലെങ്കില്‍ അവഗണിക്കുക. പക്ഷെ മലയാളികള്‍ യൂറോപ്പുകാര്‍ക്ക് വേണ്ടി ദുഖിച്ചു കൊണ്ടേയിരിക്കും. അസംഖ്യം യൂട്യൂബര്‍മാര്‍, സ്വതന്ത്രരും അല്ലാത്തവരുമായ ചിന്തകര്‍, വാര്‍ത്തകള്‍ക്കു കീഴെ കമന്റിടുന്നവര്‍, ബ്ലോഗര്‍മാര്‍, വ്‌ലോഗ്ഗര്‍മാര്‍, വാട്‌സാപ്പ് അമ്മാവന്മാര്‍, ഒക്കെ യുറോപ്യന്മാര്‍ക്ക് വേണ്ടി പരിതപിച്ചു കൊണ്ടിരിക്കുകയാണ്. എന്നാലും അവര്‍ക്കീ ഗതി വന്നല്ലോ. അല്ലെങ്കില്‍ ശപിച്ചു കൊണ്ടിരിക്കുകയാണ് – കടന്നു വരാന്‍ സമ്മതിച്ചിട്ടല്ലേ, അനുഭവിക്കട്ടെ!

കഴിഞ്ഞയാഴ്ച മുതല്‍ മലയാളം സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ഫ്രാന്‍സ് ആണ്. ആ സമയത്ത് ഫ്രാന്‍സില്‍ ഉണ്ടായിരുന്നവര്‍ക്കറിയാം അവിടെ പ്രത്യേകിച്ച് വലിയ പ്രശ്‌നമൊന്നുമില്ലെന്ന്, സ്‌കൂളില്‍ അത്യാവശ്യ സൗകര്യങ്ങള്‍ കൂട്ടാനും ടീച്ചര്‍മാരുടെ ഒഴിവുകള്‍ നികത്താനും വേണ്ടി കുറെ പേര്‍ നടത്തിയ സമരമാണ്.

യൂറോപ്പില്‍, പ്രത്യേകിച്ച് ഫ്രാന്‍സില്‍, ഇത്തരം സമരങ്ങള്‍ പതിവാണ്. പെട്രോളിന് വില കൂടിയാല്‍ ഹോണടിച്ചു സമരം, ഡീസലിന് വില കൂടിയാല്‍ ട്രക്കുകളൊക്കെ ഹൈവേയില്‍ നിര്‍ത്തിയിട്ട് സമരം, തുടങ്ങിയ പരിപാടികള്‍ യൂറോപ്പില്‍ നാട്ടു നടപ്പാണ്. കുറെ പൊലീസ് ബൈക്കുകള്‍ മറിച്ചിടും, കുറെ പുക വാണങ്ങള്‍ കത്തിച്ചു വിടും, ഇതൊക്കെയാണ് സമരങ്ങളിലെ ഐറ്റങ്ങള്‍.

വിപ്ലവം വിപ്ലവം എന്ന് നമ്മള്‍ പറയുന്ന പരിപാടി തന്നെ ഫ്രഞ്ചുകാര്‍ തുടങ്ങിയതാണ് – ഫ്രഞ്ച് വിപ്ലവം, മൂന്നാല് ലക്ഷം ഫ്രഞ്ചുകാര്‍ മരിച്ച വിപ്ലവമായിരുന്നു ഫ്രഞ്ച് വിപ്ലവം, മൊത്തം വെളുവെള വെളുത്ത സായിപ്പന്മാരായിരുന്നു മരിച്ചവരും കൊന്നവരും. മലയാളികള്‍ കരുതുന്നത് പോലെ കറുപ്പന്മാര്‍ പോയി കലാപമുണ്ടാക്കാന്‍ തുടങ്ങിയതല്ല യൂറോപ്പില്‍, കലാപം ആദ്യമേയുണ്ട്, കറുപ്പന്മാര്‍ പിന്നെ വന്നതാണ്.

മലയാളി സോഷ്യല്‍ മീഡിയയില്‍ ഇപ്പൊ കാണുന്ന യൂറോപ്യന്‍ വീഡിയോകളില്‍ മിക്കതും വൈറ്റ് സുപ്രീമസിസ്റ്റ് ചിന്തകള്‍ പുലര്‍ത്തുന്ന അമ്മാവന്മാരെ റേജ് ബൈറ്റ് ചെയ്തു കാശുണ്ടാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്. ഒരു ഫുട്‌ബോള്‍ ക്ലബ് ജയിച്ചപ്പോള്‍ പാരിസില്‍ നടന്ന റാലികള്‍ക്കിടയില്‍ ആരാധകര്‍ പടക്കം പൊട്ടിക്കുന്നത് പോലും ഫ്രാന്‍സില്‍ ആഫ്രിക്കക്കാര്‍ നടത്തുന്ന അക്രമമായാണ് പ്രചരിക്കുന്നത്.

ഈഫല്‍ ടവറിന്റെ മുന്‍പില്‍ പടക്കം പൊട്ടിക്കുമ്പോള്‍ പുകയുയരുന്നത് കാണിച്ചു ഇരുമ്പു കൊണ്ടുക്കാക്കിയ ഈഫല്‍ ടവര്‍ കത്തുകയാണെന്ന രീതിയിലാണ് പ്രചാരണം. ഈ വിഡിയോകള്‍ക്ക് അടിയില്‍ വരുന്ന കമന്റുകളില്‍ മുഴുവന്‍ വെള്ളക്കാര്‍ക്കുള്ള ഉപദേശങ്ങളാണ്, കറുത്തവരെ അടുപ്പിക്കരുത് എന്നതാണ് കമന്റുകളുടെ കാമ്പ്. അവരെ അടുപ്പിച്ചാല്‍ യൂറോപ്പില്‍ മുഴുവന്‍ വയലന്‍സ് ആകും,അവര്‍ നിങ്ങളുടെ മഹത്തായ സംസ്‌കാരത്തെ നശിപ്പിക്കും എന്നൊക്കെയാണ് ഉപദേശം,. ഏതു സംസ്‌കാരം, പത്തറുപത് ലക്ഷം ജൂതന്മാരെ ഗ്യാസടിച്ചു കൊന്ന സംസ്‌കാരം.

പല പല വാര്‍ത്തകളാണ് യൂറോപ്പിനെ പറ്റി മലയാളികള്‍ക്കിടയില്‍ പ്രചരിക്കുന്നത്. പൊലീസിനും പട്ടാളത്തിനും കയറിച്ചെല്ലാന്‍ കഴിയാത്ത കുടിയേറ്റക്കാരുടെ ടൗണുകള്‍ ഉണ്ടത്രേ ലണ്ടനിലും പാരീസിലും. നോ-ഗോ-സോണ്‍ എന്നാണത്രെ അതിന്റെ പേര്. അവിടുത്തെ പത്രങ്ങളിലൊന്നും അങ്ങനെയില്ല, അവിടുത്തെ പൊലീസോ നാട്ടുകാരോ അങ്ങനെയൊന്നും പറഞ്ഞിട്ടുമില്ല. എന്നാലും കേരളത്തിലെ വാട്‌സാപ്പില്‍ നിറയെ അതുണ്ട്. അര്‍ദ്ധ-വിദ്യാഭ്യാസം നേടിയ പ്രേക്ഷകരെ പറ്റിച്ചു കാശുണ്ടാക്കുന്ന ഒരു യൂട്യൂബര്‍ ഈയടുത്തു പറഞ്ഞത് പാരീസ് ഇപ്പോള്‍ മുംബെയെക്കാളും ദാരിദ്യത്തിലാണ് എന്നാണ്. കേള്‍വിക്കാര്‍ ഒരിക്കലും പാരീസില്‍ പോകില്ല എന്ന ധൈര്യത്തിലാണ് ഈ തള്ള് .

മലയാളികളില്‍ വെളുത്തവരില്ല, കറുത്തവര്‍ അത്യാവശ്യം ഉണ്ടെന്ന് പറയാം. വ്യക്തമാക്കിയതില്‍, വെളുത്തവര്‍ ടോം ക്രൂയിസിനെ പോലെ വെളുത്തിരിക്കും, കറുത്തവര്‍ സാമുവേല്‍ ജാക്സനെ പോലെ കറുത്തിരിക്കും. മലയാളികളുടെ കളര്‍ ബ്രൗണ്‍ ആണ്, തവിട്ടു നിറം.

തവിട്ടിന്റെ പലവിധ ഷേഡുകളാണ് മലയാളി. തവിട്ടില്‍ ഇരുണ്ട ഷേഡുള്ളവരെ നമ്മള്‍ കറുത്തവരെന്നും മറ്റുള്ളവരെ വെളുത്തവരെന്നും വിളിക്കും. എന്നാലും മലയാളികളുടെ വെളുപ്പിനോടുള്ള അഭിനിവേശം കാണണമെങ്കില്‍ മാട്രിമോണിയല്‍ സൈറ്റുകളിലെ പരസ്യങ്ങള്‍ നോക്കണം. കുട്ടി ജനിച്ചെന്നറിയിച്ചാല്‍ വെളുത്തിട്ടാണോ എന്ന് ചോദിക്കുന്ന മലയാളികള്‍ ഇഷ്ടം പോലെയുണ്ട്.

കറുപ്പിനോട് തിരിച്ചും. അത് പ്രത്യേകം പറയേണ്ട കാര്യമില്ല, കറുപ്പന്മാര്‍ എന്ന വാക്ക് തന്നെ പല മലയാളികളും ഉപയോഗിക്കുന്നത് അകറ്റി നിര്‍ത്തേണ്ടവര്‍ എന്ന അര്‍ത്ഥത്തിലാണ്.

അമേരിക്കന്‍ H1B സ്വപ്നം ഏതാണ്ടവസാനിക്കുകയും ഗള്‍ഫ് യുദ്ധ ഭീതിയിലാകുകയും ചെയ്തതോടെ മലയാളികളുടെ സ്വപ്ന ഭൂമിയായി ഇനി യൂറോപ് മാത്രമേ അവശേഷിക്കുന്നുള്ളൂ. വെളുത്തവര്‍ മാത്രമുള്ള ഒരു യൂറോപ്പ്, അതിലേക്ക് കുടിയേറുന്ന തന്റെ മക്കള്‍, അവരൊപ്പം ജീവിക്കുന്ന താനും തന്റെ ഭാര്യയും, അതാണിപ്പോള്‍ ഒരു മധ്യവര്‍ഗ മലയാളി അമ്മാവന്‍ സ്വപ്നം. അയാളുടെ സ്വപ്നത്തില്‍ കറുത്ത ഒരു ആഫ്രിക്കാരന്‍ ഇല്ല. യൂറോപ്പിലേക്ക് കുടിയേറുന്ന ഓരോ കറുത്തവനും അവന്റെ സ്വപ്നത്തിലെ കരടാകുന്നു. ഈ ദുസ്വപ്നങ്ങളാണ് യൂറോപ്പ് തകര്‍ന്നേ എന്ന കൂട്ടകരച്ചിലിന്റെ കാരണം.

എല്ലാ മലയാളികളും ആഫ്രിക്കക്കാരാണ്, എല്ലാ ഇന്ത്യക്കാരും, ചുരുക്കി പറഞ്ഞാല്‍ ഭൂമിയിലുള്ള എല്ലാവരും. ജനറ്റിക്സ് , ആര്‍ക്കിയോളജി, ഡി.എന്‍.എ തുടങ്ങി ശാസ്ത്രത്തിന്റെ എല്ലാ ടെസ്റ്റുകളും പാസ്സായ ഒരു സത്യമുണ്ട്, ഭൂമിയിലെ എല്ലാ മനുഷ്യരും ആഫ്രിക്കയില്‍ നിന്ന് വന്നതാണ്.

ആദിമ മനുഷ്യനെ ആഫ്രിക്കയില്‍ തന്നെ സൃഷ്ടിക്കാന്‍ കാരണം മിക്കവാറും സ്ഥലങ്ങളില്‍ വെള്ളമോ പച്ചപ്പൊ ഇല്ലാത്ത നാടുകളില്‍ നിന്ന് വെള്ളവും പച്ചപ്പും തേടി മനുഷ്യര്‍ പലായനം ചെയ്യുമെന്ന് ദൈവമോ പ്രകൃതിയോ ചിന്തിച്ചത് കൊണ്ടാകും. പല കാലത്ത് പല കാരണങ്ങള്‍ കൊണ്ട് ആഫ്രിക്കയില്‍ നിന്ന് പാലായനം ചെയ്തു ഭൂമി മൂഴുവന്‍ നിറഞ്ഞവരാണ് മലയാളികള്‍ ഉള്‍പ്പടെയുള്ള മനുഷ്യര്‍.

ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് തുടങ്ങി ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ ഇനിയും തുടരാനുള്ള അനന്തമായ യാത്രകള്‍. ഈ പലായനങ്ങള്‍ സ്വിച്ചിട്ട പോലെ 2026 ല്‍ നില്‍ക്കുമെന്ന് മലയാളികള്‍ പ്രതീക്ഷിച്ചിട്ട് കാര്യമൊന്നുമില്ല. അനന്തമായ കാല പ്രവാഹത്തിനിടക്ക് അമ്പതോ അറുപതോ കൊല്ലങ്ങള്‍ കഷ്ടിച്ച് ജീവിച്ചു മരിക്കുന്നവരാണ് നമ്മള്‍.

മൈഗ്രേഷന്‍ കാര്യത്തില്‍ മലയാളികള്‍ക്കുള്ള ദുഃഖം യൂറോപ്യന്‍മാര്‍ക്കില്ല. അവര്‍ക്ക് ഒരു ഇമ്മിഗ്രേഷന്‍ നയമുണ്ട്, അതില്‍ പാര്‍ട്ടികള്‍ക്കനുസരിച്ച് അപ്പപ്പോള്‍ ചെറിയ വ്യത്യാസങ്ങളുണ്ടാകും, നമ്മുടെ ചില അമ്മാവന്മാര്‍ അന്യ സംസ്ഥാന തൊഴിലാളികളെ കുറ്റം പറയുന്ന പോലെ യൂറോപ്പിലെ ചില അമ്മാവന്മാരും അവിടത്തെ കുടിയേറ്റക്കാരെ കുറ്റം പറയും.

എങ്കിലും മൊത്തം ജനത്തിന് അങ്ങനെയൊരു പ്രശ്‌നമില്ല, ഉണ്ടെങ്കില്‍ സര്‍ക്കാരുകള്‍ കുടിയേറ്റം നിര്‍ത്തിയേനെ. അങ്ങനെയില്ലാത്തതിന് കാരണമുണ്ട്, അവിടെ പണിയെടുക്കാനാളില്ല. ഇമ്മിഗ്രന്റ്സ് ഇല്ലെങ്കില്‍ ഇക്കോണമി നിശ്ചലമാകും, ഒരാവേശത്തിന് മെക്‌സിക്കക്കാരെ പുറത്താക്കിയ ടെക്‌സസുകാരുടെ അനുഭവമാകും യൂറോപ്പിന് മൊത്തം. യൂറോപ്പില്‍ നഗരങ്ങളൊഴിച്ചു ബാക്കി സ്ഥലം മൊത്തം കാലിയാണ്. കൃഷിയോ ഫാക്ടറിയോ നടക്കണമെങ്കില്‍ കുടിയേറ്റക്കാര്‍ വരണം.

യൂറോപ്പ് സമ്പന്നമായതിന്റെ കാരണം തന്നെ അധിനിവേശമാണ്. ആഫ്രിക്കയും ഏഷ്യയും മൊത്തമായി കീഴടക്കി, അവിടെയുള്ള സമ്പത്തെല്ലാം യൂറോപ്പില്‍ എത്തിച്ചാണ് ഇപ്പൊ കാണുന്ന യൂറോപ് മൊത്തം ഉണ്ടാക്കിയത്. ഓരോരോ നാട്ടുകാര്‍ അധിനിവേശക്കാരെ അടിച്ചോടിച്ചതിന് ശേഷം യൂറോപ്പില്‍ ഒന്നും ഉണ്ടായിട്ടില്ല, അന്നുണ്ടാക്കിയ സമ്പത്താണ് ഇപ്പോഴും.

സമ്പന്നത നില നിര്‍ത്താന്‍ അമേരിക്കയുടെ മാര്‍ഗമേ യൂറോപ്പിന് മുന്നിലുള്ളൂ, കുടിയേറ്റം. അമേരിക്കയുടെ സമ്പന്നത മുഴുവന്‍ കുടിയേറ്റക്കാരെ കൊണ്ടുണ്ടായതാണ്, അതവര്‍ അംഗീകരിക്കുകയും ചെയ്യും, യൂറോപ്പിന്റെ സമ്പന്നത മുഴുവന്‍ അധിനിവേശം കൊണ്ടുണ്ടായതാണ്, അതവര്‍ അംഗീകരിക്കില്ലെങ്കിലും. ഇനി അമേരിക്കന്‍ മാര്‍ഗമേ യൂറോപ്പിന്റെ മുന്‍പിലുള്ളൂ. അമേരിക്കയിലാണെങ്കില്‍ ഇന്ത്യന്‍ കുടിയേറ്റക്കാരെ പറ്റി കുറ്റം പറയാനെ ഇപ്പോള്‍ അവിടുത്തെ അമ്മാവന്മാര്‍ക്ക് സമയമുള്ളൂ.

മറ്റേതൊരു നാടിനെയും പോലെ കേരളത്തിനും ആവശ്യത്തിന് പ്രശ്‌നങ്ങളുണ്ട്, പഠിച്ചിറങ്ങുന്ന ഒരുത്തനും ഒരു ജോലിയും കിട്ടാനില്ല, ഗ്രാമങ്ങള്‍ മുഴുവന്‍ പ്രായമുള്ളവര്‍ മാത്രമാകുന്നു, അവരെ പരിപാലിക്കാനുള്ള യാതൊരു ഏര്‍പ്പാടും നമ്മളുണ്ടാക്കിയിട്ടില്ല, ചികിത്സ ചിലവ് പിടി വിട്ടു പോകുന്നു, ഒരു രോഗം വന്നാല്‍ കുടുംബം പാപ്പരാകുന്ന അവസ്ഥയാണ്, ഓഹരിയില്‍ നിക്ഷേപിച്ച പണമെല്ലാം ഒലിച്ചു പോയ അവസ്ഥയിലാണ്. അതിനിടയിലാണ് ഇതൊക്കെയുള്ള സമ്പന്നമായ യൂറോപ്പിനെ കുറിച്ച് മലയാളികള്‍ വേവലാതിപ്പെടുന്നത്.

യൂറോപ്പിന്റെ സുന്ദരമായ സംസ്‌കാരം നശിച്ചു പോകുന്നതില്‍ ദുഖിച്ചു ഉറക്കം വരാതെ രാത്രികള്‍ തള്ളി നീക്കുന്ന മലയാളി അമ്മാവന്മാര്‍ക്ക് ഇനി ചെയ്യാനുള്ളത് ഒന്നേയുള്ളൂ, നാടിനെയും നാടിന്റെ സംസ്‌കാരത്തെയും രക്ഷിക്കാന്‍ അതിര്‍ത്തി മുഴുവന്‍ വാളുമെടുത്തു പടനയിച്ച പഴയ നാട്ടു രാജാക്കന്മാരെ പോലെ യൂറോപ്പിന്റെ അതിര്‍ത്തി മുഴുവന്‍ വാളുമായി കാവല്‍ നില്‍ക്കുക, ഏതെങ്കിലും കറുത്തവര്‍ അത് വഴി വന്നാല്‍ ചാടി വീണ് അവരുടെ കഥകഴിക്കുക. വെളുത്തവര്‍ മാത്രമുള്ള യൂറോപ്പ് എന്ന നിങ്ങളുടെ സ്വപ്നങ്ങള്‍ അങ്ങനെ പൂവണിയട്ടെ.

Content Highlight: The Malayali’s European Woes

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

Latest Stories

We use cookies to give you the best possible experience. Learn more